Social Media - 2024

ന്യൂനപക്ഷ വിഷയത്തിൽ നീതിപീഠത്തെ സമീപിച്ചവർക്കു തെറ്റുപറ്റിയോ? ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എഴുതുന്നു

ഫാ. വര്‍ഗീസ് വള്ളിക്കാട്ട് 16-06-2021 - Wednesday

കോടതി വിധി എന്തുതന്നെ ആയാലും, ന്യൂനപക്ഷം എന്ന നിലയിൽ തങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ കുറവു വരരുത് എന്നാണ് ലീഗ് പറയുന്നത്. ലീഗിന്റെ നിലപാടിനെ ശരിവച്ചുകൊണ്ടു ഭരണ പ്രതിപക്ഷ പാർട്ടികളിൽപ്പെട്ട പല നേതാക്കളും രംഗത്ത് വന്നുകൊണ്ടുമിരിക്കുന്നു. 'കേസും കോടതിയുമായി പോയതിന്റെ ഫലമായി കിട്ടിക്കൊണ്ടിരുന്ന 20% കൂടി ഇല്ലാതാക്കിയവർ' എന്ന നിലയിലാണ് 'സമനീതി'ക്കുവേണ്ടി കോടതിയെ സമീപിച്ചവരെ ഇപ്പോൾ, ചില ക്രിസ്തീയ നേതാക്കൾ പോലും ചിത്രീകരിക്കുന്നത്. കിട്ടുന്നതു വാങ്ങി മിണ്ടാതിരുന്നാൽ മതിയായിരുന്നില്ലേ, ഇപ്പോൾ ഇതാ, ന്യൂനപക്ഷ ആനുകൂല്യങ്ങൾ പങ്കുവയ്ക്കാൻ തയ്യാറല്ല എന്ന് ലീഗും ഇതര മുസ്ലീം സംഘടനകളും വാശിപിടിച്ചു തുടങ്ങിയിരിക്കുന്നു! ക്രിസ്ത്യൻ സമുദായത്തിനും, അവർക്കുവേണ്ടി നീതിപീഠത്തെ സമീപിച്ചവർക്കും തെറ്റുപറ്റിയോ? ഇവിടെയിപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ഇക്കാര്യത്തിൽ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്, സച്ചാർ കമ്മിറ്റി റിപ്പോർട്ടും പാലോളി മുഹമ്മദുകുട്ടി കമ്മിറ്റി റിപ്പോർട്ടുമാണ്. ഇതു രണ്ടും ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്റെ സമുദ്ധാരണം ലക്ഷ്യമാക്കി പദ്ധതികൾ വിഭാവന ചെയ്യുന്നതിനും നടപ്പാക്കുന്നതിനുള്ള നിദേശങ്ങൾ സമർപ്പിക്കുന്നതിനുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമിച്ച കമ്മിറ്റികളാണ് എന്നതാണ് അവരുടെ നിലപാട്. അത്തരം കമ്മിറ്റികളെ നിയമിക്കാൻ സർക്കാരുകൾക്കുള്ള അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടുമില്ല. സച്ചാർ കമ്മീഷനെ നിയമിച്ച മൻമോഹൻ സിംഗിന്റെ കോൺഗ്രസ്സ് സർക്കാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗം എന്നനിലയിലായിരിക്കണം പ്രാഥമികമായി മുസ്‌ലിം സമുദായത്തെ പരിഗണിച്ചത്.

അല്ലെങ്കിൽ, അതിനു രാഷ്ട്രീയമായ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം. ഏതായാലും കോൺഗ്രസ് സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങളെക്കാൾ, ഒരു ജനതയുടെ നന്മയിലുള്ള താല്പര്യമാണ് അതിനു പിന്നിലുണ്ടായിരുന്നത് എന്നു ചിന്തിക്കാനാണ് വിവേകമുള്ളവർ പരിശ്രമിക്കേണ്ടത്. എന്നാൽ അത്തരം കമ്മിറ്റികളുടെ റിപ്പോർട്ടുകൾ നടപ്പാക്കുന്ന സർക്കാരുകൾക്ക്, അവ രാജ്യത്തിന്റെ ഭരണഘടനക്കും നിയമങ്ങൾക്കും വിധേയമായി മാത്രമേ നടപ്പാക്കാൻ കഴിയൂ എന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കമ്മിറ്റികൾക്ക് പിന്നിലെ കാരണങ്ങളും താൽപ്പര്യങ്ങളും എന്തുതന്നെയായിരുന്നാലും, ഇപ്പോൾ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക മന്ത്രാലയവും, വകുപ്പും ഭരണ സംവിധാനങ്ങളും വമ്പിച്ച ക്ഷേമ പദ്ധതികളുമുള്ള ഒരു ഭരണ സംവിധാനമായി, 'ന്യൂനപക്ഷ' വകുപ്പെന്നും മന്ത്രാലയമെന്നും കമ്മീഷനെന്നുമുള്ള പേരുകളിൽ അറിയപ്പെടുകയും പ്രവർത്തിച്ചു വരികയും ചെയ്യുന്നത്, ന്യൂനപക്ഷ (ക്ഷേമ) വകുപ്പാണ്, ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിന്റെ മാത്രം ക്ഷേമ/വികസന വകുപ്പല്ല.

