India - 2024
മാര്‍ മാത്യു അറയ്ക്കല്‍ ക്രാന്തദര്‍ശിയായ ഇടയന്‍: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
പ്രവാചക ശബ്ദം 10-02-2021 - Wednesday
കാഞ്ഞിരപ്പള്ളി: കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞു സമൂഹത്തിലും സഭയിലും ഇടപെടലുകള്‍ നടത്തിയ ക്രാന്തദര്‍ശിയായ ഇടയനാണു മാര്‍ മാത്യു അറയ്ക്കലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാര്‍ മാത്യു അറയ്ക്കലിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി, മെത്രാഭിഷേകത്തിന്റെ ഇരുപതാം വാര്‍ഷികം എന്നിവയോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അജപാലനശുശ്രൂഷ ഫലപ്രദമാകത്തക്കവിധത്തില്‍ പുതിയ അജപാലനമേഖലകള്‍ കണ്ടത്തുവാനും സുചിന്തിതമായ അജപാലനപദ്ധതികളിലൂടെ സാമൂഹിക, രാഷ്ട്രീയ മേഖലകളെ ചേര്‍ത്തുനിര്‍ത്തുന്ന സംയോജിത പ്രവര്‍ത്തനശൈലിയുടെ മാതൃക നല്‍കുവാനും മാര്‍ മാത്യു അറയ്ക്കലിനു കഴിഞ്ഞുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മഹാജൂബിലി ഹാളില്‍ നടന്ന അനുമോദനസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സ്വാഗതം ആശംസിച്ചു. ദീര്‍ഘവീക്ഷണമുള്ള മാര്‍ മാത്യു അറയ്ക്കലിന്റെ അജപാലനശൈലി രൂപതയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മുതല്‍ക്കൂട്ടാണെന്നു മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മെത്രാഭിഷേകത്തിന്റെ രജതജൂബിലിവര്‍ഷത്തിലായിരിക്കുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാര്‍ ജോസ് പുളിക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു. മാര്‍ മാത്യു അറയ്ക്കലിനെയും അദ്ദേഹത്തോടൊപ്പം പൗരോഹിത്യ സ്വീകരണ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഫാ. ആന്റണി കൊച്ചാങ്കല്‍, ഫാ. ജോയി ചിറ്റൂര്‍ എന്നിവരെയും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പൊന്നാടയണിയിച്ചു.
പ്രത്യാശ പകരുകയും തണലേകുകയും ചെയ്യുന്ന അജപാലന ശൈലിയുടെ ഉടമയാണു മാര്‍ മാത്യു അറയ്ക്കലെന്നു ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ആശംസാപ്രസംഗത്തില്‍ പറഞ്ഞു. നന്‍മയുള്ള സമൂഹത്തിനു നല്ല വിദ്യാഭ്യാസം അത്യാവശ്യമെന്നുകണ്ടു പദ്ധതികള്‍ വിഭാവനം ചെയ്തയാളാണു പിതാവെന്ന്, മാര്‍ മാത്യു അറയ്ക്കല്‍ പൗരോഹിത്യ സുവര്‍ണ ജൂബിലി സ്മാരക എന്‍ഡോവ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡോമിനിക് അയിലൂപ്പറന്പിലിനു നല്‍കിക്കൊണ്ട് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.
അല്മായരെ ശക്തിപ്പെടുത്തി നല്ല വിശ്വാസസമൂഹത്തിനു രൂപം നല്‍കുന്നതിനു മാതൃക നല്‍കുകയും ആരാധനക്രമ ചൈതന്യത്തോട് വിശ്വസ്തനായിരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണു മാര്‍ മാത്യു അറയ്ക്കലെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരിച്ചു. ഓസ്ട്രിയയിലെ ഐസന്‍സ്റ്റാറ്റ് ബിഷപ്പ് ഡോ. എജീദിയൂസ് ജെ സിഫ്‌കോവിച്ചിന്റെ ആശംസ രൂപത ജുഡീഷല്‍ വികാര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കല്‍ വായിച്ചു. കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസിസമൂഹവും സഭയും പൊതുസമൂഹവും നല്‍കിയ പിന്തുണയ്ക്കു നന്ദിയറിയിക്കുന്നതായി മാര്‍ മാത്യു അറയ്ക്കല്‍ മറുപടി സന്ദേശത്തില്‍ പറഞ്ഞു. മാര്‍ മാത്യു അറയ്ക്കലിനുള്ള രൂപതയുടെ സ്‌നേഹോപഹാരം രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം മാര്‍ ജോസ് പുളിക്കലിനോടു ചേര്‍ന്നു സമര്‍പ്പിച്ചു. വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ നന്ദിയര്‍പ്പിച്ചു.
സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രനെ പ്രതിനിധീകരിച്ചു തക്കല രൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് പവ്വത്തുപറന്പില്‍, രൂപതയിലെ സന്യാസീസന്യാസിനി പ്രതിനിധികള്‍, വൈദികര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള അല്മായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു യോഗത്തില്‍ പങ്കുചേര്‍ന്നു. വികാരി ജനറാള്‍മാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ.ഡോ. കുര്യന്‍ താമരശേരി, പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.