India - 2026
ഇത് വിശ്വാസം സൂക്ഷ്‌മമായി പരിശോധിക്കപ്പെടുന്ന സമയം: ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
05-02-2026 - Thursday
ബംഗളൂരു: പൊതുമണ്ഡലത്തിൽ മനഃസാക്ഷി കൂടുതൽ പരീക്ഷിക്കപ്പെടുകയും വിശ്വാസം സൂക്ഷ്‌മമായി പരിശോധിക്കപ്പെടുകയും ചെയ്യുന്ന സമയമാണിതെന്ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ബംഗളൂരു സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ ആരംഭിച്ച ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷ വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആശങ്കകൾക്കിടയിലും ധാർമിക വ്യക്തത നൽകാൻ കഴിവുള്ള പ്രത്യാശയുടെയും ഉത്തരവാദിത്വത്തിന്റെയും മിഷ്ണറിമാരായി മാറാൻ അദ്ദേഹം ബിഷപ്പുമാരെ ആഹ്വാനം ചെയ്‌തു. സാങ്കേതികവിദ്യയുടെ, പ്രത്യേകിച്ച് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയിൽ മനുഷ്യത്വരഹിതമായ പ്രവണതകൾക്കെതിരേ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, എല്ലാ വികസനത്തിൻ്റെയും കേന്ദ്രബിന്ദുവായി മനുഷ്യനെ നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
സഭയുടെ സിനഡാത്മക യാത്രയെ കൂടുതൽ ആഴത്തിലാക്കുകയും സഭാജീവിതത്തിൽ സാധാരണക്കാരുടെയും യു വാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. സ്വാഗതപ്രസംഗം നടത്തവെ, സിബിസിഐ സമ്മേളനത്തിൽ 'വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദർശനത്തിനു സഭയുടെ സാക്ഷി' എന്ന വിഷയത്തിൽ നടക്കുന്ന മുഖ്യചർച്ചകൾ ഐക്യം, സാഹോദര്യം, പൊതുനന്മ തുടങ്ങിയവയോടുള്ള സഭയുടെ നിതാന്ത പ്രതിബദ്ധത എടുത്തുപറയുന്നുവെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. മാത്യു കോയിക്കൽ പറഞ്ഞു.
ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണിസ്വാമി വായിച്ചു. സിബിസിഐയുടെ 2024-26 വർഷത്തെ റിപ്പോർട്ട് സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ അവതരിപ്പിച്ചു.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നിയമിതരായ 31 ബിഷപ്പുമാരെ സമ്മേളനത്തിൽ അപ്പസ്തോലിക് ന്യൂൺഷ്യോ ഷാളണിയിച്ചും മെമൻ്റോ നൽകിയും അനുമോദിച്ചു. സിബിസിഐ വൈസ് പ്രസിഡൻ്റ് ബിഷപ്പ് ജോസഫ് മാർ തോമസ് നന്ദി പറഞ്ഞു.

















