India - 2024
ജനിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല: ബിഷപ്പ് ജോസഫ് കാരിക്കശേരി
പ്രവാചക ശബ്ദം 13-04-2021 - Tuesday
കോട്ടപ്പുറം: ജനിക്കാനുള്ള അവകാശം നിഷേധിക്കാന്‍ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കാരിക്കശേരി. രൂപതയിലെ പ്രോ-ലൈഫ് വാരാചരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാര്‍ത്ഥതയ്ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി ജീവന് വിലകല്പിക്കാത്ത ഈ കാലഘട്ടത്തില്‍ ജീവന് സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രോ-ലൈഫ് സമിതിയെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡോ. കാരിക്കശേരി പറഞ്ഞു.
കോട്ടപ്പുറം കത്തീഡ്രലില്‍ മൂന്നാമത്തെയും നാലാമത്തെയും കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്‍കിയാണ് പ്രോ-ലൈഫ് വാരാചരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി നാലും അതില്‍ കൂടുതലും മക്കളുള്ള കുടുംബങ്ങളുടെ സംഗമം നടത്താനും തീരുമാനിച്ചു. രൂപത കത്തീഡ്രൽ വികാരി ഫാ. അംബ്രോസ് പുത്തൻവീട്ടിൽ, രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി, കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. വർഗീസ് കാട്ടാശേരി, ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി സിസ്റ്റർ കൊച്ചുത്രേസ്യ എന്നിവർ സന്നിഹിതരായി.