News - 2025
45 വര്‍ഷത്തിനു ശേഷം ഡൊമിനിക്കന്‍ സഭയില്‍ നിന്ന്‍ 11 വൈദികര്‍ ഒരേ വേദിയില്‍ അഭിഷിക്തരായി
സ്വന്തം ലേഖകന്‍ 26-05-2016 - Thursday
വാഷിംഗ്ടണ്‍: 45 വര്‍ഷത്തിനു ശേഷം ഡൊമിനിക്കന്‍ വൈദിക സമൂഹത്തില്‍ നിന്ന്‍ 11 വൈദികര്‍ ഒരേ വേദിയില്‍ അഭിഷിക്തരായി. നാഷണല്‍ ഇമാക്യൂലേറ്റ് ദേവാലയത്തിലാണ് ചടങ്ങുകള്‍ നടന്നത്. നവാഭിഷിക്തരായ 11 വൈദികരും 20നും 30നും ഇടയില്‍ മാത്രം പ്രായമുള്ള യുവാക്കളാണെന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ടായിരുന്നു. ഇത്രയും വൈദികരെ ഒരുമിച്ച് അഭിഷേകം ചെയ്ത ചടങ്ങ് വീക്ഷിക്കുവാന്‍ ആറായിരത്തോളം ആളുകളാണ് എത്തിയത്.
തിരുപട്ട ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കിയത് ആര്‍ച്ച് ബിഷപ്പ് ആഗസ്റ്റിന്‍ ഡീ നോയായാണ്. ഡൊമിനിക്കന്‍ സമൂഹത്തില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ആഗസ്റ്റിന്‍ ഡീ നോയ വത്തിക്കാനില്‍ വിശ്വാസ സമിതിയുടെ ചുമതലകള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ അധ്യക്ഷനാണ്.
"വൈദികരാകുന്നതു ക്രിസ്തുവിന്റെ വിളി ലഭിച്ചവര്‍ മാത്രമാണ്. പൗരോഹിത്യത്തിലൂടെ ലഭിക്കുന്ന കൃപകള്‍ പലതാണ്. ക്രിസ്തുവിന്റെ ശരീര രക്തങ്ങള്‍ ദിനവും കൈയില്‍ എടുക്കുവാനുള്ള ഭാഗ്യം നമുക്ക് ലഭിച്ചിരിക്കുന്നു. മറ്റു മനുഷ്യര്‍ക്കു ലഭിക്കാത്ത ഒരു ഭാഗ്യം നല്‍കി ദൈവപിതാവ് നമ്മേ അനുഗ്രഹിച്ചിരിക്കുകയാണ്". ബിഷപ്പ് ആഗസ്റ്റിന്‍ ഡീ നോയ പറഞ്ഞു.
800 വര്‍ഷത്തോളം പഴക്കമുള്ള വൈദിക സമൂഹമാണു ഡൊമിനിക്കന്‍ സഭ.വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ആഗസ്റ്റ് എട്ടാം തീയതി 16 ചെറുപ്പക്കാര്‍ കൂടി വൈദികരാകുവാന്‍ സന്യാസ സമൂഹത്തിലേക്ക് ചേരുന്നുണ്ട്. നിലവില്‍ 69 പേരാണ് ഇപ്പോള്‍ വൈദിക സമൂഹത്തില്‍ പഠനം നടത്തുന്നത്. യുഎസില്‍ തന്നെ നാലു ഡൊമിനിക്കന്‍ പ്രോവിന്‍സ് നിലവിലുണ്ട്. കഴിഞ്ഞ ദിവസം ചൈനയില്‍ മാതാവിന്റെ തീരുനാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് 11 പേര്‍ ഒരേ വേദിയില്‍ തിരുപട്ടം സ്വീകരിച്ചിരിന്നു.