News - 2024

'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' സുവിശേഷം തെറ്റായി പ്രഘോഷിക്കുന്നു: നൈജീരിയന്‍ ആംഗ്ലിക്കന്‍ സഭ

സ്വന്തം ലേഖകന്‍ 11-06-2016 - Saturday

അബൂജ: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടുമായുള്ള നൈജീരിയന്‍ ആംഗ്ലിക്കന്‍ സഭയുടെ ബന്ധത്തില്‍ വിള്ളല്‍. നൈജീരിയന്‍ ആംഗ്ലിക്കന്‍ സഭയുടെ തലവനായ ആര്‍ച്ച് ബിഷപ്പ് നിക്കോളാസ് ഒക്കോഹ്, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നടപടികള്‍ക്കെതിരേ രംഗത്തു വന്നു. 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' സുവിശേഷം തെറ്റായി പ്രഘോഷിക്കുകയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലിവര്‍പൂളിലെ ആംഗ്ലിക്കന്‍ രൂപതയിലേക്കു വനിത സഹായക മെത്രാനെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വാഴിച്ചതിനെ തുടര്‍ന്നാണ് സഭകള്‍ തമ്മിലുള്ള ബന്ധം വഷളായത്.

"തെറ്റായ സുവിശേഷമാണ് ഇംഗ്ലണ്ടിലെ സഭ നടപ്പിലാക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും ഒരു നിയന്ത്രണരേഖയുണ്ട്. ഇവിടെ അതു മറികടന്നിരിക്കുന്നു. അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ സഭ നടപ്പിലാക്കുന്ന ഇത്തരം നടപടികള്‍ ഇപ്പോള്‍ ഇംഗ്ലണ്ടിലെ സഭകളിലും വ്യാപകമായി തീര്‍ന്നിരിക്കുന്നു. ഇതിനെ എതിര്‍ക്കേണ്ടതുണ്ട്". ആര്‍ച്ച് ബിഷപ്പ് നിക്കോളാസ് ഒക്കോഹ് പുറപ്പെടുവിച്ച കല്‍പ്പനയില്‍ പറയുന്നു. നൈജീരിയായിലെ ഔക്രി രൂപതയ്ക്ക് ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ രൂപതയുമായി ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായും അദ്ദേഹം കല്‍പ്പനയില്‍ പറയുന്നു.

ഗ്ലോബല്‍ ആംഗ്ലീക്കന്‍ ഫ്യൂച്ചര്‍ കോണ്‍ഫറന്‍സിന്റെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ കൂടിയാണ് ആര്‍ച്ച് ബിഷപ്പ് ഒക്കോഹ്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ നടപടികളെ യാഥാസ്ഥിതികരായ ആംഗ്ലിക്കന്‍ വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആംഗ്ലിക്കന്‍ സഭയുടെ ഹൃദയഭാഗത്തായി ബൈബിളിനെ പ്രതിഷ്ഠിക്കുന്നുവെന്നും ഇതിന്റെ വെളിച്ചത്തില്‍ മാത്രമേ മുന്നോട്ടു നീങ്ങുകയുള്ളുവെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.


Related Articles »