News - 2025
ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസം വൈദികരെ പ്രത്യേകമായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 02-06-2016 - Thursday
വത്തിക്കാന്‍: ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസം വൈദികരെ പ്രത്യേകമായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടു. "ജൂണ്‍ മാസം മുഴുവനും നിങ്ങളുടെ വൈദികര്‍ക്കു വേണ്ടി ഈശോയുടെ തിരുഹൃദയത്തോട് പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. ഇതു മൂലം കരുണയുടെ ഹൃദയത്തിന്റെ പ്രതിഫലനമാകുവാന്‍ വൈദികര്‍ക്ക് സാധിക്കും". ബുധനാഴ്ച തന്റെ പ്രസംഗം കേള്‍ക്കുവാന്‍ എത്തിയവരോടായി മാര്‍പാപ്പ ആഹ്വാനം ചെയ്തു.
ഈ വര്‍ഷം ജൂണ്‍ മൂന്നാം തിയതിയാണ് ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഗോള കത്തോലിക്ക സഭ ആചരിക്കുന്നത്. 1856-ല്‍ പയസ് ഒന്‍പതാമന്‍ മാര്‍പാപ്പയാണ് ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അതേ സമയം വൈദികരുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ മൂന്നാം തീയതി വരെ പ്രത്യേകം പ്രാര്‍ത്ഥനകള്‍ റോമില്‍ നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കുവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വൈദികരും സെമിനാരി വിദ്യാര്‍ഥികളും നഗരത്തിലേക്ക് എത്തി ചേര്‍ന്നു കഴിഞ്ഞു. മൂന്നു ദേവാലയങ്ങളിലായിട്ടാണ് റോമില്‍ വൈദികരുടെ ജൂബിലി ആഘോഷത്തിന്റെ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്.
6000-ല്‍ അധികം വൈദികര്‍ പ്രാര്‍ത്ഥനകളുടെയും ആഘോഷത്തിന്റെയും ഭാഗമാകുവാന്‍ റോമിലേക്ക് എത്തിച്ചേര്‍ന്നതായി വത്തിക്കാന്‍ മാധ്യമ വിഭാഗം ഔദ്യോഗികമായി അറിയിച്ചു. ദൈവ വചനം കൂടുതലായി ധ്യാനിക്കുവാനും വിശുദ്ധ കുര്‍ബാനയുടെ ആരാധനയില്‍ പങ്കെടുക്കുവാനും പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാനും വൈദികര്‍ക്ക് ഈ ദിനങ്ങളില്‍ അവസരം ലഭിക്കും. തീര്‍ത്ഥാടകരായി എത്തിയിരിക്കുന്ന വൈദികര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ കരുണയുടെ വാതിലിലൂടെ പ്രവേശിക്കുവാനും ഈ ദിനങ്ങളില്‍ സാധിക്കും.