Arts - 2024

ക്രിസ്തുമസ് ആശംസകൾ അനുഗ്രഹപ്രദമാക്കാം: ഓസ്‌ട്രേലിയയിൽ നിന്നുള്ള മലയാളി സമൂഹത്തിന്റെ ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു

പ്രവാചക ശബ്ദം 17-12-2020 - Thursday

സിഡ്നി: ക്രിസ്തുമസ് കാലം ആശംസകളുടെ കാലമാണ്. ക്രിസ്തുമസ് ആശംസകൾ നേരുമ്പോൾ അതിന്റെ യഥാർത്ഥമായ ആത്മീയ അർത്ഥത്തിൽ ആശംസിക്കുവാൻ ഓരോ വിശ്വാസിക്കും കടമയുണ്ട്. അതിനാൽ തന്നെ ഓസ്‌ട്രേലിയയിൽ നിന്നുള്ള മലയാളി സമൂഹത്തിന്റെ ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു. 'മെറി ക്രിസ്മസ്' , 'ഹാപ്പി ക്രിസ്മസ്' തുടങ്ങിയ ആശംസകള്‍ക്ക് പകരം 'ബ്ലസ്ഡ് ക്രിസ്മസ്' എന്ന ആശംസിക്കുവാന്‍ ആഹ്വാനവുമായാണ് ഓസ്‌ട്രേലിയന്‍ മലയാളി സമൂഹം പുതിയ ക്യാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്. തിരക്കുകള്‍ക്കും ആഘോഷങ്ങള്‍ക്കും ഇടയില്‍ ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നഷ്ട്ടപ്പെടുന്നുണ്ടെന്നും ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ജനനമാണ് ക്രിസ്തുമസ് എന്ന സത്യം പലരും അറിയാതെ വിസ്മരിച്ചുകളയുകയാണെന്നും സംഘാടകര്‍ പറയുന്നു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് പ്രവാസി മലയാളികളുടെ ക്യാംപെയിന്‍.

ഇതോടൊപ്പം കര്‍ത്താവിന്റെ കുരിശിലെ ബലിയ്ക്ക് രണ്ടായിരം വര്‍ഷം തികയുന്ന 2033-ല്‍ എല്ലാ ക്രൈസ്തവരും സംപൂര്‍ണ്ണ ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക വാട്സാപ്പ് ഗ്രൂപ്പും ഇവര്‍ ക്രമീകരിച്ചിട്ടുണ്ട്. സമ്പൂർണ്ണ ബൈബിൾ വായനാ ചാർട്ട്, അധ്യായങ്ങൾ വായിക്കുന്നതിനെക്കുറിച്ചുള്ള ദൈനംദിന ഓർമ്മപ്പെടുത്തലുകൾ, ബൈബിൾ വായനയുടെ തുടക്കത്തിലും അമ്പതാം ദിവസവും വൈദീകരില്‍ നിന്നുള്ള പ്രത്യേക സന്ദേശവും ആശീര്‍വ്വാദവും, മലയാളത്തിലെയും ഇംഗ്ലീഷിലെയും എല്ലാ പഴയനിയമ പുസ്തകങ്ങളുടെയും ഓഡിയോ സംഗ്രഹം തുടങ്ങീ ശ്രദ്ധേയമായ നിരവധി കാര്യങ്ങള്‍ ഇവര്‍ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ക്രമീകരിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ സിഡ്‌നി കേന്ദ്രീകരിച്ചു വൈദികരുടെ സഹായത്തോടെ ആരംഭിച്ച ഗ്രൂപ്പില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അംഗങ്ങളാണെന്നത് ശ്രദ്ധേയമാണ്.

* മാത്യൂ ജോസഫ്- +61481148865 (ഈ ക്യാംപെയിനിന്റെ ഭാഗമായ വീഡിയോ ലഭിക്കുന്നതിനും സ്ക്രിപ്ച്ചർ ഗ്രൂപ്പിൽ അംഗമാകുന്നതിനും ഈ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്)


Related Articles »