News

ബംഗ്ലാദേശില്‍ ക്രൈസ്തവ വ്യാപാരിയെ ഐഎസ് തീവ്രവാദികള്‍ തൂക്കികൊന്നു; ഭീകരാക്രമണങ്ങള്‍ ബംഗ്ലാദേശില്‍ ദിനംപ്രതി വര്‍ധിക്കുന്നു

സ്വന്തം ലേഖകന്‍ 08-06-2016 - Wednesday

ധാക്ക: ബംഗ്ലാദേശില്‍ ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടു. സുനില്‍ ഗോമസ് എന്ന 65 വയസില്‍ അധികം പ്രായമുള്ള വ്യക്തിയാണ് ഞായറാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ സ്ഥിതി ചെയ്യുന്ന ബൊണ്‍പാര എന്ന ഗ്രാമത്തിലാണ് ഭീകരമായ സംഭവം നടന്നത്. കത്തോലിക്ക പള്ളിയില്‍ ആരാധനയ്ക്കു ശേഷം തന്റെ പലചരക്ക് കടയിലേക്ക് പോയ സുനില്‍ ഗോമസിനെ കടയ്ക്കുള്ളില്‍ തന്നെ അക്രമികള്‍ തൂക്കിലേറ്റി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തങ്ങളാണ് നടത്തിയതെന്നും ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും ഐഎസ് അറിയിച്ചു.

ഫാദര്‍ ബികാസ് ഹുബേര്‍ട്ട് റുബൈറോ വികാരിയായി സേവനം ചെയ്യുന്ന ബൊണ്‍പാര കത്തോലിക്ക ദേവാലയത്തിലാണ് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി സുനില്‍ ഗോമസ് എത്തിയത്. "സുനില്‍ ഗോമസ് ഞാന്‍ സേവനം ചെയ്യുന്ന ദേവാലയത്തിലാണ് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി എത്തിയത്. ദേവാലയത്തില്‍ നിന്നും പോയ സുനില്‍ തന്റെ പലചരക്കു കടയില്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണു ഞങ്ങള്‍ പിന്നീട് അറിഞ്ഞത്. ഇത്രയ്ക്കും ദയാലുവും സാധുവുമായ ഒരു മനുഷ്യനെ എങ്ങനെയാണ് കൊലപ്പെടുത്തുവാന്‍ സാധിക്കുന്നത്". ഫാദര്‍ ബികാസ് റുബൈറോ ചോദിക്കുന്നു. ക്രൈസ്തവര്‍ വര്‍ഷങ്ങളായി താമസിക്കുന്ന പ്രദേശമാണ് ബൊണ്‍പാര. മതന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവരെയും മതേതരവാദികളേയും കൊല്ലപ്പെടുത്തുന്ന സംഭവങ്ങള്‍ ബംഗ്ലാദേശില്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 40-ല്‍ അധികം ആളുകള്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

സുനില്‍ ഗോമസ് കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ മുമ്പ് തീവ്രവാദി വിരുദ്ധ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ബാബുള്‍ അക്തര്‍ എന്ന ഉദ്യോഗസ്ഥന്റെ ഭാര്യ മസ്മൂദ ബീഗമാണ് കൊല്ലപ്പെട്ടത്. മകനെ സ്‌കൂളിലേക്ക് യാത്രയാക്കുവാന്‍ വീടിനു സമീപമുള്ള ബസ് സ്റ്റോപ്പിലേക്കു വന്നപ്പോളാണ് അക്രമികള്‍ ഇവരെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം വെടിവച്ച് കൊലപ്പെടുത്തിയത്. നിരവധി തീവ്രവാദ വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനാണ് ബാബുള്‍ അക്തര്‍. തെക്കന്‍ ഏഷ്യയിലെ അല്‍-ക്വയ്ദയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായി ബംഗ്ലാദേശ് ഇതിനോടകം തന്നെ മാറി കഴിഞ്ഞു. ഐഎസ് അനുഭാവമുള്ള നിരവധി പ്രാദേശിക തീവ്രവാദ സംഘടനകളും ബംഗ്ലാദേശില്‍ സജീവമാണ്.

ജമായത്തെ ഇസ്ലാമിയുള്‍പ്പെടെയുള്ള പല സംഘടനകളും ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. സുനില്‍ ഗോമിനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന കാര്യം വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍, ഹൈന്ദവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളുമായി ഇതിനു സാമ്യമുണ്ട്. കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ സ്വദേശിയായ കത്തോലിക്ക പുരോഹിതന്‍ ബംഗ്ലാദേശില്‍ വച്ച് തീവ്രവാദി ആക്രമണത്തിന് ഇരയായിരുന്നു. വടക്കന്‍ ബംഗ്ലാദേശില്‍ നടന്ന സംഭവത്തില്‍ വെടിയേറ്റ പുരോഹിതന്റെ പരിക്ക് ഗുരുതരമായിരുന്നു. മുസ്ലീം തീവ്രവാദികള്‍ മറ്റെല്ലാ വിശ്വാസികള്‍ക്കു നേരെയും ബംഗ്ലാദേശില്‍ സ്ഥിരമായി ആക്രമണം നടത്തുകയാണ്.


Related Articles »