Seasonal Reflections - 2024

ജോസഫ്: ദൈവപക്ഷത്തു സദാ നിലകൊണ്ടവൻ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 14-06-2021 - Monday

"ഓ ദൈവമേ, അങ്ങിൽ നിന്ന് അകലുകയെന്നാൽ വീഴുകയെന്നാണ്. അങ്ങിലേക്കു തിരിയുകയെന്നാൽ എഴുന്നേറ്റു നിൽക്കലാണ്. അങ്ങിൽ നിലകൊള്ളുകയെന്നത് തീർച്ചയുള്ള പിൻബലമാണ്" സഭാപിതാവായ ഹിപ്പോയിലെ വിശുദ്ധ ആഗസ്തിനോസിന്റെ വാക്കുകളാണിവ. വിശുദ്ധ യൗസേപ്പിതാവിൻ്റെ യഥാർത്ഥ ശക്തിയും കരുത്തും സദാ ദൈവപിതാവിൽ നങ്കൂരമുറപ്പിച്ചുള്ള ജീവിതമായിരുന്നു'.

റോമാക്കാർക്കുള്ള ലേഖനത്തിൽ പൗലോസ് ശ്ലീഹായുടെ ചോദ്യം ഇവിടെ പ്രസക്തമാണ്: "ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?(റോമാ 8 : 31) ദൈവത്തിൽ നിലകൊള്ളുകയെന്നാൽ അവൻ്റെ സ്നേഹത്തിൽ ജീവിക്കുക എന്നാണ്. ദൈവസ്നേഹത്തിൽ നിലകൊള്ളുമ്പോൾ ദൈവം നമ്മുടെ പക്ഷത്താകും. ദൈവം നമ്മുടെ പക്ഷം ചേരുമ്പോൾ നാം ശക്തിയും ബലവുമുള്ളവരായി മാറുന്നു. ദൈവപക്ഷത്തോടു ചേർന്നു നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെങ്കിൽ കേവലം മാനുഷികമായ കാഴ്ചപ്പാടുകളും രീതി ശാസ്ത്രങ്ങളും പിൻതുടർന്നാൽ പോരാ പരിശുദ്ധാത്മ നിറവിൽ ലഭിക്കുന്ന ബോധജ്ഞാനം അത്യന്ത്യാപേക്ഷിതമാണ്.

നസറത്തിലെ ഒരു സാധാരണ മരപ്പണിക്കാരൻ ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധിയായി ഉയർത്തപ്പെട്ടങ്കിൽ മനുഷ്യബുദ്ധിക്കതീതമായ ദൈവനിയോഗങ്ങളും പദ്ധതികളും അവൻ തിരിച്ചറിഞ്ഞതുകൊണ്ടാണ്. യൗസേപ്പ് ദൈവിക പക്ഷത്തു സദാ വ്യപരിച്ചതുവഴി മനുഷ്യവതാര രഹസ്യത്തിൻ്റെ സങ്കീർണ്ണതകൾ ഉൾക്കൊള്ളുവാനും ദൈവഹിതം അനുസരിച്ചു പ്രവർത്തിക്കാനും അവനു സാധിച്ചു. ദൈവപക്ഷത്തു നിലകൊള്ളുമ്പോൾ ആകുലതകളും ഉത്കണ്oകളും നമ്മുടെ ജീവിതത്തിൽ നിന്നു ഓടിയകന്നുകൊള്ളും.

യൗസേപ്പിതാവേ, ദൈവപക്ഷത്തു സദാ നിലകൊള്ളുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.

More Archives >>

Page 1 of 19