Arts - 2025
ലെഗോ കട്ടകള്‍ ഉപയോഗിച്ച് ആദ്യമായി വത്തിക്കാന്‍ സിറ്റിയുടെ ചെറുപതിപ്പ്: കൗതുകം തീര്‍ത്തത് ചിക്കാഗോ സ്വദേശി
പ്രവാചക ശബ്ദം 05-01-2021 - Tuesday
ചിക്കാഗോ; പരിശുദ്ധ കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ സിറ്റിയുടെ ലെഗോ പതിപ്പ് കാഴ്ചക്കാര്‍ക്കിടയില്‍ വിസ്മയമാകുന്നു. ചിക്കാഗോ സ്വദേശിയായ ലെഗോ കലാകാരന്‍ റോക്കോ ബട്ട്ളിയറാണ് വത്തിക്കാന്‍ സിറ്റിയുടെ പൂര്‍ണ്ണ ലെഗോ പതിപ്പ് നിര്‍മ്മിക്കുന്ന ലോകത്തെ ആദ്യ വ്യക്തി എന്ന ഖ്യാതി നേടിയിരിക്കുന്നത്. 67,000 ലെഗോ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് ബട്ട്ളിയര്‍ വത്തിക്കാന്‍ സിറ്റിയുടെ ചെറു പതിപ്പ് നിര്‍മ്മിച്ചത്. 2015ലെ പാപ്പയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പെന്‍സില്‍വാനിയ സ്വദേശിയായ ഒരു കത്തോലിക്കാ വൈദികന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിന്റെ മാതൃക നിര്‍മ്മിച്ചുവെങ്കിലും ഇതാദ്യമായാണ് മുഴുവന്‍ വത്തിക്കാന്‍ സിറ്റിയുടേയും ലെഗോ മാതൃക നിര്‍മ്മിക്കപ്പെടുന്നത്.
70 ദിവസങ്ങളിലായി 500 മണിക്കൂറിലധികമെടുത്താണ് ബട്ട്ളിയര്‍ വത്തിക്കാന്‍ സിറ്റിയുടെ രൂപകല്‍പ്പനയും മാതൃകയും നിര്‍മ്മിച്ചത്. ഇത് കൂട്ടിച്ചേര്‍ക്കുന്നതിനായി 28 ദിവസങ്ങളിലായി 300 മണിക്കൂറുകള്‍ പിന്നേയും ചെലവിട്ടു. 1 മുതല്‍ 650 തോതില്‍ നിര്‍മ്മിച്ചിരിക്കുന്ന വത്തിക്കാന്‍ മിനിപതിപ്പിന്റെ നിര്‍മ്മാണത്തില്‍ ആയിരത്തിമുന്നൂറോളം പ്രത്യേകം നിര്‍മ്മിച്ച ലെഗോ ബ്ലോക്കുകളും ഉപയോഗിച്ചിട്ടുണ്ട്. സാധാരണ പിങ്ങ്പോങ്ങ് ടേബിളില്‍ നിര്‍മ്മിച്ചിരിക്കുന്ന വത്തിക്കാന്‍ സിറ്റി ഏതാണ്ട് 24.5 ചതുരശ്രമീറ്ററില്‍ (4.3 അടി x 5.6 അടി) അളവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വത്തിക്കാന്‍ സിറ്റിയുടെ സവിശേഷ പൈതൃകമാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തനിക്ക് പ്രചോദനമായതെന്നു ബട്ട്ളിയര്‍ പറയുന്നു.
വത്തിക്കാന്‍ സിറ്റിക്ക് പുറമേ, പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ ചെറുപതിപ്പും, 2019-ല്‍ റോമാനഗരത്തിന്റെ ലെഗോ പതിപ്പും നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഒരു രാജ്യത്തെ പൂര്‍ണ്ണമായി പുനസൃഷ്ടിക്കുന്നത് ഇതാദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് 2019 നവംബറില്‍ റോമിലേക്കും, വത്തിക്കാനിലേക്കും നടത്തിയ യാത്രയിലാണ് വത്തിക്കാന്‍ സിറ്റിയുടെ ലെഗോ പതിപ്പ് നിര്‍മ്മിക്കണമെന്ന ആഗ്രഹം ബട്ട്ളിയര്‍ക്കുണ്ടായത്. കമ്പ്യൂട്ടര്‍ ഡിസൈന്‍ പ്രോഗ്രാമ്മുകളും, ത്രീഡി മാതൃകകളും, ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ചാണ് വത്തിക്കാന്‍ സിറ്റിയുടെ രൂപകല്‍പ്പന തയ്യാറാക്കിയത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയാണ് നിര്‍മ്മാണത്തിന്റെ കേന്ദ്രബിന്ദു. ബസിലിക്കയുടെ മകുടവും, പോള്‍ ആറാമന്‍ ഹാളും, പാപ്പ പൊതു അഭിസംബോധന നടത്തുന്ന ജാലകവും ചെറുപതിപ്പിലും വ്യക്തമാണ്. ലീഗോ മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ 10 വര്‍ഷത്തെ പരിചയമുള്ള വ്യക്തിയാണ് ബട്ട്ളിയര്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക