News - 2024

'പാഷന്‍ ഓഫ് ദ ക്രൈസ്റ്റി'ന്റെ അമരക്കാര്‍ വീണ്ടും ഒന്നിക്കുന്നു; പുതിയ ചലച്ചിത്രം ഉയിര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച്

സ്വന്തം ലേഖകന്‍ 13-06-2016 - Monday

വാഷിംഗ്ടണ്‍: ക്രിസ്തുവിന്റെ പീഡാനുഭവവും ക്രൂശുമരണവും ചിത്രീകരിച്ച 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ സംവിധായകനായ മെല്‍ ഗിബ്‌സണും തിരക്കഥാകൃത്ത് റാന്‍ഡല്‍ വലേസും ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ജീവിതവും സ്വര്‍ഗാരോഹണം വരെയുള്ള സംഭവങ്ങളാണു ചലച്ചിത്രമാക്കുവാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിക്കുന്ന ചര്‍ച്ചകള്‍ ഇതിനോടകം തന്നെ തങ്ങള്‍ നടത്തി കഴിഞ്ഞുവെന്ന് തിരക്കഥാകൃത്ത് വെളിപ്പെടുത്തി. 2004-ല്‍ പുറത്തുവന്ന 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' ലോകമെമ്പാടും വന്‍ സ്വീകാര്യതയാണു നേടിയത്. 30 മില്യണ്‍ യുഎസ് ഡോളര്‍ നിര്‍മ്മാണത്തിനായി ചെലവഴിച്ച ചിത്രം ആകെ 612 മില്യണ്‍ ഡോളറാണ് തിയറ്ററുകളില്‍ നിന്നും വാരികൂട്ടിയത്.

"ഉയിര്‍പ്പിന്റെ കഥയും എനിക്ക് പറയണമെന്നുണ്ടായിരുന്നു. പീഡാനുഭവം ഒരു തുടക്കം മാത്രമാണ്. ഉയിര്‍പ്പിലൂടെ സ്വര്‍ഗാരോഹണം ചെയ്യുമ്പോള്‍ മാത്രമേ അത് പൂര്‍ത്തിയാകുകയുള്ളു. വിശ്വാസ സമൂഹം പാഷന്‍ ഓഫ് ദ ക്രൈസ്റ്റിനെ മികച്ച രീതിയിലാണ് സ്വീകരിച്ചത്. അതിലും മികച്ചതായിരിക്കും ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ജീവിതം ചിത്രീകരിക്കുന്ന പുതിയ സിനിമ എന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു" തിരക്കഥാകൃത്തായ റാന്‍ഡല്‍ വലേസ് പറയുന്നു. ഡ്യൂക്ക് സര്‍വകലാശാലയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ പഠനം പൂര്‍ത്തീകരിച്ച വ്യക്തി കൂടിയാണ് വലേസ്.

'പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍' ക്രിസ്തുവിനെ അവതരിപ്പിച്ച ജിം കാവിസെല്‍ തന്നെയാകുമോ പുതിയ ചിത്രത്തിലും വേഷമിടുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അഭിനേതാക്കളെ ആരേയും തീരുമാനിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഇതിവൃത്തമാക്കി അവസാനം പുറത്തു വന്ന ചലച്ചിത്രം 'റൈസന്‍' ആണ്. റോമന്‍ പടയാളിയുടെ കാഴ്ച്ചപാടിലൂടെ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന രീതിയിലാണ് 'റൈസന്‍' ചീത്രീകരിച്ചിരിക്കുന്നത്.


Related Articles »