Seasonal Reflections - 2024

നസ്രത്തിലെ യൗസേപ്പും ആർസിലെ വികാരിയും

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 04-08-2021 - Wednesday

ആഗസ്റ്റ് മാസം നാലാം തീയതി കത്തോലിക്കാസഭ ഇടവക വൈദീകരുടെ മദ്ധ്യസ്ഥനായ വി.ജോൺ മരിയാ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്നു. യൗസേപ്പു വർഷത്തിലെ വൈദീകരുടെ തിരുനാൾ ദിനത്തിൽ നസറത്തിലെ യൗസേപ്പും ആർസിലെ വികാരിയും നമ്മുടെ ജീവിതത്തെ വഴി നടത്തട്ടെ. നസ്രത്തിലെ യൗസേപ്പിനും ആർസിലെ വികാരിക്കും ഒരേ ഒരു ജീവിത ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ദൈവപുത്രനും ലോകരക്ഷകനുമായ ഈശോയെ ലോകത്തിനു കാണിച്ചു കൊടുക്കുക ഈശോയായിരുന്നു അവരുടെ വിശ്വാസ പ്രമാണവും ജീവിത കേന്ദ്രവും.

എളിമയായിരുന്നു രണ്ടു പേരുടെയും ജീവിത ശക്തി. ഒരിക്കൽ വിശുദ്ധ ജോൺ മരിയാ വിയാനിയോടു പിശാചു പറഞ്ഞു: "എനിക്കു നീ ചെയ്യുന്ന എല്ലാം ചെയ്യാൻ കഴിയും, എനിക്കു നിന്റെ പ്രായശ്ചിത്തങ്ങളും ചെയ്യാൻ കഴിയും, എല്ലാ കാര്യങ്ങളിലും എനിക്കു നിന്നെ അനുകരിക്കാൻ കഴിയും.എന്നിരുന്നാലും ഒരു കാര്യത്തിൽ എനിക്കു കഴിയില്ല, എനിക്കു എളിമയിൽ നിന്നെ അനുകരിക്കാൻ കഴിയില്ല."

"അതുകൊണ്ടു ഞാൻ നിന്നെ തോൽപിക്കുന്നു.” വി. വിയാനി മറുപടി നൽകി.

ഈശോ ശാന്തശീലനും വിനീതഹൃദയനുമാണ് (മത്തായി 11:29). തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്‍െറ രൂപം സ്വീകരിച്ച്‌ മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‌, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തിയ (ഫിലിപ്പി 2:7-8) ദൈവപുത്രനു ഏറ്റവും അനുയോജ്യനായ വളർത്തു പിതാവായിരുന്നു നസറത്തിലെ യൗസേപ്പ്.

ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ മൂല്യം തിരിച്ചറിയുകയോ ചെയ്തട്ടില്ല, യേശു ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്."ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ." (മത്തായി 20:28). എളിയ ജീവിതത്തിലൂടെ ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് യൗസേപ്പിതാവും ആർസിലെ വികാരിയും നമ്മെ ഓർമ്മപ്പെടുത്തുന്നു.

ശുശ്രൂഷയായിരുന്നു ഇരുവരുടെയും ജീവിത താളം. കത്തോലിക്കാ സഭ പൗരോഹിത്യത്തെ വിശേഷിപ്പിക്കുക ശുശ്രൂഷ പൗരോഹിത്യം എന്നാണ്. യൗസേപ്പിതാവിൻ്റെയും ആർസിലെ വികാരിയച്ചൻ്റെയും ജീവിതം ദൈവത്തിനും ദൈവജനത്തിനും വേണ്ടിയുള്ള ശുശ്രൂഷയായിരുന്നു. 2019 ആഗസ്റ്റ് നാലാം തീയതി - ആര്‍സിലെ വികാരിയുടെ 160-Ɔο ചരമവാര്‍ഷികത്തിൽ #ToMyBrotherPriests എന്ന ടാഗ് ലൈനോടെ പാപ്പാ ഫ്രാന്‍സിസ് തൻ്റെ സന്ദേശം ഇപ്രകാരം പങ്കുവച്ചു: “ദൈവത്തിന്‍റെയും അവിടുത്തെ ജനത്തിന്‍റെയും ശുശ്രൂഷയിൽ വ്യാപൃതരായിരിക്കുന്ന വൈദികര്‍ക്കെല്ലാവര്‍ക്കും വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളില്‍ ഞാന്‍ എഴുതുന്നത്, നിങ്ങളുടെ പൗരോഹിത്യ ജീവിതത്തിന്‍റെ താളുകള്‍ മനോഹരമായി കുറിക്കാന്‍ നിങ്ങള്‍ക്കാവട്ടെയെന്നാണ്.”

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1589 നമ്പറിൽ, വി. ജോൺ മരിയ വിയാനിയെ ഉദ്ധരിച്ചുകൊണ്ട് സഭ പഠിപ്പിക്കുന്നു: “പുരോഹിതൻ ഭൂമിയിൽ രക്ഷാ കര പ്രവർത്തനം തുടരുന്നു... ലോകത്തിൽ വൈദികനാരെന്നു യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ നാം മരിക്കും, ഭയം കൊണ്ടല്ല, സ്നേഹം കൊണ്ട്... ഈശോയുടെ ഹൃദയത്തിലെ സ്നേഹമാണു പൗരോഹിത്യം.” വൈദീകരുടെ തിരുനാൾ ദിനത്തിൽ സഭയ്ക്കും ലോകത്തിനു വേണ്ടിയുള്ള അത്യന്ത്യാപേക്ഷിതമായ ഒരു ധര്‍മ്മമാണു പൗരോഹിത്യം എന്നു തിരിച്ചറിയാം. പുരോഹിതധര്‍മ്മം ഈശോയോടുള്ള പരിപൂര്‍ണ്ണ വിശ്വസ്തയും അവിരത ഐക്യവും ആവശ്യപ്പെടുന്നു. വിശുദ്ധ യൗസേപ്പിതാവിൻ്റെയും വിശുദ്ധ ജോണ്‍ മരിയ വിയാനി ജീവിതം നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »