Seasonal Reflections - 2024
ജോസഫ് - ചെറിയ കാര്യങ്ങൾ വഴി സ്വർഗ്ഗത്തിൽ ഒന്നാമനായവൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 19-04-2021 - Monday
വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതചര്യ ജീവിത വ്രതമാക്കിയ സന്യാസസമൂഹമാണ് ഒബ്ലേറ്റ്സ് ഓഫ് ജോസഫ് (Oblates of St. Joseph).ഈ സമർപ്പിത സമൂഹത്തിന്റെ സ്ഥാപകൻ വിശുദ്ധ ജോസഫ് മറെല്ലോ (1844-1895) എന്ന ഇറ്റാലിയൻ മെത്രാനായിരുന്നു. അദേഹം തന്റെ സന്യാസസഭയിലെ അംഗങ്ങളെ യൗസേപ്പിതാവിന്റെ ആദ്ധ്യാത്മികതയിൽ വളരാൻ നിരന്തരം ഉത്തേജിപ്പിച്ചിരുന്നു. ചെറുതും എളിയതുമായ കാര്യങ്ങളുടെ വിശ്വസ്തതാപൂർണ്ണമായ നിർവ്വഹണത്തിലൂടെ വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ പുണ്യപൂർണ്ണതയിൽ വളരാം എന്നതായിരുന്നു അതിന്റെ അന്തസത്ത.
“വിശുദ്ധ യൗസേപ്പിതാവ് അസാധാരണമായ കാര്യങ്ങൾ ചെയ്തല്ല മറ്റെല്ലാ വിശുദ്ധന്മാരെ അതിശയിക്കുന്ന പവിത്രത നേടിയത്. മറിച്ച് സാധാരണവും പൊതുവായതുമായ പുണ്യങ്ങളുടെ നിരന്തരമായ പരിശീലനത്തിലൂടെയാണ്."
വിശുദ്ധനോ/ വിശുദ്ധയോ ആകാൻ അസാധാരണമായ കാര്യങ്ങൾ ചെയ്യണമെന്നില്ല സാധാരണ കാര്യങ്ങൾ വലിയ സ്നേഹത്തോടും തികഞ്ഞ വിശ്വസ്തയോടും കൂടി അനുവർത്തിച്ചാൽ മതി. "ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍ വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കും." (ലൂക്കാ 16 : 10). ചെറിയ കാര്യങ്ങളിൽ വിശ്വസ്തത പുലർത്തി ദൈവ പിതാവിന്റെ പ്രീതിക്കു പാത്രമായ യൗസേപ്പിതാവായിരിക്കട്ടെ വിശുദ്ധിയിലേക്കുള്ള പ്രയാണത്തിൽ നമ്മുടെ വഴികാട്ടി.