Seasonal Reflections - 2024
ജോസഫ് - പരിധികളില്ലാതെ സഹായിക്കുന്നവൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 28-01-2021 - Thursday
സഭാപണ്ഡിതനായ വിശുദ്ധ തോമസ് അക്വീനാസിന്റെ തിരുനാൾ ദിനമാണിന്ന് (ജനുവരി 28). യൗസേപ്പിതാവിന്റെ ശക്തമായ മാധ്യസ്ഥശക്തിയിൽ വിശ്വസിച്ചിരുന്ന വിശുദ്ധൻ ഏതാവശ്യത്തിലും നമുക്കു സമീപിക്കാൻ പറ്റുന്ന സഹായകനായാണ് യൗസേപ്പിനെ അവതരിപ്പിക്കുന്നത്. ഭൂമിയിലുള്ള മക്കളെ സഹായിക്കാൻ സ്വർഗ്ഗത്തിൽ അധികാരമുള്ള വിശുദ്ധൻ. ദൈവപുത്രന്‍റെ വളർത്തു പിതാവിനു സ്വർഗ്ഗം ചാർത്തി നൽകിയ അംഗീകാരമാണത്.
വിശുദ്ധ യൗസേപ്പിതാവിൻ്റെ മധ്യസ്ഥതയെപ്പറ്റി വിശുദ്ധ അക്വീനാസ് വിശ്വാസികളെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “ചില വിശുദ്ധന്മാർ അവരുടെ മാധ്യസ്ഥ്യം ചില പ്രത്യേക കാര്യങ്ങളുടെ ഫലപ്രാപ്തിക്കായി നമുക്കു നൽകാറുണ്ട്, പക്ഷേ എല്ലാ കാര്യങ്ങളിലും അങ്ങനെയായിരിക്കില്ല. എന്നാൽ നമ്മുടെ വിശുദ്ധ മധ്യസ്ഥനായ യൗസേപ്പിതാവിനു നമ്മുടെ എല്ലാ സാഹചര്യങ്ങളിലും, എല്ലാ ആവശ്യങ്ങളിലും, എല്ലാ കാര്യങ്ങളിലും നമ്മളെ സഹായിക്കാൻ അധികാരമുണ്ട്."
മറ്റൊരവസരത്തിൽ പരിധികളില്ലാതെ സഹായിക്കാൻ കഴിയുന്ന യൗസേപ്പിതാവിനെപ്പറ്റി അക്വീനാസ് പഠിപ്പിക്കുന്നു: “ജീവിതത്തിന്റെ ആവശ്യകതകളിൽ നമ്മളെ സഹായിക്കാൻ ദൈവം അധികാരം നൽകിയിട്ടുള്ള അനേകം വിശുദ്ധന്മാരുണ്ട്, പക്ഷേ വിശുദ്ധ യൗസേപ്പിന് നൽകിയിട്ടുള്ള അധികാരം പരിധിയില്ലാത്തതാണ്, അതു നമ്മുടെ എല്ലാ ആവശ്യങ്ങളിലേക്കും വ്യാപിക്കുന്നു. ആത്മവിശ്വാസത്തോടെ അവനെ വിളിക്കുന്നവരെയെല്ലാം അവൻ കേൾക്കുമെന്ന കാര്യം ഉറപ്പാണ്. ” പരിധികളും അളവുകളുമില്ലാതെ മനുഷ്യവംശത്തെ സഹായിക്കാൻ സ്വർഗ്ഗം അധികാരം നൽകിയിരിക്കുന്ന യൗസേപ്പിതാവിനോടു നമുക്കും കൂട്ടുകൂടാം.