Seasonal Reflections - 2024
യൗസേപ്പിതാവിനെ സ്നേഹിച്ച അന്ധയായ വിശുദ്ധ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 02-05-2021 - Sunday
മധ്യകാലഘട്ടങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി പാശ്ചാത്യ സഭയിൽ അത്ര സർവ്വസാധാരണമായിരുന്നില്ല. പതിനാലാം നൂറ്റാണ്ടിലാണ് യൗസേപ്പിതാവിനോടുള്ള ഭക്തി പാശ്ചാത്യ സഭയിൽ ആരംഭിക്കുന്നതും വ്യാപിക്കാൻ തുടങ്ങന്നതും. യൗസേപ്പിതാവിനോടുള്ള ഭക്തിയുടെ ആദ്യകാല പ്രചാരകരിൽ ഒരാളാണ് ഇറ്റലിയിലെ കാസ്റ്റെല്ലോയിലെ വിശുദ്ധ മാർഗ്ഗരറ്റ് (1287-1320), എന്ന ഡോമിനിക്കൻ മൂന്നാം സഭയിലെ ഈ അൽമായ വിശുദ്ധ. കഴിഞ്ഞ ഏപ്രിൽ ഏപ്രിൽ ഇരുപത്തിനാലാം തീയതിയാണ് അന്ധയായിരുന്ന മാർഗ്ഗരറ്റിനെ വിശുദ്ധപദവി പ്രഖ്യാപനത്തിൽ സാധാരണയുള്ള നടപടിക്രമങ്ങൾ ഇല്ലാതെ തന്നെ ഫ്രാൻസീസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്.
വില്യം ബോണിവെൽ എഴുതിയ മാർഗ്ഗരറ്റിന്റെ ജീവിചരിത്രത്തിൽ അവളുടെ യൗസേപ്പിതാവിനോടുള്ള സ്നേഹത്തെപ്പറ്റി വിവരിച്ചട്ടുണ്ട്. ഈശോയുടെ മനുഷ്യവതാരത്തെപ്പറ്റി ധ്യാനിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന മാർഗ്ഗരറ്റ്, ഈശോയുടെ മാതാപിതാക്കളോടു സംസാരിക്കുന്നത് ഒരു ശീലമാക്കിയിരുന്നു. കുട്ടിക്കാലം മുതൽ മരണ ദിവസം വരെ യൗസേപ്പിതാവിനോടു തീവ്ര സ്നേഹം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മാർഗ്ഗരറ്റ്. യൗസേപ്പിതാവിന്റെ ശാന്തതയും സ്വയം പരിത്യാഗവും, ധീരമായ വിശ്വാസവും ആഴമായ എളിമയുമാണ് ദൈവപുത്രനെയും ദൈവമാതാവിനെയും പരിചരിക്കുന്നതിന് പ്രാപ്തയാക്കിയതെന്നും വിശുദ്ധ മാർഗ്ഗരറ്റ് ഉറച്ചു വിശ്വസിച്ചിരുന്നു. സാധാരണ രീതിയിൽ മാർഗരറ്റ് അധികം സംസാരിക്കുന്ന പ്രകൃതിക്കാരിയായിരുന്നില്ല. എന്നാൽ യൗസേപ്പിതാവിനെപ്പറ്റി സംസാരിക്കുന്ന അവസരങ്ങളിൽ അല്ലങ്കിൽ ആ നല്ല പിതാവിന്റെ സാന്നിധ്യം അവൾ അനുഭവിച്ചിരുന്ന സമയങ്ങളിൽ മാർഗ്ഗരറ്റ് കൂടുതൽ വാചാലയായിരുന്നു.
വിശുദ്ധ മാർഗ്ഗരറ്റിനെപ്പോലെ യൗസേപ്പിതാവിനോടുള്ള സ്നേഹ ബന്ധത്തിൽ നമുക്കും വളരാം.