Faith And Reason - 2024
വെള്ളപ്പൊക്കത്തില്‍ ചാപ്പല്‍ മുങ്ങിയെങ്കിലും യാതൊന്നും സംഭവിക്കാതെ ദിവ്യകാരുണ്യം: അത്ഭുതം ബ്രസീലില്‍
പ്രവാചക ശബ്ദം 24-02-2021 - Wednesday
സാവോപോളോ: ബ്രസീലിലെ കരംഗോള നഗരത്തിന്റെ ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും ശക്തമായ വെള്ളപ്പൊക്കത്തില്‍ ചാപ്പല്‍ മുങ്ങിയെങ്കിലും യാതൊരു കുഴപ്പവും കൂടാതെ നിലനിന്ന ദിവ്യകാരുണ്യത്തിന്റെ ചിത്രം ചര്‍ച്ചയാകുന്നു. ലാസെര്‍ദിന എന്ന സ്ഥലത്തെ സാന്റോ അന്റോണിയോ ചാപ്പലില്‍ വെള്ളം കയറി അള്‍ത്താരയും സക്രാരിയും വെള്ളത്തിലായിട്ടും നനവോ കേടുപാടോ കൂടാതേ കാണപ്പെട്ട തിരുവോസ്തികളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചാപ്പലിനടുത്ത് താമസിക്കുന്ന വിക്ടര്‍ മാരിയൂസ് എന്ന വ്യക്തിയാണ് ഈ തിരുവോസ്തികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
ദേവാലയത്തിനുള്ളില്‍ രണ്ടു മീറ്ററിലധികം ഉയരത്തില്‍ വെള്ളം കയറിയെന്നും, സക്രാരി തുറന്നപ്പോള്‍ തിരുവോസ്തികള്‍ യാതൊരു കേടുപാടും കൂടാതെയിരിക്കുന്നതായി കാണപ്പെട്ടുവെന്നുമാണ് മാരിയൂസിന്റെ പോസ്റ്റില്‍ പറയുന്നത്. ചിത്രം സഹിതമാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയ്ക്കിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഈ വെള്ളപ്പൊക്കം ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നുവെന്നും എത്രവലിയ വിപത്തിലും ഉപേക്ഷിക്കാത്തവന്‍, കൊടുങ്കാറ്റില്‍ പോലും ഇളകാത്തവന്‍ ഉറച്ചുനിന്നുകൊണ്ട് നമുക്ക് വിശ്വസിക്കുവാന്‍ കഴിയുന്നവന്‍ യേശു ക്രിസ്തു മാത്രമാണെന്നും മാരിയൂസ് പറയുന്നു.
“ഇത്തരം വിപത്തുകളില്‍ ദൈവത്തിന് ചെയ്യാന്‍ കഴിയുന്നവയെക്കുറിച്ച് സംശയിക്കരുത്. വിശ്വാസവും പ്രത്യാശയുമാണ് നമുക്ക് സാന്ത്വനവും ശക്തിയും പ്രദാനം ചെയ്യുന്നത്. വിളിച്ചപേക്ഷിക്കുന്നവനെ ദൈവം ഒരിക്കലും കൈവിടില്ല. ദൈവം കൂടെയുണ്ടെങ്കില്‍ യാതൊന്നും നിന്നെ സ്പര്‍ശിക്കുകയില്ല. എല്ലാ മഹത്വവും ആദരവും യേശു ക്രിസ്തുവിനുള്ളതാണ്” എന്ന് പറഞ്ഞുകൊണ്ടാണ് മാരിയൂസിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് ഉണ്ടായ ശക്തമായ മഴയില്‍ കരംഗോള നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് സോണ ഡാ മാട്ടാ മിനെരിയയിലെ കരംഗോള മുനിസിപ്പാലിറ്റിയില്‍ വെള്ളപ്പൊക്കത്തിനു കാരണമായത്. സാന്റോ അന്റോണിയോ ചാപ്പല്‍ ഉള്‍പ്പെടുന്ന സാന്റാ ലൂസിയ ഇടവകയിലെ പ്രധാന ദേവാലയം നിലവില്‍ ദുരിതാശ്വാസ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക