Seasonal Reflections - 2024

നന്ദി നിറഞ്ഞ ജോസഫ്

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 15-03-2021 - Monday

വിശുദ്ധ യൗസേപ്പിതാവ് നന്ദി നിറഞ്ഞവനായിരുന്നു അവൻ്റെ ആത്മാവ് ജ്ഞാനദീപ്തവും ഹൃദയം എളിമയും സത്യവും നിറഞ്ഞതായിരുന്നു. പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടു സമാനമായിരുന്ന യൗസേപ്പിൻ്റെ ഹൃദയത്തിൻ്റെ വികാരം എപ്പോഴും നന്ദി മാത്രമായിരുന്നു. ശക്തനായവൻ വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു എന്നത് മറിയത്തിൻ്റെ മാത്രം സ്തോത്രഗീതമായിരുന്നില്ല യൗസേപ്പിൻ്റേതുമായിരുന്നു. നന്ദി നിറഞ്ഞ ഹൃദയം യൗസേപ്പിതാവിൻ്റെ ജീവിത മുദ്രയായിരുന്നു. കഷ്ടപ്പാടുകളുടെയും ക്ലേശങ്ങളുടെയും ഇടയിലും ദൈവഹിതമനുസരിച്ചു ജീവിക്കുവാൻ യൗസേപ്പിനു സാധിച്ചത് നന്ദിയുള്ള ഹൃദയമുള്ളതുകൊണ്ടായിരുന്നു.

നാം നന്ദിയുള്ളവരായി ജീവിച്ചാല്‍ അതിന്റെ ഫലം ഈ ലോകത്തു തന്നെ ലഭിക്കുമെന്നു യൗസേപ്പിൻ്റെയും ജീവിതം പഠിപ്പിക്കുന്നു. നന്ദിയില്ലാത്തവരാകുമ്പോൾ അതിൻ്റെ ക്ലേശവും ജീവിത ഭാരവും നാം തന്നെ അനുഭവിക്കുകയും ചെയ്യും. മധ്യകാലഘട്ടത്തിലെ മിസ്റ്റിക്കു കളിൽ ഒരാളയ മൈസ്റ്റർ ഏക്കാർട്ട് "ഞാൻ അങ്ങേക്കു നന്ദി പറയുന്നു എന്നതു മാത്രമാണ് ഒരുവൻ ജീവിതകാലത്ത് ചൊല്ലിയ പ്രാർത്ഥനയെങ്കിൽ അതു മതിയാകും" എന്നു ഓർമ്മിപ്പിക്കുന്നുണ്ട്.

നന്ദി നിറഞ്ഞ ജീവിതമാണ് ദൈവ തിരുമുമ്പിലെ ഏറ്റവും സ്വീകാര്യമായ പ്രാർത്ഥനയും ബലിയും .നന്ദി എന്നത് ചെറിയൊരു വാക്കാണ് അത് പറയാൻ ഒരു നിമിഷം മതിയെങ്കിലും അതനുസരിച്ച് ജീവിക്കാൻ ഹൃദയവിശാലതയും നന്മയുള്ള മനസ്സും വേണം. യൗസേപ്പിതാവിനെ സ്നേഹിക്കുന്നവർ അതു സ്വന്തമാക്കിയവരാണ്.


Related Articles »