Life In Christ - 2024

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിര പോരാളികളായി വിയറ്റ്‌നാമിലെ കന്യാസ്ത്രീകള്‍

പ്രവാചകശബ്ദം 04-08-2021 - Wednesday

ഹോ ചി മിന്‍ സിറ്റി: കോവിഡ് 19 രോഗബാധിതരെന്നു സംശയിക്കുന്നവരുടെ ഇടയില്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തി സാംപിളുകള്‍ പരിശോധനയ്ക്കയച്ചും, രോഗികളെ പരിപാലിച്ചും, പ്രതിരോധമരുന്നുകള്‍ ലഭ്യമാക്കിയും രാജ്യത്തെ കത്തോലിക്ക കന്യാസ്ത്രീകളുടെ അവര്‍ണ്ണനീയമായ ശുശ്രൂഷ. രോഗം അതിരൂക്ഷമായിട്ടുള്ള ഡോങ് നയി പ്രവിശ്യയിലെ ഫീല്‍ഡ് ആശുപത്രികളിലും, ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും സന്നദ്ധ സേവനം ചെയ്യുന്ന എണ്‍പതോളം കത്തോലിക്ക കന്യാസ്ത്രീകള്‍ നൂറുകണക്കിന് കൊറോണ രോഗികള്‍ക്കും, സര്‍ക്കാരിനും ആശ്വാസമാവുകയാണ്.

സുവാന്‍ ലോക്ക് രൂപതയുടെ അപേക്ഷപ്രകാരമാണ് വിവിധ സന്യാസിനീ സഭാംഗങ്ങളായ കന്യാസ്ത്രീകള്‍ സ്വന്തം ആരോഗ്യം പോലും വകവെക്കാതെ കൊറോണക്കെതിരെയുള്ള പോരാട്ടത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സന്യസ്തരുടെ നിസ്തുല സേവനത്തെയും, ത്യാഗത്തെയും അഭിനന്ദിച്ചുകൊണ്ട് പ്രാദേശിക മെഡിക്കല്‍ അധികാരികള്‍ രംഗത്ത് വന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനം, മനശാസ്ത്രപരമായ ഉപദേശം, രോഗികളുടെ പരിപാലനം തുടങ്ങിയവയില്‍ ദിവസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷമാണ് കന്യാസ്ത്രീകള്‍ കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് ഇറങ്ങിതിരിച്ചത്.

വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒറ്റപ്പെട്ട സ്ഥലങ്ങളിലെ രോഗബാധിതരെന്നു സംശയിക്കുന്നവരുടെ മെഡിക്കല്‍ പരിശോധനകള്‍ നടത്തി സാംപിളുകള്‍ ശേഖരിക്കുന്നതിനും, പരിശോധനക്കയക്കുന്നതും, പരിശോധനാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതും, പ്രതിരോധമരുന്ന് കുത്തിവെക്കുന്നതും, വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യുന്നതും സന്യസ്തരുടെ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. രോഗികള്‍ക്കിടയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനും, മെഡിക്കല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും കന്യാസ്ത്രീകള്‍ സജീവമായി തന്നെ രംഗത്തുണ്ട്.

രോഗബാധയുള്ളവരെ കണ്ടെത്തി ആശുപത്രികളില്‍ എത്തിക്കുന്നതിനും സിസ്റ്റര്‍മാര്‍ വലിയ സഹായമാണ് നല്‍കിവരുന്നത്. താല്‍ക്കാലിക ആശുപത്രിയായി പരിവര്‍ത്തനം ചെയ്ത ഒരു സ്കൂളില്‍ കഴിയുന്ന രോഗികളുടെ പരിപാലനവും ഈ കന്യാസ്ത്രീമാരില്‍ ചിലരാണ് നിര്‍വഹിക്കുന്നത്. രോഗികള്‍ തങ്ങളുടെ സഹോദരീ സഹോദരന്‍മാരാണെന്നും മറ്റുള്ളവരുടെ സ്നേഹവും സഹായവുമാണ് അവര്‍ക്കാവശ്യമെന്നും മെയിഡ്സ് ഓഫ് ജീസസ് പ്രീസ്റ്റ് സഭാംഗമായ ഒരു കന്യാസ്ത്രീ പറഞ്ഞു.

ജീവന്റേയും മരണത്തിന്റേയും പോരാട്ടം എന്നാണ് സുവാന്‍ ലോക്ക് ലവ്വെഴ്സ് ഓഫ് ഹോളി ക്രോസ് സഭാംഗമായ സിസ്റ്റര്‍ അന്നാ ട്രാന്‍ തി നുഗുയെറ്റ് തങ്ങളുടെ സേവനത്തെ വിശേഷിപ്പിച്ചത്. പലപ്പോഴും ഭക്ഷണം പോലും ഉപേക്ഷിച്ച് യാതൊരു പരാതിയും കൂടാതെ കന്യാസ്ത്രീമാര്‍ നടത്തുന്ന സേവനങ്ങളും, അവരുടെ സൗഹൃദം നിറഞ്ഞ പെരുമാറ്റവും മറ്റ് സ്റ്റാഫുകള്‍ക്കും പ്രചോദനമായിരിക്കുകയാണെന്നു ബിയന്‍ ഹോവ ഹെല്‍ത്ത് കേന്ദ്രത്തിലെ ഡോക്ടര്‍ ലാന്‍ അന്‍ പറഞ്ഞു. 62 നഗരങ്ങളിലായി 161,431 രോഗബാധയും, 1,660 മരണങ്ങളുമാണ് വിയറ്റ്‌നാമില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »