Seasonal Reflections - 2024
ജോസഫ്: ദൈവപുത്രനു ആഹാരം നൽകാൻ ഭൂമിയിൽ അധ്വാനിച്ചൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 24-04-2021 - Saturday
ദൈവപുത്രനു ആഹാരം നൽകാൻ ഭൂമിയിൽ അധ്വാനിച്ച മനുഷ്യൻ്റെ പേരാണ് യൗസേപ്പ്. നസറത്തിലെ തിരുക്കുംബത്തിൽ ഈശോയ്ക്കും പരിശുദ്ധ മറിയത്തിനും ആഹാരത്തിനുള്ള വക സമ്പാദിക്കാനായി യൗസേപ്പിതാവ് അധ്വാനിച്ചു. ഈ സുന്ദര ഭാഗ്യം കൈവന്ന അതുല്യ വിശുദ്ധനാണ് നസറത്തിലെ യൗസേപ്പ്. ഹോളിക്രോസ് സന്യാസസഭയുടെ സ്ഥാപകൻ വാഴ്ത്തപ്പെട്ട ബേസിൽ മോറെ (Basil Moreau ) ഈക്കാര്യത്തെപ്പറ്റി യൗസേപ്പിനെപ്പറ്റിയുള്ള ഒരു വചന സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു: "രക്ഷകന്റെ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും വിശുദ്ധ യൗസേപ്പ് തന്റെ രക്ഷാകർതൃത്വം സ്വീകരിച്ചു. ഈശോയുടെ ആവശ്യങ്ങൾ അവൻ ശ്രദ്ധിച്ചു, ഹൃദയത്തിലെ സ്നേഹം വെളിപ്പെടുത്തി, ഒരു പിതാവിനടുത്ത കടമകൾ നിർവ്വഹിച്ചു.
ഈശോയ്ക്കു വേണ്ട ആഹാരം കൊണ്ടുവന്നതും അവന്റെ വിശുദ്ധ ശരീരം വളരാൻ അവസരമൊരുക്കിയതും യൗസേപ്പിതാവാണ്. ദൈവ പിതാവ് ഈശോയ്ക്കു ദൈവത്വം നൽകി. മറിയം അവനു പിറക്കാൻ വാസസ്ഥലമായി, യാസേപ്പ് അവന്റെ അസ്തിത്വത്തെ കാത്തു സൂക്ഷിച്ചു. അവൻ ഒരു മനഷ്യൻ മാത്രമായിരുന്നിട്ടും ദൈനംദിന അധ്വാനത്താൽ ദൈവത്തിനു വസ്ത്രം നൽകാനും ഭക്ഷണം നൽകാനും സാധിച്ചു." യൗസേപ്പിതാവ് ദൈവപുത്രനു ഭക്ഷണം നൽകാൻ ഭൂമിയിൽ അധ്വാനിച്ചെങ്കിൽ, അവന്റെ ഭക്ഷണം സ്വീകരിച്ചു വളർന്ന ദൈവപുത്രൻ ലോകത്തിനു ജീവൻ നൽകാൻ സ്വശരീരം ഭക്ഷണമായി നൽകി. ആ ഭക്ഷണം (വിശുദ്ധ കുർബാന ) സ്വീകരിച്ച് സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി നമ്മുടെ തീർത്ഥയാത്ര തുടരാം.