Social Media - 2024

ചതുപ്പു നികത്തുമ്പോൾ ആർക്കു വേണം തവളയുടെ സമ്മതം..!

മാത്യു ചെമ്പുകണ്ടത്തില്‍ 31-07-2021 - Saturday

''മനുഷ്യനാഗരികത നേരിടാൻ പോകുന്ന ഏറ്റവും വലിയ അപകടം ജനസംഖ്യ കുറയുന്നതാണ്" പറയുന്നത് മറ്റാരുമല്ല, ടെസ്ല കാർ, സ്പെയ്സ് എക്സ് പ്രോജക്ട് എന്നിവയുടെ സിഇഓയും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോൺ മസ്ക്. "മനുഷ്യൻ തിരിച്ചറിയുന്നതിനേക്കാൾ വലിയ അപകടമാണ് ജനച്ചുരുക്കത്തിലൂടെ സംഭവിക്കാൻ പോകുന്നത്. അതിനാൽ ഞാൻ നല്ലൊരു ഉദാഹരണമായിരിക്കാൻ ആഗ്രഹിക്കുന്നു" ഏഴ് മക്കളുടെ പിതാവായ മസ്ക് എട്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ്, മനുഷ്യവംശത്തിൻ്റെ തകർച്ചയുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് ട്വിറ്ററിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബത്തെ സഹായിക്കുമെന്ന പാലാ രൂപതയുടെയും മറ്റ് കത്തോലിക്കാ രൂപതകളുടെയും തീരുമാനത്തെ പിന്തുണയ്ക്കുന്നതായി വ്യാഖ്യാനിക്കപ്പെടുമോ എന്ന് ഭയന്നിട്ടാകും മലയാളത്തിലെ മാധ്യമ പുലിക്കുട്ടികളൊന്നും മസ്കിൻ്റെ വാർത്ത കണ്ടില്ല. ഒരു പക്ഷേ ഇടത് - വലത് ബുദ്ധിജീവികളുടെയും ഫെമിനിസ്റ്റുകളുടെയും വായിലിരിക്കുന്നത് കേൾക്കണ്ടല്ലോ എന്ന് കരുതായിട്ടും ആകാം!

2019-ലെ കണക്കുകൾ പ്രകാരം കേരളത്തിൽ 30 ലക്ഷം അതിഥിത്തൊഴിലാളികൾ ഉണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ 2020 ഡിസംബർ 1ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർഷംതോറും രണ്ടര ലക്ഷം പേർ പുതുതായി കേരളത്തിലേക്ക് കുടിയേറുന്നുണ്ട് എന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സേഷൻ റിപ്പോർട്ടിലുള്ളത്. 2023 ഓടെ കേരളത്തിൽ 48 - 50 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

നിലവിലെ കണക്കുകൾ പ്രകാരം16 ലക്ഷം മലയാളികൾ മാത്രമാണ് കേരളത്തിനു വെളിയിൽ, ലോകത്താകമാനമായി ജോലി ചെയ്യുന്നത്. ഇതിൽ തൊഴിൽ നഷ്ടപ്പെട്ട ആയിരക്കണക്കിന് മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇതിനോടകം നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്. ഈ സ്ഥാനത്താണ് കേരളത്തിൽ 30 ലക്ഷം പേർ ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നും മറ്റിതര ഇന്ത്യൻ സംസ്ഥാനങ്ങകിൽ നിന്നും വന്നിരിക്കുന്നത്. (അവലംബം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്, വിക്കിപ്പീഡിയ). ബംഗ്ളാദേശിൽ നിന്ന് അനധികൃതമായി വന്നവരും ഭീകരവാദികളും തീവ്രവാദികളും എല്ലാം കേരളത്തിലെ തൊഴിൽ സാധ്യതയെ മുതലെടുത്ത് ഇവിടെ സ്വൈരവിഹാരം നടത്തുന്നു.

കേരളത്തിൽ തൊഴിൽ ചെയ്യാൻ ആവശ്യത്തിന് ജനങ്ങളില്ലാത്തതിനാലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം വർദ്ധിക്കുന്നത്. കേരള സംസ്ഥാനത്തിൻ്റെ വലിപ്പത്തിനും ആവശ്യത്തിനും വേണ്ട ജനങ്ങൾ ഇവിടെയില്ല എന്നാണ് അന്യസംസ്ഥാന കടിയേറ്റം സംശയരഹിതമായി സൂചിപ്പിക്കുന്നത്.

കേരളത്തിൽ ഈ സ്ഥിതിവിശേഷം നിലനിൽക്കമ്പോഴാണ് തങ്ങളുടെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ വേണമെന്ന ക്രൈസ്തവ സഭകളുടെ വാദത്തിന് പ്രസക്തി വർദ്ധിക്കുന്നത്. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കുക എന്ന ക്രൈസ്തവ സഭകളുടെ തീരുമാനമാണ് ഇപ്പോൾ തെരുവിൽ ചോദ്യം ചെയ്യപ്പെടുന്നത്. കേരളത്തിൽ ക്രമാതീതമായി വർദ്ധിച്ചു വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും അതിനുള്ള അടിസ്ഥാന കാരണങ്ങളും ഗൗനിക്കാതെയാണ് ഇടത്-വലത് ബുദ്ധിജീവികളും ഫെമിനിസ്റ്റുകളും വലിയ വായിൽ ക്രൈസ്തവ സഭകളെ ആക്ഷേപിക്കുന്നതും പുലഭ്യം പറയുന്നതും.

1900 കൊല്ലമായി ഇന്ത്യയിൽ, കേരളത്തിൽ നിലനിന്ന് ഭാരതത്തിൻ്റെ സർവ്വതോന്മുഖമായ വികസനത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ക്രൈസ്തവ സഭകൾക്ക് അറിയം ജനസംഖ്യ വിഷയത്തിൽ എന്തു ചെയ്യണമെന്ന്. ചതുപ്പു നികത്തുമ്പോൾ ആർക്കു വേണം തവളയുടെ സമ്മതം ? നിങ്ങൾ നിങ്ങളുടെ പാട്ടിന് പോ.


Related Articles »