Sunday Social Media

മരിയ വിശുദ്ധിയുടെ ഏഴു ഭാവങ്ങൾ

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 15-08-2021 - Sunday

പരിശുദ്ധ കന്യകാമറിയത്തിന് തിരുസഭയിൽ നൽകുന്ന വണക്കത്തിനു ഹൈപ്പർ ദൂളിയാ (Hyper dulia) എന്നാണ് പറയുന്നത്. ഉന്നതമായ വണക്കം എന്നാണ് ഇതിന്റെ അർത്ഥം. രണ്ടാം വത്തിക്കാൻ കൗൺസിന്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണ രേഖയിൽ യഥാർത്ഥ മരിയഭക്തി എന്തിലടങ്ങിയിരിക്കുന്നു എന്നു പഠിപ്പിക്കുന്നുണ്ട് : " അടിയുറച്ച വിശ്വാസത്തിൽ നിന്നു പുറപ്പെടുന്നതും തന്മൂലം ദൈവ ജനനിയുടെ മാഹാത്മ്യം അറിയാൻ ഇടയാകുന്നതിലും പുത്ര സഹജമായി സ്നേഹിച്ച് അമ്മയുടെ സുകൃതങ്ങൾ അനുകരിക്കാൻ പ്രചോദനം ലഭിക്കുന്നതിലുമാണ് അതു അടങ്ങിയിരിക്കുന്നത്. " ( തിരുസഭ നമ്പർ 66 ). കന്യകാമറിയം ദൈവപുത്രന്റെ അമ്മയാകാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ്. ക്രിസ്തു കേന്ദ്രീകൃതമാണ് സഭയിലെ മരിയ ഭക്തി. ക്രിസ്തുവിനെ പൂർണ്ണമായി അറിയുന്നതിലും സ്നേഹിക്കുക ന്നതിലും സേവിക്കുന്നതിലും ആണല്ലോ യഥാർത്ഥ മരിയ ഭക്തി അടങ്ങിയിരിക്കുക . കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥതയിൽ ഈ ജീവിത വിശുദ്ധി സ്വയാത്തമാക്കുക എന്നതാണല്ലോ എല്ലാ മരിയൻ തിരുനാളുകളുടെയും പ്രധാന ലക്ഷ്യം. ക്രിസ്തുവിനോടു ചേർന്നു നിന്ന മറിയത്തിന്റെ ജീവിത വിശുദ്ധിക്കു ഏഴു ഭാവങ്ങൾ അഥവാ വശങ്ങൾ ഉണ്ടായിരുന്നു.

1) മറിയം അദൃശ്യയായിരുന്നു ‍

മറിയം പിറകെ നിൽക്കാൻ ഇഷ്ടപ്പെട്ടവളാണ്. ക്രിസ്തുവിനെ മറന്നും മറികടന്നും അവൾ ഒന്നും ചെയ്തില്ല. ക്രിസ്തുവിനു വേദി യോരുക്കി പിന്നിണിയിൽ നിലകൊണ്ട ആ അമ്മയുടെ ഹൃദയത്തിൽ എപ്പോഴും മകനുണ്ടായിരുന്നു. അവിടെ അവനോടൊപ്പം എല്ലാം അവൾ സംഗ്രഹിച്ചു. സ്നാപക യോഹന്നാനെപ്പോലെ ക്രിസ്തു വരുമ്പോൾ അപ്രത്യയക്ഷയാകാൻ ആഗ്രഹിക്കുന്ന അമ്മ. മറിയത്തിന്റെ ഏറ്റവും വലിയ മഹത്വം അവൾ ചെറിയവളായിരുന്നു അല്ലങ്കിൽ ചെറിയവളാകുന്നതിൽ സംതൃപ്തി കണ്ടെത്തിയവൾ എന്ന നിലയിലാണ് നീതി സൂര്യനായ ക്രിസ്തു സദാ ജ്വലിക്കാൻ സ്വയം പിന്മാറുന്ന ഉഷകാല നക്ഷത്രമാണ് മറിയം.

