Christian Prayer - June 2025
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 11
വണക്കമാസം 11-06-2024 - Tuesday
നിത്യപിതാവിന്‍റെ തിരുമനസ്സ് നിറവേറ്റുവാന്‍ ഈശോയുടെ ദിവ്യഹൃദയം കാണിക്കുന്ന തീക്ഷ്ണത
മനുഷ്യാവതാരം എന്ന മഹാരഹസ്യം ഈശോയ്ക്ക് അവിടുത്തെ പിതാവിന്‍റെ തിരുമനസ്സിനോടുള്ള വിധേയത്വം തെളിവായി പ്രകാശിപ്പിക്കുന്നു. കഷ്ടതകളും വേദനകളും സര്‍വ്വോപരി അപമാനവും ഉണ്ടാകുമെന്നറിഞ്ഞിട്ടും എല്ലാം സ്വീകരിക്കുവാന്‍ സന്നദ്ധനായി ഈശോ മനുഷ്യനായിത്തീരാന്‍ സമ്മതം നല്‍കുന്നു. മനുഷ്യസ്വഭാവം സ്വീകരിച്ചു ലോകത്തില്‍ പിറന്ന ദിവസം മുതല്‍ മരണം വരെ പിതാവിന്‍റെ ഇംഗിതത്തിനനുസരണവും കൃത്യമായും എല്ലാം നിര്‍വ്വഹിക്കുന്നു. മനുഷ്യരക്ഷ എന്ന മഹോന്നതകര്‍മ്മം പിതാവ് നിശ്ചയിച്ച രീതിയില്‍ അനുഷ്ഠിക്കുവാനാണ് അവിടുന്ന്‍ ഒരുങ്ങുന്നത്. സ്വാര്‍ത്ഥതയോ അനുസരണക്കുറവോ അവിടുന്ന്‍ പ്രദര്‍ശിപ്പിക്കുന്നില്ല. ഈശോയുടെ ഈ അനുസരണം നമുക്കെല്ലാം മാതൃകയാണ്.
ജീവിതത്തിലുണ്ടാകുന്ന സങ്കടങ്ങളിലും ക്ലേശങ്ങളിലും ആശ്വാസവും ആനന്ദവും സമാധാനവും കണ്ടെത്തുവാനുള്ള പ്രധാന മാര്‍ഗ്ഗം എല്ലാം ദൈവിക പരിപാലനയില്‍ സമര്‍പ്പിക്കുകയെന്നതാണ്. മനുഷ്യര്‍ക്കുണ്ടാകുന്ന എല്ലാ പ്രയാസങ്ങളും വേദനകളും തീര്‍ത്തും ആകസ്മികമായിട്ടല്ല സംഭവിക്കുന്നത്. നിത്യപിതാവിന്‍റെ നിശ്ചയവും ദൈവിക കരങ്ങളുടെ പ്രവര്‍ത്തനവും അതിനുള്ളില്‍ നമുക്കു ദര്‍ശിക്കാം. ഉലയില്‍ ഉരുക്കിയ സ്വര്‍ണ്ണം കറ തീര്‍ന്നതായിത്തീരുന്നതു പോലെ വിഷമതകളുടെ മൂശയില്‍ സംശുദ്ധമാക്കപ്പെട്ട ആത്മാക്കള്‍ പുണ്യജീവിതത്തിന്‍റെ ഉന്നതശ്രേണിയിലേക്ക് കുതിച്ചു കയറുകയാണ് ചെയ്യുന്നത്.
സന്താപങ്ങളും വേദനകളും സഹിക്കാന്‍ ഭയപ്പെടുന്നവര്‍ സ്വര്‍ഗ്ഗത്തിനും ഭൂമിക്കും മദ്ധ്യേ കുരിശില്‍ തൂങ്ങിക്കിടക്കുന്ന സര്‍വ്വത്തിന്‍റെയും നാഥനായ ഈശോയിലേക്കു കണ്ണുകള്‍ ഉയര്‍ത്തട്ടെ. നമ്മെ മുഴുവനായും ദൈവത്തിനു സമര്‍പ്പിക്കുവാന്‍ സംശയിക്കേണ്ട. ആകാശത്തിലെ പറവകളെയും ഭൂമിയിലെ മൃഗങ്ങളെയും വയലിലെ പുഷ്പങ്ങളെയും പരിപാലിക്കുന്ന കാരുണ്യവാനായ ദൈവം, നമ്മെയും പരിപാലിക്കും. സര്‍വ്വചരാചരങ്ങളേയും പരിപാലിക്കുന്ന ദൈവം സ്വന്ത ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ ഉപേക്ഷിക്കുമെന്ന് വിചാരിക്കുന്നത് കഠിനമായ തെറ്റുതന്നെയാണ്.
അനുസരണത്തിന്‍റെ ആദര്‍ശമായ ഈശോയുടെ ജീവിതം എല്ലാവര്‍ക്കും ഒരു മാതൃകയാണ്. ഗത്സമന്‍ പൂവനത്തില്‍ മാനസിക പീഡകളുടെ ആധിക്യത്താല്‍ രക്തം വിയര്‍ത്തു അവിടുന്നു തളര്‍ന്നു വീണു. വസ്ത്രം രക്തം കൊണ്ട് നനഞ്ഞു. ഭൂമി രക്തത്താല്‍ കുതിര്‍ന്നു. ഭയപരവശനായി അവിടുന്നു പാറമേല്‍ വീണുപോയി. അതിഭീകരമായ ആ വേദനകള്‍ക്കിടയില്‍ നിസ്സഹായനായ അവിടുന്നു പ്രാര്‍ത്ഥിച്ചു: "പിതാവേ! എന്‍റെ പോലെയല്ല, അവിടുത്തെ തിരുമനസ്സു പോലെ സംഭവിക്കട്ടെ." ആത്മസമര്‍പ്പണത്തിന്‍റെ ഏറ്റം ഉദാത്തമായ ഉദാഹരണമാണിത്. ഇത്രയ്ക്ക് സമ്പൂര്‍ണ്ണവും ഉജ്ജ്വലവുമായ ഒരു ത്യാഗം ലോകം ദര്‍ശിച്ചിട്ടില്ല.
കാല്‍വരിയിലെ കുരിശില്‍ മണ്ണിനും വിണ്ണിനും മദ്ധ്യേ കടന്നുകൊണ്ട് ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളില്‍ അവിടുന്ന്‍ ചെയ്ത പ്രാര്‍ത്ഥന ഏറ്റം അര്‍ത്ഥവത്താണ്. "പിതാവേ! അങ്ങേ കരങ്ങളില്‍ എന്‍റെ ആത്മാവിനെ സമര്‍പ്പിക്കുന്നു" എല്ലാം പൂര്‍ത്തിയായപ്പോള്‍ ശിരസ്സ് ചായിച്ച് അവിടുന്നു മരിക്കുന്നു. പിതാവിന്‍റെ ഇഷ്ടം നിവര്‍ത്തിക്കുകയായിരുന്നു ഈശോയുടെ മനുഷ്യാവതാരോദ്ദേശം. പിതാവ് നിശ്ചയിച്ച സമയം അവിടുന്നു ലോകത്ത് പിറന്നു. പിതാവിന്‍റെ പദ്ധതിക്കനുസരണം അവിടുന്നു പ്രവര്‍ത്തിച്ചു. അവസാനം ദൗത്യത്തിന്‍റെ പൂര്‍ത്തിയില്‍ അവിടുന്നു മരിച്ചു. മനുഷ്യര്‍ക്കെല്ലാം മാതൃകയാണ് അവിടുത്തെ ജീവിതം. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങളുടെയും പ്രശ്നങ്ങളുടെയും പിന്നില്‍ അദൃശ്യമായ ദൈവകരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള വിശ്വാസത്തോടെ നമുക്കു ജീവിക്കാം.
ജപം
ഞങ്ങളുടെ സമാധാനവും ആശ്വാസവുമായ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു. കൃപ നിറഞ്ഞ ഈശോയെ! അങ്ങേ പിതാവിന്‍റെ തിരുമനസ്സിനെ നിറവേറ്റുന്നതിനായി കഠിന പീഡകളും കുരിശുമരണം കൂടെയും സഹിച്ചുവല്ലോ. കര്‍ത്താവേ! ഞങ്ങളും ഞങ്ങള്‍ക്കുണ്ടാകുന്ന കുരിശുകളായ സങ്കടങ്ങള്‍ എല്ലാം നല്ല ക്ഷമയോടും സന്തോഷത്തോടും കൂടി സഹിക്കുവാന്‍ അനുഗ്രഹം ചെയ്യേണമേ.
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദാശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,
ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,
ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,
നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ,
ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ,
അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,
ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ,
മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,
സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ,
പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,
---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ തിരുമനസ്സനുഷ്ഠിക്കുവാന്‍ എനിക്ക് വരം നല്‍കണമേ.
സല്‍ക്രിയ
ദൈവതിരുമനസ്സിനു നിന്നില്‍ നിറവേറുന്നതിനായി വിശുദ്ധ കുര്‍ബാനയ്ക്കു ഒരു വിസീത്ത കഴിക്കുക.
ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക