News
മാതാവിനെ പോലെ സേവന തല്‍പരരും സന്തോഷം നിറഞ്ഞവരുമാകുക: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 01-06-2016 - Wednesday
വത്തിക്കാന്‍: തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ കാണുവാന്‍ ഗര്‍ഭിണിയായ ദൈവമാതാവ് പോയതില്‍ നിന്നും ക്രൈസ്തവര്‍ എന്താണു പഠിക്കേണ്ടത് എന്നത് വിശദീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സാന്താ മാര്‍ത്തയില്‍, വിശുദ്ധ കുര്‍ബാനയ്ക്കിടെ നടന്ന തന്റെ പ്രസംഗത്തിലാണു പരിശുദ്ധ പിതാവ് ഇതിനെ കുറിച്ച് വിശദീകരിച്ചത്. ദൈവമാതാവായ കന്യകാ മറിയം തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ കാണുവാന്‍ പോയതിന്റെ സ്മരണ സഭ ഓര്‍ക്കുന്ന ദിനമാണ് മേയ്-31. എലിസബത്തിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് മാതാവില്‍ വിളങ്ങിയ മൂന്നു ഗുണങ്ങളാണ് ഫ്രാന്‍സിസ് പാപ്പ തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞത്.
"ചെറുപ്പക്കാരിയും ഗര്‍ഭിണിയുമായ ഒരു സ്ത്രീ ആരുടെയും സഹായമില്ലാതെ ദൂരെയുള്ള തന്റെ ബന്ധുവായ എലിസബത്തിനെ കാണുവാന്‍ പോകുന്നു. വഴിമദ്ധ്യേയുള്ള ഒന്നിനേയും അവള്‍ ഭയപ്പെടുന്നില്ല. ഇത് മാതാവിന്റെ ധൈര്യത്തെയാണ് സൂചിപ്പിക്കുന്നത്. സഭയിലും ഇത്തരത്തിലുള്ള സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. മാതാവിനെ പോലെ ധൈര്യവും തന്റേടവും ഉള്ളവര്‍. കഷ്ടപാടുകള്‍ പലതും സഹിച്ച് ധൈര്യപൂര്‍വ്വം പതറാതെ തന്റെ മക്കളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ ഭംഗിയായി നോക്കുന്നവര്‍. രോഗികളെ പരിചരിക്കുന്ന സ്ത്രീകള്‍. അവര്‍ വീഴ്ച്ചകള്‍ വകവയ്ക്കാതെ എഴുന്നേല്‍ക്കുന്നു. മറ്റുള്ളവരെ സഹായിക്കുന്നു". ദൈവമാതാവിന്റെ ധൈര്യത്തേയും സഭയില്‍ ഇത്തരം ധൈര്യപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന വനിതകളേയും കുറിച്ചാണ് പിതാവ് ആദ്യം സൂചിപ്പിച്ചത്.
ദൈവമാതാവില്‍ വിളങ്ങിയ സന്തോഷത്തെ കുറിച്ചാണ് രണ്ടാമതായി അദ്ദേഹം പറഞ്ഞത്. ദൈവമാതാവ് എലിസബത്തിനു നല്‍കിയ സന്തോഷം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. "എപ്പോഴും വിഷമം നിറഞ്ഞ മുഖവുമായി ഇരിക്കുന്ന ക്രൈസ്തവരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ശരിയായ ക്രൈസ്തവരാണെന്നു പറയുവാന്‍ സാധിക്കില്ല. പ്രസന്നമായ പുഞ്ചിരിക്കുന്ന മുഖമുള്ള ദൈവമാതാവിനെ പോലെ തന്നെ മറ്റു ക്രൈസ്തവരും മാറണം. ഇതിലൂടെ മാത്രമേ സന്തോഷം മറ്റുള്ളവര്‍ക്കു പകരുവാന്‍ സാധിക്കൂ". പിതാവ് പറഞ്ഞു.
ദൈവമാതാവിന്റെ മൂന്നാമത്തെ ഗുണം മറ്റുള്ളവരിലേക്ക് എത്തിച്ചേരുക എന്നതാണ്. "മറ്റൊരു വ്യക്തിയുടെ അടുത്തേക്ക് ക്രൈസ്തവര്‍ക്കു പോകുവാന്‍ സാധിക്കണം. മറ്റുള്ളവരിലേക്ക് എത്തിച്ചേരുവാനും, മറ്റുള്ളവരെ സേവിക്കുവാനും സാധിക്കണമെങ്കില്‍ നാം സ്വയം ഉപേക്ഷിക്കണം. അപ്പോള്‍ മാത്രമേ നമുക്ക് അന്യരേ പുല്‍കുവാന്‍ സാധിക്കു. മാതാവ് എലിസബത്തിന്റെ അടുത്തേക്ക് എത്തിച്ചേര്‍ന്നു. അവളെ ശുശ്രൂഷിച്ചു". പിതാവ് കൂട്ടിച്ചേര്‍ത്തു. ദൈവമാതാവ് ചെയ്തതു പോലെയുള്ള പ്രവര്‍ത്തനം നമ്മളും ചെയ്യുമ്പോള്‍ നമുക്കും ദൈവത്തിന്റെ സാനിധ്യം അനുഭവിക്കുവാന്‍ സാധിക്കുമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു.
