Seasonal Reflections - 2024
യൗസേപ്പിനോടു പറയുക, എല്ലാം ശരിയാകും
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 08-02-2021 - Monday
വിശ്വാസികളായ ക്രൈസ്തവരുടെ വലിയ പ്രതീക്ഷയും പ്രത്യാശമാണ് വിശുദ്ധ യൗസേപ്പിതാവ്. ഫ്രാൻസീസ് മാർപാപ്പ തൻ്റെ ഔദ്യോഗിക സ്ഥാനാരോഹണത്തിനായി തിരഞ്ഞെടുത്ത ദിവസം വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനമായിരുന്നു ( 2013 മാർച്ച് 19 ) അന്നേ ദിവസത്തിലെ വചന സന്ദേശത്തിൽ യൗസേപ്പിതാവ് ഈശോയുടെയും മറിയത്തിൻ്റെയും സഭയുടെയും സംരക്ഷകൻ എന്ന നിലയിലുള്ള തൻ്റെ വിളിയോട് എങ്ങനെ പ്രത്യുത്തരിച്ചു എന്നതിനു ഉത്തരം നൽകുന്നുണ്ട്.
മൂന്നു കാര്യങ്ങളാണ് ഫ്രാൻസീസ് പാപ്പ ചൂണ്ടികാട്ടിയത്: ഒന്നാമതായി ജോസഫ് ദൈവത്തോട് നിരന്തരം ശ്രദ്ധാലുവായിരുന്നു, രണ്ടാമതായി ദൈവസാന്നിധ്യത്തിൻ്റെ അടയാളങ്ങളോട് തുറവി കാട്ടി, മൂന്നാമതായി സ്വന്തം പദ്ധതികളെക്കാൾ ദൈവത്തിൻ്റെ പദ്ധതികൾ അംഗീകരിച്ചു. ദൈവത്തിൻ്റെ ശബ്ദം കേൾക്കാനും അവൻ്റെ ഹിതത്താൽ നയിക്കപ്പെടാനും കഴിവുള്ളവനായതിനാൽ യൗസേപ്പ് നല്ലൊരു "സംരക്ഷകനാണന്നും " ഇക്കാരണം കൊണ്ടു തന്നെ സംരക്ഷണ ചുമതല ഏല്പിച്ച വ്യക്തികളോട് അവനു സൂക്ഷ്‌മസംവേദനക്ഷമതയോടെ പ്രതികരിക്കാൻ കഴിയും എന്നും പാപ്പ പഠിപ്പിക്കുന്നു.
യൗസേപ്പിതാവ് യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ നോക്കികണ്ടതിനാലും ജിവിച്ച സാഹചര്യങ്ങളോടു നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതിനാലും ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും വിജയം കണ്ടു. ഭൂമിയിൽ യൗസേപ്പിതാവിനുണ്ടായിരുന്ന മഹനീയ സ്ഥാനം സ്വർഗ്ഗത്തിലും പിതാവായ ദൈവം നൽകി. ആയതിനാൽ മനുഷ്യവംശത്തിൻ്റെ ഏതാവശ്യങ്ങളും യൗസേപ്പിതാവിനോടു സംസാരിക്കുക തീർച്ചയായും ഉത്തരം ലഭിക്കും.