Youth Zone - 2024
അമേരിക്കന്‍ ഭൂഖണ്ഡത്തിന് വേണ്ടി പത്തുലക്ഷം ജപമാലയുമായി 20 രാഷ്ട്രങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍
പ്രവാചക ശബ്ദം 15-12-2020 - Tuesday
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് വേണ്ടി പത്തുലക്ഷം ജപമാല എന്ന മഹത്തായ ലക്ഷ്യത്തിന് വേണ്ടി ഇരുപത് രാഷ്ട്രങ്ങളില്‍ നിന്നുള്ള യുവതീയുവാക്കള്‍ ആരംഭം കുറിച്ചു. പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8ന് ഉദ്ഘാടനം ചെയ്ത “മിഷന്‍ റൊസാരിയോ” അടുത്ത വര്‍ഷം ഏപ്രില്‍ 4 ഈസ്റ്റര്‍ ദിനത്തിലാണ് അവസാനിക്കുക. ഉദ്ഘാടനത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
യു.എസ്, കാനഡ, ചിലി, മെക്സിക്കോ, അര്‍ജന്റീന, ഇക്വഡോര്‍, കൊളംബിയ, ബ്രസീല്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്, എല്‍ സാല്‍വദോര്‍, പെറു, പനാമ, ബൊളീവിയ, കോസ്റ്ററിക്ക, പരാഗ്വേ, ഹോണ്ടുറാസ്, വെനിസ്വേല, ക്യൂബ, ഗ്വാട്ടിമാല, നിക്കരാഗ്വ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള യുവതീയുവാക്കള്‍ ഇതുവരെ 4156 ജപമാലകള്‍ ചൊല്ലിക്കഴിഞ്ഞു. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മുഴുവന്‍ രാജ്യങ്ങളേയും ഒരുമിപ്പിക്കുകയും, സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ജീവനും വേണ്ടി പരിശുദ്ധ ജപമാല രാജ്ഞിയുടെ മാധ്യസ്ഥം അപേക്ഷിക്കുകയുമായാണ് മിഷന്‍ റൊസാരിയോയുടെ ലക്ഷ്യം.
മിഷന്‍ റൊസാരിയോയുടെ പ്രചരണാര്‍ത്ഥം പ്രമോഷണല്‍ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിന്നു. പ്രതീക്ഷ, സ്നേഹം, കാരുണ്യം, സ്വാതന്ത്ര്യം എന്നിവയ്ക്കു യാതൊരു പരിഗണനയുമില്ലാത്ത കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും നാം ജീവിക്കുന്ന ഈ ലോകത്ത് ചില മാറ്റങ്ങള്‍ കൊണ്ടുവരുവാനാണ് തങ്ങള്‍ ഒരുമിച്ചിരിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു. മിഷന്‍ റൊസാരിയോയുടെ ആരംഭം മുതല്‍ അവസാനം വരെ ഓരോ ദിവസവും ഭൂഖണ്ഡത്തിലെ ഓരോ രാജ്യത്തെ നിയോഗംവെച്ചായിരിക്കും ജപമാല ചൊല്ലുക. സമൂഹ മാധ്യമങ്ങളിലൂടെ ജപമാലയുടെ സംപ്രേക്ഷണവും ഒരുക്കുന്നുണ്ട്. മരിയന്‍ ദേവാലയങ്ങളിലൂടെയുള്ള വിര്‍ച്വല്‍ തീര്‍ത്ഥാടനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നു മിഷന്‍ റൊസാരിയോയുടെ വെബ്സൈറ്റില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക