Seasonal Reflections - 2025
വിശുദ്ധ അന്തോണീസിനു പുഷ്പിച്ച ലില്ലി ദണ്ഡു സമ്മാനിച്ച യൗസേപ്പിതാവ്
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 13-06-2021 - Sunday
ജൂൺ പതിമൂന്നിനു തിരുസഭ പാദുവായിലെ വിശുദ്ധ അന്തോണീസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു.
800 വർഷങ്ങൾക്കു മുമ്പ് (1195) പോർച്ചുഗലിൻ്റെ തലസ്ഥാനമായ ലിസ്ബണിൽ ജനിച്ച പാദുവായിലെ വിശുദ്ധ അന്തോണീസ് നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി സഭ വണങ്ങുന്നു. പാവപ്പെട്ടവരുടെയും സഞ്ചാരികളുടെയും മധ്യസ്ഥനായ അന്തോണിസിനു വിശുദ്ധിയുടെയും കന്യകാത്വത്തിൻ്റെയും പ്രതീകമായ പുഷ്പിച്ച ദണ്ഡു യൗസേപ്പിതാവു കൊടുക്കുന്നതാണ് ഇന്നത്തെ ചിന്താവിഷയം.
ഫ്രാൻസിസ്കൻ സന്യാസ വേഷത്തിലുള്ള അന്തോണീസിൻ്റെ കരങ്ങളിലേക്ക് പുഷ്പിച്ച ലില്ലി ദണ്ഡു കൈമാറുന്നതാണ് ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ യൗസേപ്പിതാവാണ്. സാധാരണ നമുക്കു പരിചിതമായ യൗസേപ്പിതാവിൻ്റെയും അന്തോണിസ് പുണ്യവാളൻ്റെയും ഒരു കൈയ്യിൽ ഉണ്ണീശോയും മറു കൈയ്യിൽ പുഷ്പിച്ച ലില്ലിച്ചെടിയുമാണ്. ഈശോയെ ലോകത്തിനു കാട്ടിക്കൊടുക്കലായിരുന്നു ഇരുവരുടെയും ഏറ്റവും വലിയ ഉത്തരവാദിത്വം. ഹൃദയത്തിൽ വിശുദ്ധിയുള്ളവർക്കേ ഈശോയെ കാണിച്ചു കൊടുക്കാൻ സാധിക്കുകയുള്ളു എന്നാണ് കൈയ്യിലിരിക്കുന്ന പുഷ്പിച്ച ലില്ലിച്ചെടി പഠിപ്പിക്കുന്നത്.
ഈശോയുടെ മലയിലെ പ്രസംഗത്തിൽ ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.(മത്തായി 5 : 8) എന്നു പഠിപ്പിക്കുന്നുണ്ട്. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണുകയും ദൈവത്തെ മറ്റുള്ളവർക്കു കാണിച്ചു കൊടുക്കും ചെയ്യും എന്നൊരർത്ഥവും യൗസേപ്പിതാവിൻ്റെയും അന്തോണിസിൻ്റെയും ജീവിതത്തിൽ നമുക്കു ദർശിക്കാനാവും.
വിശുദ്ധ യൗസേപ്പിതാവിനെയും അന്തോണിസിനെയും അനുകരിച്ച് ഹൃദയശുദ്ധിയോടെ ജീവിച്ച് ഈശോയെ കാണുവാനും മറ്റുള്ളവർക്കു കാണിച്ചു കൊടുക്കുവാനും നമുക്കു പരിശ്രമിക്കാം.