കേരളത്തിലെ പ്രബല ന്യൂനപക്ഷ സമുദായം എന്ന നിലയിൽ, തങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ കുറവു വരരുത് എന്നു പറയുന്നതിൽ ലീഗിനെ കുറ്റപ്പെടുത്താനാവില്ല. ന്യൂനപക്ഷ ആനുകൂല്യങ്ങൾ മാത്രമല്ല, പിന്നോക്ക വിഭാഗം എന്ന നിലയിൽ കേരളത്തിലെ മുസ്ലീം മതാനുയായികൾക്ക് (അവർ വിശ്വസികളോ നിരീശ്വര വാദികളോ മതം നിരാകരിച്ചവരോ ആയാലും) സാമൂഹിക സാമ്പത്തിക പരിഗണനകൾ ഇല്ലാതെ കിട്ടിക്കൊണ്ടിരിക്കുന്ന 12% സംവരണത്തിലും കുറവു വരരുത് എന്നതാണ് പാർട്ടിയുടെയും സമുദായത്തിന്റെയും താൽപ്പര്യവും രാഷ്ട്രീയ നിലപാടും!

ഇന്ത്യയിൽ ഹിന്ദു സമുദായത്തിൽ നിലനിന്നിരുന്ന ജാതി വിവേചനങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നു മാറ്റിനിർത്തപ്പെട്ടിരുന്ന അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സംവരണത്തിന്റെ ആനുകൂല്യം, ആ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് മാത്രമല്ല ഇതര സമൂഹങ്ങളിലെ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട (ഒബിസി) വ്യക്തികൾക്കുംകൂടി നൽകിവരുന്നതിനെ ക്രൈസ്തവർ അങ്ങേയറ്റം അനുകൂലിക്കുന്നു. ഹൈന്ദവ സമൂഹവും അതിനെ എതിർക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല. സംവരണേതര വിഭാഗങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ കേന്ദ്രത്തിലെ ബി ജെ പി സർക്കാരിന്റെ നടപടിയും, അതു കേരളത്തിൽ നടപ്പാക്കുന്നതിന് കഴിഞ്ഞ ഇടതുപക്ഷ സർക്കാർ സ്വീകരിച്ച നടപടികളും ഇതുപോലെതന്നെ പ്രശംസിക്കപ്പെടേണ്ടതല്ലേ?

എന്നാൽ സംസ്ഥാന സർക്കാരിന്റെ ഈ നടപടിയെ എതിർക്കുകയും അതിനെതിരെ രംഗത്തു വരികയും ചെയ്ത ലീഗ് നേതൃത്വം ഒരു കാര്യം ആലോചിക്കണമായിരുന്നു: ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ട മുഴുവൻ ആളുകൾക്കും പിന്നാക്ക വിഭാഗത്തിനുള്ള 12% സംവരണ ആനുകൂല്യം കിട്ടുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും അതിനെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നുമുള്ള വസ്തുത.

വസ്തുതാപരമായി പരിശോധിച്ചാൽത്തന്നെ, ഇന്ത്യയിൽ മുസ്ലീം സമൂഹം ഏറ്റവും പിന്നാക്കാവസ്ഥ അനുഭവിക്കുന്ന സംസ്ഥാനമാണോ കേരളം? പിന്നാക്ക സമുദായ സംവരണം ഒരു മതത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നൽകാനെടുത്ത ഈ തീരുമാനം ഭരണഘടനാ അനുസൃതവും നിയമവിധേയവുമാണോ, അതോ രാഷ്ട്രീയ സ്വാധീനംകൊണ്ട് നേടിയെടുത്തതാണോ എന്ന് ചോദിക്കുന്നതിൽ കഴമ്പില്ല. കാരണം, രാഷ്ട്രീയ പാർട്ടികൾക്ക് അധികാരവും സ്വാധീനവും വർധിക്കുന്നതനുസരിച്ച്‌, നിയമവും ഭരണഘടനയും അവഗണിച്ചും അവർ ആനുകൂല്യങ്ങൾ കരസ്ഥമാക്കും എന്നത് ഇന്ന് ആരെയും അത്ഭുതപ്പെടുത്തുന്നില്ല!

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, ഒരു സംഘടിത സമുദായത്തിന്റെ സ്വാധീനശക്തി അറിയുന്ന രാഷ്ട്രീയ പാർട്ടികൾ, തങ്ങളാണ് ആ സമുദായത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മറ്റാരേക്കാളും മുൻപിൽ നിൽക്കുന്നത് എന്നു കാണിക്കാൻ മത്സരിക്കുന്നതിലും അത്ഭുതത്തിനവകാശമില്ല. ഇപ്പോൾ കോടതിവിധിക്കെതിരെ പ്രത്യക്ഷമായി രംഗത്തുവരാൻ രാഷ്ട്രീയ നേതാക്കൾ തിടുക്കം കൂട്ടുന്നതിന്റെ കാരണവും മറ്റൊന്നല്ല എന്നു വ്യക്തമാണ്. നിയമത്തിന്റെ മാർഗത്തെ തടസപ്പെടുത്താൻ ചിലപ്പോഴൊക്കെ സമ്മർദ്ദ തന്ത്രങ്ങൾ പ്രയോജനപ്പെടുത്തുന്നതും രാഷ്ട്രീയത്തിൽ പുതുമയുള്ള കാര്യമല്ല. ഇതൊക്കെ ഇവിടെ എല്ലാവർക്കും മനസ്സിലാകുന്നതുമാണ്.

'സമനീതി' എന്നത് ഭരണഘടനയിൽ എഴുതിചേർത്തവരുടെ തലമുറ മിക്കവാറും അസ്തമിച്ചിരിക്കുന്നു! മുസ്‌ലിം-ക്രിസ്ത്യൻ-ഇതര ന്യൂനപക്ഷങ്ങൾക്കിടയിലും തുല്യനീതിയുടെയും അവസര സമത്വത്തിന്റെയും തത്വം പ്രസക്തമാണ് എന്നു ചൂണ്ടിക്കാട്ടിയ കോടതി വിധിയെ, സച്ചാർ, പാലോളി കമ്മിറ്റികളുടെ സാങ്കേതികത്വം പറഞ്ഞു ചെറുതാക്കിക്കാണിക്കാനുള്ള ശ്രമം നല്ലതാണോ? സാധാരണ പൗരന്മാർക്ക് ഏക ആശ്രയമായ കോടതിയെ സമീപിച്ചത് മര്യാദകേടായിപ്പോയി എന്നു പറയാതെ പറയുന്ന നേതാക്കളല്ലേ യഥാർത്ഥത്തിൽ, സമൂഹത്തിൽ സ്പർധയും വർഗീയ വികാരങ്ങളും വിതയ്ക്കുന്നത്?

കോടതി വിധി മാനിക്കണമെന്നും തങ്ങളെക്കൂടി പരിഗണിക്കണമെന്നും ഭരണാധികാരികളോട് അപേക്ഷിക്കുന്നത് ഒരു മോശം കാര്യമാണോ? സ്വന്തം സമുദായത്തിലുള്ള സാധാരണക്കാർക്ക് നിലനിൽക്കാനും വളരാനുമുള്ള അവസരങ്ങളും, പഠിക്കാനും ജോലി ചെയ്യാനും സാമ്പത്തികവും സാമൂഹികവുമായി മെച്ചപ്പെടാനുമുള്ള അവസരങ്ങളുമുണ്ടാകണമെന്ന് ആവശ്യപ്പെടുന്ന സമുദായ നേതാക്കൾ അവഹേളിക്കപ്പെടേണ്ടവരാണോ?

അർഹമായ നീതി ആർക്കും നിഷേധിക്കരുത് എന്നുമാത്രമാണ് എല്ലാ രാഷ്ട്രീയ നേതാക്കളോടും ഭരണകർത്താക്കളോടുമുള്ള അപേക്ഷ. ഇങ്ങനെയൊക്കെ പറയേണ്ടിവരുന്നതിൽ, ഖേദമുണ്ട്. എങ്കിലും, സ്വന്തം ഇടവകയിലെ ജനങ്ങളുടെയെങ്കിലും നിജസ്ഥിതി അറിയുന്ന ഒരിടയന് പറയാതിരിക്കാൻ കഴിയില്ലല്ലോ.

ഫാ. വർഗീസ് വള്ളിക്കാട്ട്


Related Articles »