Faith And Reason
ആശുപത്രിയില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം: അര്‍ബുദത്തിന്റെ ക്ലേശങ്ങള്‍ക്കു നടുവില്‍ മരിയാനയുടെ ആഗ്രഹം സഫലം
പ്രവാചക ശബ്ദം 28-02-2021 - Sunday
സാവോ പോളോ: രക്താര്‍ബുദം ശരീരത്തില്‍ ഏല്‍പ്പിച്ച കനത്ത വേദനകള്‍ക്ക് നടുവിലും തന്റെ ഏറ്റവും വലിയ ആഗ്രഹം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞതിന്റെ അത്യാഹ്ലാദത്തിലാണ് ബ്രസീലിലെ സാവോ പോളോ സ്വദേശിനിയായ മരിയാന തമ്പാസ്കോ എന്ന ബാലിക. അക്യൂട്ട് ലിംഫോയിഡ് രക്താർബുദ ചികിത്സയില്‍ കഴിയുന്ന മരിയാന നിര്‍ണ്ണായക ശസ്ത്രക്രിയയ്ക്ക് മുന്‍പ് ആദ്യമായി ഈശോയേ സ്വീകരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദമാണ് പ്രകടിപ്പിക്കുന്നത്. 2017ലാണ് മരിയാനയ്ക്കു രക്താര്‍ബുദം സ്ഥിരീകരിക്കുന്നത്. നീണ്ട കാലത്തെ ചികിത്സയില്‍ നിന്നു രോഗമുക്തി നേടിയെങ്കിലും കഴിഞ്ഞ വര്‍ഷം ആഗസ്റ്റോടെ പെണ്‍കുട്ടിയില്‍ രോഗം വീണ്ടും സ്ഥിരീകരിക്കുകയായിരിന്നു.
ഇതേത്തുടര്‍ന്നു കീമോതെറാപ്പി അടക്കമുള്ള ചികിത്സ ആരംഭിച്ചു. ഇക്കഴിഞ്ഞ ജനുവരി 27 മുതൽ സാവോ പോളോയിലെ ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കൺട്രോളിൽ (ഐബിസിസി ഓങ്കോളജി) തുടരുന്ന മരിയാന മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുകയായിരിന്നു. ഇതിനിടെയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമായ ഈശോയേ സ്വീകരിക്കുവാനുള്ള ആഗ്രഹം അത്ഭുതകരമായി നിറവേറിയത്. കഴിഞ്ഞ വർഷം മുതൽ മരിയാന പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിന്നു. മഹാമാരിയെ തുടര്‍ന്നു പരിശീലനം വിര്‍ച്വല്‍ രൂപത്തിലായത് മരിയാനയെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതായിരിന്നു.
രോഗകിടക്കയില്‍ നിന്നുകൊണ്ട് ഈശോയേ ആദ്യമായി സ്വീകരിക്കാനുള്ള അവള്‍ തയാറെടുപ്പുകള്‍ നടത്തി. അസുഖം വീണ്ടും പിടിമുറുക്കിയപ്പോള്‍ കുടുംബം വിശ്വാസ പരിശീലകരുമായും കമ്മ്യൂണിറ്റിയിലെ വൈദികനുമായും കുഞ്ഞ് മരിയാനയുടെ ആദ്യ കുര്‍ബാന സ്വീകരിക്കാനുള്ള ആഗ്രഹം നിറവേറ്റുവാന്‍ ബന്ധപ്പെടുകയായിരിന്നു. ഇതിന് പൂര്‍ണ്ണ സമ്മതം നല്‍കിയ സഭാനേതൃത്വം ഫെബ്രുവരി 20 ശനിയാഴ്ച ആശുപത്രിയിൽവെച്ചു ദിവ്യകാരുണ്യം നല്‍കുകയായിരിന്നു. ഐബിസിസി ഓങ്കോളജിയിൽ ചാപ്ലെയിനായി സേവനം ചെയ്യുന്ന ഫാ. പോളോ അനിസെറ്റോയാണ് മരിയാനയ്ക്കു ആദ്യമായി ഈശോയേ നല്‍കുവാന്‍ ക്രമീകരണം നടത്തിയത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക