News - 2024
40 ദിനം, 40 നിയോഗങ്ങള്‍: ആയിരങ്ങള്‍ക്ക് പുതിയ ആത്മീയാനുഭവം സമ്മാനിച്ച് ഷെക്കെയ്നയില്‍ പരിത്യാഗ പ്രാര്‍ത്ഥന ശുശ്രൂഷ തുടരുന്നു
16-07-2021 - Friday
തൃശൂര്‍: നാല്‍പ്പത് നിയോഗങ്ങളുമായി നാല്‍പ്പത് ദിനം നീണ്ടു നില്‍ക്കുന്ന പരിത്യാഗ പ്രാര്‍ത്ഥന ശുശ്രൂഷയുമായി ഷെക്കെയ്ന ടെലിവിഷന്‍ ആരംഭിച്ച 'പ്രാര്‍ത്ഥനയാല്‍ ലോകത്തെ സ്പര്‍ശിക്കുക' ആയിരങ്ങള്‍ക്ക് പുതിയ ആത്മീയ അനുഭവമാകുന്നു. പ്രാര്‍ത്ഥനയ്ക്കും പരിത്യാഗത്തിനും പ്രാധാന്യം നല്‍കി പാപികളുടെ മാനസാന്തരത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായുള്ള 40 ദിന ശുശ്രൂഷയാണ് 'പ്രാര്‍ത്ഥനയാല്‍ ലോകത്തെ സ്പര്‍ശിക്കുക' അഥവാ ടച്ച് ദി വേള്‍ഡ് ത്രൂ പ്രയര്‍ എന്ന ശുശ്രൂഷ. വ്യക്തിപരമായ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ക്ക് പകരം പാപം പെരുകുന്ന ലോകത്തില്‍ സ്വര്‍ഗത്തിന്റെ നിലവിളിക്കുത്തരമായി വിവിധ വിഷയങ്ങള്‍ സമര്‍പ്പിച്ചുക്കൊണ്ടാണ് ശുശ്രൂഷ നടന്നുക്കൊണ്ടിരിക്കുന്നത്. കഞ്ചിക്കോട് റാണിയ്ക്കു ലഭിച്ച സന്ദേശങ്ങള്‍ ഇതില്‍ പങ്കുവെയ്ക്കുന്നുണ്ട്. അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായ ശുശ്രൂഷകരും ഒന്നിക്കുന്ന ശുശ്രൂഷ ദിവസവും രാത്രി 9.00 മുതല്‍ 10.30വരെയാണ് എല്ലാ ദിവസവും നടക്കുന്നത്.
ഈ കാലഘട്ടത്തെ കുറിച്ചുള്ള സ്വര്‍ഗ്ഗത്തിന്റെ വേദന ഏറ്റെടുത്ത് പരിഹാരം ചെയ്ത് പ്രാര്‍ത്ഥിക്കാന്‍ തയാറായി പതിനായിരങ്ങളാണ് കടന്നുവരുന്നത്. ഷെക്കെയ്‌ന ന്യൂസ് ചാനലില്‍ ലക്ഷകണക്കിനാളുകള്‍ ഈ ശുശ്രൂഷയില്‍ പങ്കെടുക്കുന്നുണ്ട്. യുട്യൂബിലെ തത്സമയ സംപ്രേക്ഷണത്തില്‍ ശരാശരി അയ്യായിരത്തോളം പേര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു പങ്കെടുക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ഡൊമിനിക്ക് വാളന്മനാല്‍, ഫാ. അബ്രാഹം കടിയക്കുഴി, ഫാ. ബോസ്‌കോ ഞാളിയത്ത്, ബ്രദര്‍ തോമസ് കുമളി, ബ്രദര്‍ സന്തോഷ് കരുമത്ര തുടങ്ങീ നിരവധി പ്രമുഖ വചനപ്രഘോഷകരാണ് ഓരോ ദിവസത്തെയും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നത്തെ ശുശ്രൂഷയ്ക്കു സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫാണ് നേതൃത്വം നല്‍കുക. ജൂണ്‍ 29നു ആരംഭിച്ച ശുശ്രൂഷ ഓഗസ്റ്റ് 7നു സമാപിക്കും.