Seasonal Reflections - 2024

ജോസഫ് - ദുരാഭിമാനമില്ലാത്ത മനുഷ്യൻ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 18-03-2021 - Thursday

വിശുദ്ധ യൗസേപ്പിതാവിന്റെ ഒരു സ്വഭാവ സവിശേഷതയാണ് ഇന്നത്തെ ചിന്താവിഷയം. ഈശോയുടെ വളർത്തു പിതാവിൽ ദുരഭിമാനമെന്ന തിന്മയുടെ അംശം ഒരു കണിക പോലും ഉണ്ടായിരുന്നില്ല. ഇല്ലാത്ത ഒന്നിനെ ഓർത്തോ ഇല്ലാതായിപ്പോയ ഒന്നിനെ കുറിച്ച് ഓർത്തോ കാലത്തിനോടും തന്നോടുതന്നെയും സമൂഹത്തോടും കലഹിക്കുന്ന പ്രവണതയാണ് ദുരഭിമാനം. ഇല്ലാത്തത് ഉണ്ടെന്നു നടിക്കാനുള്ള അതിരു കടന്ന ആഗ്രഹമാണിത്. ദുരഭിമാനത്തിൻ്റെ അതിപ്രസരം മനുഷ്യനെ മൃഗതുല്യമാക്കുന്നു. അതവനെ അന്ധനാക്കുന്നു. അപരൻ എൻ്റെ സഹോദരനും സഹോദരിയുമാണ് എന്ന സത്യം അംഗീകരിക്കാൻ ദുരഭിമാനം വെടിഞ്ഞേ മതിയാവു. ദുരഭിമാനി തന്നോടു തന്നെ കലഹിക്കുന്ന വ്യക്തിയാണ്.

ആരെയും അംഗീകരിക്കാനോ മറ്റുള്ളവരുടെ നന്മ അംഗീകരിക്കാനോ അവനു താല്പര്യമില്ല. ദുരഭിമാനം അഹങ്കാരത്തിലേക്ക് വഴിതെളിയിക്കുകയും “അഹം ” ഭാവത്തെ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ മനുഷ്യൻ ദൈവത്തിനു കീഴ്പ്പെടാത്തവനാകുന്നു, അതവൻ്റെ പതനത്തിനു വേഗം കൂടുന്നു. ദുരഭിമാനം അതിരുകൾ ലംഘിക്കുമ്പോൾ ജീവനും ജീവിതവും നഷ്ടത്തിലാകുന്നു.

യൗസേപ്പിതാവ് തനിക്കില്ലാത്ത ഒന്നിനെ ഓർത്തു ആരോടും കലാപം നടത്തിയില്ല. തന്നെക്കാൾ തൻ്റെ ഭാര്യയും മകനും അംഗീകരിക്കപ്പെടുന്നതിൽ അല്പം പോലും നീരസവും പരിഭവവും യൗസേപ്പിതാവിൽ ഇല്ലാതിരുന്നത് ദുരഭിമാനത്തിനു ആ മനസ്സിൽ സ്ഥാനമില്ലാത്തതുകൊണ്ടായിരുന്നു. നിദ്രയിൽ പോലും ദൈവഹിതത്തോടു പ്രതികരിക്കാൻ അദ്ദേഹത്തിനു സാധിച്ചതിൻ്റെ കാരണവും മറ്റൊന്നുമല്ല. ദൈവം സ്വന്തമായുള്ളവനു അഭിമാനിക്കാനുള്ള വക അവനിൽത്തന്നെയുണ്ട് എന്നു മനുഷ്യനെ ഓർമ്മിപ്പിക്കുന്ന പുസ്തകമാണ് യൗസേപ്പിൻ്റെ ജീവിതം. മാറ്റങ്ങൾ പിറവി എടുക്കുന്നത് ദുരഭിമാനത്തിൻ്റെ മുഖം മൂടി അഴിച്ചുമാറ്റുമ്പോഴാണ്. ദുരഭിമാനം വെടിഞ്ഞ് സത്യത്തെ പുണരുമ്പോൾ ജീവിതം സംതൃപ്തിയുള്ളതാകും.


Related Articles »