2) മറിയം എളിമയുള്ളവളായിരുന്നു ‍

മരിയ വിശുദ്ധിയുടെ രണ്ടാമത്തെ ഭാവം എളിമയാണ്. മറിയം എപ്പോഴും എളിയവളായിരന്നു, വിനയാന്വിതയും സ്വയം പിൻവാങ്ങുന്നവളുമായിരുന്നു. വാക്കിലും പ്രവർത്തിയിലും എളിമ മുഖമുദ്രയാക്കിയവളായിരുന്നു മറിയം . ദൈവം തന്നതാണെന്ന ബോധ്യത്തോടെ, എല്ലാ പ്രവർത്തികളിലും ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള ശ്രമമാണ് എളിമയെങ്കിൽ മറിയത്തിന്റെ ജീവിതം അതു തന്നെയല്ലേ. എളിമ സത്യമാണ് മറിയത്തിന്റെ വിശുദ്ധി എളിമയിൽ അധിഷ്ഠിതമായതിനാൽ അതിൽ സത്യമുണ്ട്. അതിനാൽ മറിയത്തിന്റെ പക്കൽ അഭയം തേടുന്നവരിൽ ഈ എളിമയുടെ അംശം ഉണ്ടായിരിക്കും. എളിമയില്ലാത്ത മനസ്സ് കാറ്റും കോളും നിറഞ്ഞ് ആര്‍ത്തിരമ്പുന്ന കടല്‍ പോലെയാണ് , ജീവിതമാകുന്ന കടലിൽ അഹങ്കാരത്തിന്റെ തിരമാലകള്‍ ഉയർന്നാൽ ബന്ധങ്ങള്‍ അതു വ്യക്തി ബന്ധങ്ങളായാലും കുടുംബ ബന്ധങ്ങളായാലും അവ തകര്‍ത്തു കളയും.

3) മറിയം നിശബ്ദയായിരുന്നു

മറിയം നിശബ്ദയായിരുന്നു. നിശബ്ദതയിൽ വിരിയുന്ന പ്രാർത്ഥനകൾക്കു ദൈവഹിതം വേഗം ഗ്രഹിക്കാനും അതനുസരിച്ചു തീരുമാനങ്ങൾ എടുക്കുവാനും കഴിയും. സഭാപ്രസംഗകൻ ഉദ്ബോധിപ്പിക്കുന്നു " ദൈവം സ്വര്‍ഗത്തിലാണ്‌, നീ ഭൂമിയിലും. അതുകൊണ്ട്‌, നിന്‍െറ വാക്കുകള്‍ ചുരുങ്ങിയിരിക്കട്ടെ" (സഭാപ്രസംഗകന്‍ 5 : 2). യേശുവിന്റെ ജീവിതശൈലിയും ഇപ്രകാരമായിരുന്നു അവന്റെ പ്രാർത്ഥനകകളും സംസാരങ്ങളും ലളിതവും ഹ്രസ്വവുമായിരുന്നു. മറിയം മറ്റാരെയുംകാൾ അതു മനസ്സിലാക്കിയിരുന്നു. സ്നേഹം നിശബ്ദത അന്വേഷിക്കുന്നു. മറിയവും സഭാപ്രസംഗം വായിച്ചിരുന്നിരിക്കാം അതിനാലായിരിക്കാം കാനായിലെ കല്യാണവിരുന്നിൽ "അവർക്കു വീഞ്ഞില്ല " എന്ന പ്രാർത്ഥന മറിയം ഉരുവിട്ടത്. നിശബ്ദത ശീലിച്ചിരുന്ന മറിയം മകന്റെ വാക്കു കേട്ടു പരിചാരകരോടു പറഞ്ഞു " അവൻ പറയുന്നതുപോലെ നിങ്ങൾ ചെയ്യുവിൻ" . (യോഹ 2:3,5).

4) മറിയം ഭാഗ്യവതി

മറിയം സ്ത്രീകളിൽ ഭാഗ്യവതിയാണ്. മറിയം തന്നെത്തന്നെ ലൂക്കാ സുവിശേഷത്തിൽ വിശേഷിപ്പിക്കുക ഭാഗ്യവതി എന്നാണ്. "ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും." (ലൂക്കാ 1 : 48 ) മറിയം ഭാഗ്യവതിയായത് കർത്താവു അരുളിചെയ്ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ചാണ്. അങ്ങനെ മറിയം അതിരു കടന്ന വർഗ സ്നേഹത്തിനും സ്ത്രീപക്ഷവാദത്തിനുംഉള്ള മറുമരുന്നായി. ഇവ രണ്ടിന്റെയും ചൂടും ചൂരും തിരിച്ചറിഞ്ഞു ക്രിയാത്മകമായി പ്രതികരിക്കാൻ മനുഷ്യവംശത്തെ പഠിപ്പിക്കുകുന്നവൾ. ക്രിസ്തുവിനെപ്പോലെ മറിയവും പുതു വീഞ്ഞാണ് അവൾ നമ്മുടെ പ്രതീക്ഷകളെയും സങ്കൽപ്പളെയും അതിശയിപ്പിക്കും.

