News - 2025
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുവാന്‍ ശ്രമം;മെക്‌സിക്കോയില്‍ വന്‍ പ്രതിഷേധം
സ്വന്തം ലേഖകന്‍ 30-05-2016 - Monday
മെക്‌സികോ സിറ്റി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുവാനുള്ള മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍റിക് പെന നിറ്റോയുടെ തീരുമാനത്തിനെതിരേ രാജ്യത്ത് വന്‍ പ്രതിഷേധം. 'നാഷണല്‍ ഫ്രണ്ട് ഫോര്‍ ദ ഫാമിലി' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആയിരത്തോളം പൗരാവകാശ സംഘടനകള്‍ ജനവികാരം അലയടിച്ച പ്രതിഷേധം സംഘടിപ്പിച്ചത്. മെക്‌സിക്കോയിലെ 27 സംസ്ഥാനങ്ങളിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുമെന്നാണ് പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്. ഇതിനിടെ പ്രസിഡന്റ് എന്റിക്കു പെന നിറ്റോയുടെ പാര്‍ട്ടിയായ 'പിആര്‍ഐക്ക്' പ്രതിഷേധക്കാര്‍ സ്വവര്‍ഗവിവാഹം തടയണമെന്ന് ആവശ്യപ്പെടുന്ന കത്ത് നല്‍കി.
"ഞങ്ങളുടെ മക്കളിലേക്കു കുടുംബം എന്ന പവിത്രമായ ദൈവീക പദ്ധതി കൈമാറുവാന്‍ ഞങ്ങള്‍ക്ക് അവകാശം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് നടപ്പിലാക്കുവാന്‍ പോകുന്ന ഈ നിയമം മാതാപിതാക്കളുടെ അവകാശത്തെ ലംഘിക്കുന്ന ഒന്നാണ്. കുട്ടികളുടെ അവകാശങ്ങളും ഇതിലൂടെ അട്ടിമറിക്കപ്പെടുന്നു. സര്‍ക്കാര്‍ സംവിധാനം കുട്ടികളെ തെറ്റായ വിദ്യാഭ്യാസത്തിലേക്കാണു നയിക്കുന്നത്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം" നാഷണല്‍ ഫ്രണ്ട് ഫോര്‍ ദ ഫാമിലി പ്രസിഡന്റ് കൊണ്‍സ്യൂലോ മെന്‍ഡോസ പറഞ്ഞു. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്നതോടൊപ്പം രാജ്യത്ത് എല്ലായിടത്തും, പ്രത്യേകിച്ച് സ്‌കൂളുകളില്‍ സ്വവര്‍ഗ വിവാഹത്തിനു പ്രധാന്യം നല്‍കണമെന്ന തരത്തിലൂള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുവാനും പ്രസിഡന്റ് പദ്ധതിയിടുന്നുണ്ട്.
കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഉണ്ടാകണമെന്ന അവകാശത്തെയും മാതാപിതാക്കള്‍ക്ക് കുട്ടികള്‍ വേണമെന്ന അവകാശത്തെയും പുതിയ നിയമം ചോദ്യം ചെയ്യുന്നതായും പ്രതിഷേധക്കാര്‍ പിആര്‍ഐ പാര്‍ട്ടിക്കു നല്‍കിയ കത്തില്‍ പറയുന്നു. ലക്ഷകണക്കിനു വരുന്ന മെക്‌സിക്കന്‍ കുടുംബങ്ങളുടെ വികാരം മാനിക്കുന്ന തീരുമാനത്തിനൊപ്പം പാര്‍ട്ടി നിലകൊള്ളുമോ എന്ന കാര്യം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാര്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം വന്‍ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതിഷേധത്തെ അനുകൂലിക്കുന്ന തരം സന്ദേശങ്ങള്‍ മെക്‌സിക്കന്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. #DefendemosLaFamilia (വീ ഡിഫന്‍ഡ് ദ ഫാമിലി) എന്ന ഹാഷ് ടാഗ് ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ദൈവത്തിന്റെ പദ്ധതിക്കെതിരായ നിയമം എന്തു വിലകൊടുത്തും നേരിടുമെന്ന പ്രതിജ്ഞ എടുത്തിരിക്കുകയാണ് മെക്‌സിക്കന്‍ ജനത.