Faith And Reason - 2024

സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ജസ്ന ഗോര മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചത് 40,000 വിശ്വാസികള്‍

പ്രവാചകശബ്ദം 18-08-2021 - Wednesday

സെസ്റ്റോച്ചോവ: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 15ന് പോളണ്ടിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ സെസ്റ്റോച്ചോവയിലെ ‘ജസ്ന ഗോര’ മരിയന്‍ ദേവാലയത്തിലെത്തിയത് നാല്‍പ്പതിനായിരത്തോളം തീര്‍ത്ഥാടകര്‍. വിവിധ സ്ഥലങ്ങളില്‍ നിന്നു ആരംഭിച്ച 63 തീര്‍ത്ഥാടനങ്ങളിലൂടെയാണ് ഇത്രയും വിശ്വാസികള്‍ ദേവാലയത്തില്‍ എത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ പാലിച്ചായിരുന്നു ഇക്കൊല്ലത്തെ തീര്‍ത്ഥാടനം. റാഡോം രൂപതയുടെ നാല്‍പ്പത്തിമൂന്നാമത് കാല്‍നട തീര്‍ത്ഥാടനത്തില്‍ റാഡോം ബിഷപ്പ് മോണ്‍. മാരെക് സോളാര്‍സിക്കും പങ്കെടുത്തിരിന്നു.

വൈദികരും സന്യസ്തരും അത്മായരും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ വിവിധ തുറകളിലും വിവിധ പ്രായത്തിലുമുള്ള നിരവധി തീര്‍ത്ഥാടക സംഘങ്ങളാണ് ഈ വര്‍ഷം മെയ് മാസത്തിനും ഓഗസ്റ്റ് പകുതിക്കും ഇടയിലായി തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചതെന്നു ജസ്ന ഗോര പ്രസ്സ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 133 കാല്‍നട തീര്‍ത്ഥാടക സംഘവും 185 സൈക്കിള്‍ തീര്‍ത്ഥാടക സംഘവും, ഓട്ടക്കാരുടെ 13 സംഘവും, കുതിരപ്പുറത്തെത്തിയ ഒരു സംഘവും ഇതില്‍ ഉള്‍പ്പെടുന്നു. യൂറോപ്യന്‍ തീര്‍ത്ഥാടകരില്‍ 20 ശതമാനവും പോളണ്ട് സ്വദേശികള്‍ തന്നെയാണെന്നും ബാക്കിയുള്ളവരില്‍ 5 ശതമാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നുമാണ് പ്രസ്സ് ഓഫീസിന്റെ കണക്കുകള്‍ പറയുന്നത്.

മരിയന്‍ തീര്‍ത്ഥാടനത്തോടുള്ള പോളിഷ് കത്തോലിക്കരുടെ വലിയ ആഗ്രഹത്തെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന്‍ നിരീക്ഷിക്കപ്പെടുന്നു. സെസ്റ്റോച്ചോവയില്‍ നടന്ന ലോക യുവജന ദിനത്തിന്റെ മുപ്പതാമത് വാര്‍ഷിക നന്ദി പ്രകാശനമെന്ന പ്രത്യേകത കൂടി ഇക്കൊല്ലത്തിന്റെ തീര്‍ത്ഥാടനത്തിനുണ്ട്. ഇതിനുപുറമേ, മദര്‍ എല്‍സ്ബിയറ്റ റോസാ ക്സാക്കാക്കൊപ്പം ഈ വരുന്ന സെപ്റ്റംബര്‍ 12ന് പോളിഷ് കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്കി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതും കണക്കിലെടുത്തായിരുന്നു ഇക്കൊല്ലത്തെ തീര്‍ത്ഥാടനം.

വിശുദ്ധ ലൂക്ക വരച്ചതായി കരുതപ്പെടുന്ന 'ഔര്‍ ലേഡി ഓഫ് സെസ്റ്റോചോവ' അഥവാ 'ബ്ലാക്ക് മഡോണ' ചിത്രം സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ‘ജസ്‌ന ഗോറെ’. ഇവിടെ സൂക്ഷിച്ചിരിക്കുന്ന നാലടി പൊക്കമുള്ള പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തെ രാജ്യം ഏറെ ആദരവോടെയാണ് ഇന്നും കാണുന്നത്. 1652-ല്‍ പോളണ്ടിന്റെ രാജാവായിരുന്ന ജോണ്‍ രണ്ടാമന്‍ കാസിമിര്‍ രാജ്യത്തിന്റെ രാജ്ഞിയായി ദൈവമാതാവിനെ പ്രഖ്യാപിക്കുകയും, ബ്ലാക്ക് മഡോണ രൂപത്തിന് പ്രത്യേക പ്രാധാന്യം നല്‍കുകയും ചെയ്തിരിന്നു. 1717 സെപ്റ്റംബര്‍ എട്ടാം തീയതി ക്ലെമന്റ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് മാതാവിന്റെ ചിത്രത്തെ കാനോനികമായ കിരീടധാരണത്തിലേക്ക് ഉയര്‍ത്തിയത്. റോമിന് പുറത്ത് ആദ്യമായി നടന്ന ആ ചടങ്ങില്‍ ഏതാണ്ട് രണ്ടു ലക്ഷത്തോളം വിശ്വാസികളാണ് അന്നു പങ്കെടുത്തത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »