News

ജനങ്ങള്‍ക്ക് വേണ്ടി സ്വരമുയര്‍ത്തിയുള്ള വത്തിക്കാന്റെ ആഹ്വാനത്തെ തള്ളി വെനിസ്വേലൻ പ്രസിഡന്റ്

പ്രവാചകശബ്ദം 24-07-2021 - Saturday

കാരാക്കസ്: വെനിസ്വേലയിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന വത്തിക്കാൻ നിർദ്ദേശത്തെ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കോളാസ്‌ മഡുറോ തള്ളിക്കളഞ്ഞു. രാജ്യത്ത് ഭക്ഷണത്തിനും, മരുന്നിനും കനത്ത ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി നടത്തിയ പ്രതികരണമാണ് മഡുറോ മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളഞ്ഞത്. തൊഴിലില്ലായ്മ നിരക്കു രാജ്യത്തു ഉയർന്ന തോതിലാണ്. 2015ന് ശേഷം 40 ലക്ഷം പൗരന്മാരാണ് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാർഗങ്ങൾ മുന്നോട്ടുവെച്ചുകൊണ്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വെനിസ്വേലയിലെ വ്യാപാരികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ചേംബേഴ്സ് ഓഫ് കൊമേഴ്സിന്റെ അധ്യക്ഷൻ റിക്കാർഡോ കുസാനോയ്ക്കാണ് കത്തയച്ചത്.

ജൂൺ 23നു എഴുതിയ കത്ത് സംഘടനയുടെ എഴുപത്തിയേഴാമത് വാർഷിക യോഗത്തിൽ അംഗങ്ങളെ വായിച്ചു കേൾപ്പിച്ചിരിന്നു. കാരക്കാസിലെ ഓക്സിലറി മെത്രാനായ റിക്കാർഡോ ആൾഡോ ബരേറ്റോയാണ് കത്ത് വായിച്ചു കേൾപ്പിച്ചത്. എന്നാല്‍ വിദ്വേഷം നിറഞ്ഞ കത്തെന്നാണ് മഡുറോ, കർദ്ദിനാൾ പരോളിന്റെ കത്തിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഇടപെടുന്നത് എന്തിനാണെന്ന് പ്രസിഡന്റ് ചോദ്യം ചെയ്തു. ജൂലൈ 21ലെ ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് നിക്കോളാസ്‌ മഡുറോ തന്റെ എതിർപ്പ് വെളിപ്പെടുത്തിയത്. വെനിസ്വേലക്കാർ, പ്രത്യേകിച്ച് രാഷ്ട്രീയ ഉത്തരവാദിത്വം ഉള്ളവർ ഒരുമിച്ചിരുന്ന് പൗരന്മാരുടെ ഓരോ ആവശ്യങ്ങളും ഏതാനും നാളത്തേക്ക് ചർച്ച ചെയ്താൽ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകുകയുള്ളൂ എന്ന് കർദ്ദിനാൾ പിയട്രോ പരോളിൻ കത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനുവേണ്ടി വിഷയവുമായി ബന്ധപ്പെട്ട ആളുകൾക്ക് രാഷ്ട്രീയ നിശ്ചയദാർഢ്യം ഉണ്ടാവുകയും, വ്യക്തിപരമായ നേട്ടങ്ങൾ മാറ്റിനിർത്തി, പൊതു നന്മയെ കരുതി കാര്യങ്ങൾ നടപ്പിലാകാൻ മനസ്സ് കാണിക്കുകയും വേണം. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും കർദ്ദിനാൾ അഭ്യർത്ഥിച്ചിരുന്നു. ഓഗസ്റ്റ് മാസത്തിൽ നോർവെയുടെ മധ്യസ്ഥതയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവായ ജുവാൻ ഗൈഡോയുടെ വീട്ടിൽ പ്രവേശിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സർക്കാർ അധികൃതരുടെ നടപടി മറ്റൊരു പ്രതിസന്ധിക്ക് തുടക്കമിട്ടിരിക്കുകയാണ്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യമാണ് വെനിസ്വേല.

ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി 2013-ല്‍ വെനിസ്വേലന്‍ പ്രസിഡന്റ് പദവിയിലേക്ക് മഡൂറോ തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ വെനിസ്വേല അക്രമത്തിന്റേയും അശാന്തിയുടേയും താഴ്‌വരയായി മാറിയിരിക്കുകയാണ്. വിലകയറ്റവും, നാണയപ്പെരുപ്പവും മൂലം ലക്ഷകണക്കിന് ആളുകളാണ് കൊറോണയ്ക്കു മുന്‍പ് വെനിസ്വേലയില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 60 ശതമാനത്തോളം വരുന്ന ആളുകൾ ജീവൻ നിലനിർത്താനായി സന്നദ്ധ സംഘടനകളെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗം ജനത്തിനും ആശ്വാസമേകുന്നത് കത്തോലിക്ക സഭയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »