Seasonal Reflections - 2024

ജോസഫ് - ദിവ്യകാരുണ്യ ആരാധനയുടെ ആദ്യരൂപം

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 09-02-2021 - Tuesday

യൗസേപ്പിതാവിനെ ദിവ്യകാരുണ്യ ആരാധനയുടെ ആദ്യരൂപമാണ്. ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനെ കരങ്ങളിൽ വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. ദൈവപുത്രനെ കരങ്ങളിൽ എടുത്തു മുഖാഭിമുഖം കണ്ടപ്പോൾ തീർച്ചയായും ആ മനസ്സിൽ ആരാധനയും സ്തുതിയും ഉയർന്നിരിക്കണം. ദിവ്യകാരുണ്യ ഭക്തിയുടെ അപ്പസ്തോലനെന്നറിയപ്പെടുന്ന വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ് ഈ സന്ദർഭത്തെ ഏറ്റവും മഹത്തരമായ ആരാധനയായി കണക്കാക്കുന്നു: " യൗസേപ്പിതാവ് ഉണ്ണിയേശുവിനെ കൈകളിൽ എടുത്തപ്പോഴെല്ലാം, സ്നേഹത്തിൻ്റെ വിശ്വാസ പ്രകരണങ്ങൾ നിരന്തരം അവൻ്റെ ഹൃദയത്തിൽ ഉയർന്നു. സ്വർഗ്ഗത്തിൽ നമ്മുടെ കർത്താവ് സ്വീകരിക്കുന്ന ആരാധനയെക്കാൾ അവിടുത്തെ പ്രസാദിപ്പിച്ച ആരാധനയായിരുന്നു ഇത്. ഒരാത്മാവ് എത്ര പരിശുദ്ധവും ലളിതവുമാകുന്നുവോ അത്രമാത്രം മഹത്തരമായിരിക്കും അതിൻ്റെ സ്നേഹവും ആരാധനയും.

നിങ്ങൾ അൾത്താരയിൽ സന്നിഹിതമായിരിക്കുന്ന വചനമായ ഉണ്ണിശോയെ ആരാധിക്കുക, നിങ്ങൾ എന്തുതന്നെ ചെയ്താലും, നിങ്ങളുടെ ആരാധന ഒരിക്കലും വിശുദ്ധ യൗസേപ്പിതാവിൻ്റെ ആരാധനക്കു തുല്യമാവുകയില്ല. അതിനാൽ അവൻ്റെ യോഗ്യതകളോടു നമുക്കു ചേരാം. ദൈവത്തെ സ്നേഹിക്കുന്ന ഒരു ആത്മാവ് എല്ലാം സ്നേഹത്തിൽ അവനർപ്പിക്കുകയും ദൈവം ആ ആത്മാവിനെ ശ്രവിക്കുകയും ചെയ്യുന്നു."

വിശുദ്ധ കുർബാനയുടെ മുമ്പിൽ നിൽക്കുമ്പോൾ വിശുദ്ധ യൗസേപ്പിതാവിനെ നമ്മുടെ കൂടെ നിർത്താം. ഏറ്റവും പരിശുദ്ധനും എളിയവനുമായ യൗസേപ്പിതാവിൻ്റെ സാന്നിധ്യം നമ്മുടെ വിശുദ്ധ ബലി അർപ്പണങ്ങളെയും ദിവ്യകാരുണ്യ ആരാധനകളെയും കൂടുതൽ യോഗ്യമാക്കും.


Related Articles »