5) മറിയം സദാ സന്നദ്ധയാണ്

മറിയം സദാ സന്നദ്ധയാണ്. മറിയത്തിന്റെ ഫിയാത്ത് "ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക്‌ എന്നില്‍ നിറവേറട്ടെ! (ലൂക്കാ 1 : 38) അതായിരുന്നു അവളിൽ വിളങ്ങിശോദിച്ചിരുന്ന വിശുദ്ധിയുടെ അടിസ്ഥാന കാരണം ദൈവഹിതത്തോടു അതേ എന്നു പറയാൻ അവൾ കാണിച്ച ചടുലത വിശുദ്ധി പ്രാപിക്കാൻ അഭിലഷിക്കുന്ന ഏവർക്കും ഉദാത്തമായ മാതൃകയാണ്.

6) മറിയം ലാളിത്യം നിറഞ്ഞവൾ

മരിയ വിശുദ്ധിയുടെ ആറാമത്തെ ഭാവം ലാളിത്യമാണ്. " കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിന് ജന്മം നൽകിയ ദൈവമാതാവിന്റെ ജീവിതം കാലിത്തൊഴുത്തുപോലെ തന്നെ ലളിതമായിരുന്നു. ജീവിതാന്ത്യംവരെ ഈ ലാളിത്യം അവർ കാത്തുപാലിച്ചു. " മറിയത്തെക്കുറിച്ചു ഇപ്രകാരം എഴുതിയത് ഹൈന്ദവനായ ഡോ. സി. വി. ആനന്ദബോസ് IAS ആണ് എന്നതിൽ അതിനു മാറ്റു കൂടുതലുണ്ട്. അവകാശവാദങ്ങൾ ഉന്നയിക്കാതെ, കുറ്റപ്പെടുത്തലുകളോ താരതമ്യങ്ങളോ ഇല്ലാതെ എവിടെയും ചേര്‍ന്നു പോകാൻ, ജീവിത ലാളിത്യമുള്ളവർക്കേ സാധിക്കു. മറിയം ഏവർക്കും പ്രിയപ്പെട്ടവളായത് ഈ ലാളിത്യം കൊണ്ടും ആണ്.

7 ) മറിയം വിരോചിതയാണ്

വിശുദ്ധി ധീര വ്യക്തികളുടെ സ്വഭാവസവിശേഷതയാണ്. ഭീരുക്കൾക്കു അതു സാധിക്കുകയില്ല. മറിയം ധീരമായ നിലപാടുകൾ, തീരുമാനങ്ങൾ എടുത്ത വ്യക്തിയാണ്. വിശ്വാസത്തിന്റെ കണ്ണുകൾ കൊണ്ടു മാത്രമാണ് അത്തരം ചില തീരുമാനങ്ങൾ അവൾ എടുത്തത്. മനുഷ്യാവതാരം മുതൽ സഭയുടെ ആരംഭം വരെ ഈ ഭൂമിയിൽ ദൈവ പദ്ധതികളാടു സഹകരിച്ച മറിയമല്ലാതെ മറ്റാരാണ് ക്രിസ്തീയ വിശുദ്ധിയുടെ വിരോചിതമായ മാതൃക.

ഓരോ മരിയൻ തിരുനാളും വിശുദ്ധിയിലേക്കുള്ള വിളിയാണ് പ്രത്യേകിച്ചു പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണതിരുനാൾ. പരിശുദ്ധ അമ്മയുടെ വിശുദ്ധിയെ പ്രകീർത്തിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്റെ വീണ എന്നറിയപ്പെടുന്ന പൗരസ്ത്യ സഭാ പിതാവ് വിശുദ്ധ അപ്രേം ഇപ്രകാരം എഴുതി. ”തീർച്ചയായും നീയും നിന്റെ അമ്മയും മാത്രം എല്ലാ തലങ്ങളിലും പൂർണസൗന്ദര്യം നിറഞ്ഞുനിൽക്കുന്നു…. എന്റെ കർത്താവേ, നിന്നിലും നിന്റെ അമ്മയിലും യാതൊരു മാലിന്യവും ഇല്ലെന്ന് ഞാൻ ഏറ്റുപറയുന്നു… " വിശുദ്ധ അപ്രം വീണ്ടും മറിയത്തിന്റെ മഹത്വത്തെ പ്രകീർത്തിച്ചുകൊണ്ടു പറഞ്ഞു. "മറിയത്തെപ്പോലെ ഏതൊരമ്മയ്ക്കാണ് തന്റെ മടിയിലിരിക്കുന്ന കുഞ്ഞിനെ മകനെന്നും സ്രഷ്ടാവിന്റെ സുതനെന്നും വിളിക്കുവാന്‍ സാധിക്കുക". ആ അമ്മയുടെ മേലങ്കിക്കുള്ളിൽ നമുക്കും അഭയം തേടാം വിശുദ്ധിയിൽ വളരാം.


Related Articles »