Seasonal Reflections - 2024

യൗസേപ്പിന്‍റെ സ്വർഗ്ഗീയ മധ്യസ്ഥതയുടെ സ്നേഹിതൻ: വിശുദ്ധ ഫ്രാൻസീസ് ദി സാലസ്

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 24-01-2021 - Sunday

ജനുവരി 24 സഭയിലെ വേദപാരംഗതനും ജനേവാ രൂപതയിലെ മെത്രാനുമായിരുന്ന വിശുദ്ധ ഫ്രാൻസീസ് ദി സാലസിന്‍റെ തിരുനാൾ ദിനമാണ്. വിശുദ്ധ യൗസേപ്പിതാവിൻ്റെ വിശ്വസ്തനായ ഒരു ഭക്തൻ മാത്രമായിരുന്നില്ല ഫ്രാൻസീസ് പുണ്യവാൻ, ആ ഭക്തിയുടെ തീക്ഷ്ണമതിയായ ഒരു പ്രചാരകനുമായിരുന്നു. ഫ്രാൻസീസ് സ്ഥാപിച്ച വിസിറ്റേഷൻ സന്യാസിനി സമൂഹത്തിൻ്റെ(Order of the Visitation) പ്രത്യേക മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ആന്തരിക ജീവിതത്തിൻ്റെയും ധ്യാനയോഗ പ്രാർത്ഥനയുടെയും മാതൃകയായി വിശുദ്ധ യൗസേപ്പിനെയാണ് തൻ്റെ ആത്മീയ പുത്രിമാർക്ക് ഫ്രാൻസീസ് നൽകിയത്. നവ സന്യാസ ഭവനത്തിലെ യഥാർത്ഥ ഗുരു യൗസേപ്പായിരിക്കണം എന്നു പ്രത്യേകം നിഷ്കർഷിച്ചിരുന്നു.

1622 ൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ പുണ്യങ്ങളെ കുറിച്ച് (“The Virtues of St. Joseph” ) ഫ്രാൻസീസ് നടത്തിയ പ്രഭാഷണത്തിൽ “വിശുദ്ധ യൗസേപ്പിതാവിൻ്റെ സര്‍വ്വശക്തിയുള്ള മധ്യസ്ഥതയുടെ ശക്തിയെപ്പറ്റിയാണ് പ്രധാനമായും പ്രതിപാദിച്ചത്: “സ്വർഗ്ഗത്തിൽ ഈ വലിയ വിശുദ്ധനുള്ള മഹത്തായ സ്വാധീനം സംശയിക്കാൻ പോലും നമുക്കു കഴിയുകയില്ല… അവൻ്റെ വിശുദ്ധമായ മധ്യസ്ഥതയുടെ ഭാഗഭാക്കാകാൻ കഴിഞ്ഞെങ്കിൽ നമ്മൾ എത്ര ഭാഗ്യവാന്മാരാണ്. അവൻ വഴി അപേക്ഷിക്കുന്നതൊന്നും പരിശുദ്ധ മറിയമോ അവളുടെ അത്യുന്നതനായ പുത്രനോ നിരസിക്കുകയില്ല. അവൻ്റെ മധ്യസ്ഥതയിൽ ശരണപ്പെട്ടാൽ എല്ലാ പുണ്യങ്ങളിലും നമുക്കു വളർച്ചയുണ്ടാകും, പ്രത്യേകിച്ച് മറ്റുള്ളവരെക്കാൾ ഉയർന്ന തോതിൽ അവൻ സ്വന്തമാക്കിയിരിക്കുന്നവ- : ശരീരത്തിൻ്റെയും മനസ്സിൻ്റയും നിർമ്മലത, ഏറ്റവും സ്നേഹജന്യമായ എളിമ, സ്ഥിരത, ധൈര്യം, സ്ഥിരോത്സാഹം- എന്നിവ -. "

വിശുദ്ധ ഫ്രാൻസീസ് ദി സാലസിൻ്റെ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ഇന്നേ ദിവസം നമുക്കു ജപിക്കാം. ‍

മഹത്വമുള്ള വിശുദ്ധ യൗസേപ്പേ, മറിയത്തിൻ്റെ ജീവിത പങ്കാളിയേ, ഈശോയുടെ തിരുഹൃദയത്തിലൂടെ നിൻ്റെ പൈതൃക സംരക്ഷണം ഞങ്ങൾക്കു നൽകണമെന്നു ഞങ്ങൾ നിന്നോട് അപേക്ഷിക്കുന്നു. ഓ നിൻ്റെ അനന്തമായ ശക്തി, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും സഹായത്തിനെത്തുന്നു. ഞങ്ങളുടെ അസാധ്യതകളെ സാധ്യതകളാക്കുന്നു, പിതൃതുല്യമായ വാത്സല്യത്തോടെ നിന്റെ മക്കളായ ഞങ്ങളുടെ ആശങ്കകളെ നോക്കണമേ. ഞങ്ങളെ അലട്ടുന്ന കഷ്ടതകളിലും ദുഃഖങ്ങളിലും നിന്നിൽ അഭയം തേടാൻ ഞങ്ങൾക്കു ആത്മവിശ്വാസമുണ്ട്. നിന്റെ സ്നേഹപൂർവമായ സംരക്ഷണത്തിൽ ഞങ്ങളുടെ വേവലാതികൾക്കും ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധിമുട്ടുള്ളതുമായ , ഞങ്ങളുടെ ആകുലതകൾക്കു പരിഹാരം നൽകണമേ. ആമ്മേൻ.


Related Articles »