News
ജൂണ്‍ ഒന്നിന് സിറിയയിലെ കുട്ടികള്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കും; കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം
സ്വന്തം ലേഖകന്‍ 30-05-2016 - Monday
വത്തിക്കാന്‍: ആഭ്യന്തര യുദ്ധം മൂലം ദുരിതം അനുഭവിക്കുന്ന സിറിയയിലെ കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ജൂണ്‍ ഒന്നാം തീയതി മാറ്റി വയ്ക്കുവാന്‍ സിറിയന്‍ സഭയുടെ ഐക്യകണ്ഠ തീരുമാനം. സിറിയന്‍ കത്തോലിക്ക സഭയും സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയും സംയുക്തമായിട്ടാണ് ജൂണ്‍ ഒന്നാം തീയതി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുവാനായി തീരുമാനിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ അന്താരാഷ്ട്ര ദിനമായ ജൂണ്‍ 1നു ലോകമെമ്പാടുമുള്ള കുട്ടികള്‍ സിറിയയിലെ തങ്ങളുടെ കൂട്ടുകാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. ദമാസ്‌കസ്, അലപ്പോ, ഹോംസ്, ടാര്‍ടസ് തുടങ്ങിയ നഗരങ്ങളിലൂടെ ജൂണ്‍ ഒന്നിനു കുട്ടികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം റാലിയും നടത്തുന്നുണ്ട്.
"ലോകം കുട്ടികളുടെ ദിനമായി ആചരിക്കുന്ന ജൂണ്‍ ഒന്നാം തീയതി സിറിയയിലെ ക്രൈസ്തവ സമൂഹം ഒന്നായി സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. കുട്ടികളെയാണ് ഈ ദിനത്തില്‍ പ്രത്യേകം ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നത്. സിറിയയിലെ കുഞ്ഞുങ്ങള്‍ ലോകമെമ്പാടുമുള്ള തങ്ങളുടെ കൂട്ടുകാരോടു പ്രാര്‍ത്ഥനയിലൂടെ തങ്ങളെയും സഹായിക്കണമെന്ന് ആവശ്യപ്പെടുന്നു. സിറിയയിലെ കൂട്ടുകാരുടെ ശാന്തിക്കും സമാധാനത്തിനുമായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം" ഞായറാഴ്ച നടന്ന വിശുദ്ധ ബലിയ്ക്കിടെ മാര്‍പാപ്പ പറഞ്ഞു. സിറിയയില്‍ നിന്നും യുദ്ധം ഭയന്ന് തന്റെ കുടുംബത്തോടൊപ്പം യൂറോപ്പിലേക്ക് പലായനം ചെയ്യുവാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സങ്കടകരമായ സംഭവവും പാപ്പ പങ്കുവച്ചു. കടലില്‍ മുങ്ങി മരിച്ച അവളുടെ കഥ പറഞ്ഞ പാപ്പ സിറിയയില്‍ കുട്ടികളും യുവാക്കളും സ്ത്രീകളും പുരുഷന്‍മാരും സുരക്ഷിതരല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ സിറിയയിലെ പ്രാര്‍ത്ഥനാ കൂട്ടായ്മ സംബന്ധിച്ച അറിയിപ്പ് കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകള്‍ പുറത്തിറക്കി. "ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ സമാധാനത്തില്‍ അവസാനിക്കട്ടെ. നമ്മുടെ കുഞ്ഞുങ്ങള്‍ ശാന്തത അനുഭവിക്കട്ടെ. നിരവധി ക്ലേശങ്ങള്‍ അനുഭവിച്ച ഉണ്ണീശോയുടെ കുഞ്ഞു സഹോദരങ്ങളാണ് സിറിയയിലെ നമ്മുടെ കുഞ്ഞുങ്ങള്‍. അഞ്ചു വര്‍ഷമായി സമാധാനമെന്താണെന്ന് ഈ കുഞ്ഞുങ്ങള്‍ അറിഞ്ഞിട്ടില്ല. ഉണ്ണീശോയുടെ അനുഗ്രഹത്തിനായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുന്ന ജൂണ്‍ ഒന്നാം തീയതി, കത്തോലിക്ക സഭയുടെ പ്രതീകമെന്നവണ്ണം 'പ്രാഗിലെ ഉണ്ണീശോയുടെ രൂപവും' ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതീകമായി 'വാടാത്ത റോസപുഷ്പങ്ങളുടെ ദൈവമാതാവിന്റെ' രൂപവും വഹിച്ചായിരിക്കും കുട്ടികള്‍ റാലികളില്‍ പങ്കെടുക്കുക.
സിറിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ തന്നെ ജീവനും മാതാപിതാക്കളെയും നഷ്ടമാകുകയാണ്. ക്രൈസ്തവരുടെ നേരെ ആക്രമണം നടത്തുന്ന തീവ്രവാദി ഗ്രൂപ്പുകള്‍ സിറിയയില്‍ ക്രൈസ്തവരുടെ സാന്നിധ്യം പൂര്‍ണ്ണമായും തുടച്ചു നീക്കുവാനാണ് ലക്ഷ്യം വെക്കുന്നത്.
