Social Media - 2024

മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ മനോഹാരിത

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 25-01-2023 - Wednesday

പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയിൽ സവിശേഷമായ ഒന്നാണ് എല്ലാ ദിവസവും മൂന്നു നന്മ നിറഞ്ഞ മറിയം എന്ന ജപം ചൊല്ലി പ്രാർത്ഥിക്കുന്നത്. എവിടെ നിന്നാണ് ഈ ഭക്തി ആവിർഭവിക്കുന്നത്? പതിമൂന്നാം നൂറ്റാണ്ടിൽ ജർമ്മനിയിലാണു ഈ പ്രാർത്ഥന ഉത്ഭവിച്ചത്. ബനഡിക്ടിൻ സന്യാസിനി ആയിരുന്ന ഹാക്കബോണിലെ വിശുദ്ധ മെറ്റിൽഡയോടു(St. Mechtilde of Hackeborn) പരിശുദ്ധ ത്രിത്വത്തിനു നന്ദി അർപ്പിക്കാനുള്ള ഒരു ഉത്തമ മാർഗ്ഗമായാണു, പരിശുദ്ധ മറിയം ഇതു വെളിപ്പെടുത്തിയത്. കുലീന കുലജാതയായ വി. മെറ്റിൽഡ ഒരിക്കൽ അവളുടെ മരണത്തെക്കുറിച്ചു ചിന്തയിൽ മുഴുകിയിരിക്കുക ആയിരുന്നു. അവളുടെ അന്ത്യ നിമിഷങ്ങളിൽ ദൈവമാതാവായ മറിയത്തിന്റെ സഹായം വേണമെന്നു അവൾ തീക്ഷ്ണമായി പ്രാർത്ഥിക്കുകയായിരുന്നു.

ഒരിക്കൽ പരിശുദ്ധ മറിയം ഇപ്രകാരം പറയുന്നത് അവൾ കേട്ടു: “തീർച്ചയായും ഞാൻ കൂടെ ഉണ്ടാകും, പക്ഷേ ഒരു കാര്യം എനിക്കു നിന്നോടു പറയാനുണ്ട് എല്ലാ ദിവസവും മൂന്നു പ്രാവശ്യം നന്മ നിറഞ്ഞ മറിയം എന്ന ജപം നീ ചൊല്ലണം , ഒന്നാമത്തെ നന്മ നിറഞ്ഞ മറിയത്തിൽ സ്വർഗ്ഗീയ മഹത്വത്തിലേക്കു എന്നെ ഉയർത്തിയ, സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏറ്റവും ശക്തയായ സൃഷ്ടിയാക്കി എന്നെ മാറ്റിയ ദൈവപിതാവിനോടു ഭൂമിയിൽ ഞാൻ നിന്നെ സഹായിക്കാനും എല്ലാ വിധ തിന്മയുടെ ശക്തികളിൽ നിന്നു നിന്നെ സംരക്ഷിക്കാനും എന്റെ സഹായം ആവശ്യമാണന്നു പറയുക.

രണ്ടാമത്തെ നന്മ നിറഞ്ഞ മറിയത്തിൽ, ദൈവപുത്രൻ എന്നിൽ മറ്റെല്ലാ വിശുദ്ധാത്മാക്കളെക്കാലും പരിശുദ്ധ ത്രിത്വത്തെപ്പറ്റിയുള്ള ജ്ഞാനത്താൽ എന്നെ നിറച്ചിരിക്കുന്നതിനാൽ , ഞാൻ നിന്റെ അന്ത്യനിമിഷങ്ങളിൽ നിന്നെ സഹായിക്കാനും, നിന്റെ ആത്മാവിൽ വിശ്വാസത്തിന്റെ വെളിച്ചവും ശരിയായ ജ്ഞാനവും നിറയ്ക്കാനും, അതു വഴി അറിവില്ലായ്മയുടെയും തെറ്റിന്റെയും നിഴലുകൾ നിന്നെ അന്ധകാരത്തിലാക്കാതിരിക്കാനും എന്റെ സഹായം ആവശ്യപ്പെടുക.

മൂന്നാമത്തേതിൽ, പരിശുദ്ധാത്മാവ് അവന്റ സ്നേഹത്തിന്റെ മാധുര്യത്താൽ എന്നെ നിറച്ചിരിക്കുന്നതിനാൽ ,നിന്റെ മരണസമയത്ത് ,നിന്റെ ആത്മാവിൽ ദൈവസ്നേഹത്തിന്റെ മാധുര്യം നുകർന്നു തരുവാനും എല്ലാ വിധ ദു:ഖങ്ങളിൽ നിന്നും കയ്പേറിയ അനുഭവങ്ങളിൽ നിന്നു നിന്നെ സഹായിക്കാനും എന്നെ അയക്കാൻ പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുക.” അനുദിനം മൂന്നു പ്രാവശ്യം നന്മ നിറഞ്ഞ ജപം ചൊല്ലി പ്രാർത്ഥിക്കുന്നവർക്കു മരണസമയത്തു അവളുടെ സഹായമാണ് പരിശുദ്ധ മറിയം വിശുദ്ധ മെറ്റിൽഡായോടു വാഗ്ദാനം ചെയ്തിരിക്കുന്നത്.

വി. മെറ്റിൽഡക്കു മാത്രമല്ല ഈ പ്രാർത്ഥനാ രീതിയെക്കുറിച്ചു വെളിപാടുണ്ടായത് .മെറ്റിൽഡയുടെ തന്നെ സമകാലിക ആയിരുന്ന വിശുദ്ധ ജെത്രൂദിനും മറ്റൊരു ദർശനം ഉണ്ടായി. മംഗലവാർത്ത തിരുനാളിലെ വേസ്പരാ പ്രാർത്ഥനയിൽ നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥന ആലപിക്കേണ്ട സമയത്തു പെടുന്നനെ പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഹൃദയങ്ങളിൽ നിന്നും മൂന്നു അരുവികൾ ഒഴുകി പരിശുദ്ധ കന്യകാമറിയത്തിന്റെ ഹൃദയത്തിൽ എത്തിച്ചേരുന്നതു ജെത്രൂദിനു കണ്ടു. ഒരു സ്വരവും അവൾ കേട്ടു, “പിതാവിന്റെ ശക്തിക്കും, പുത്രന്റെ ജ്ഞാനത്തിനും, പരിശുദ്ധാത്മാവിന്റെ കാരുണ്യത്തിനു ശേഷം മറിയത്തിന്റെ ശക്തിയും ജ്ഞാനവും കാരുണ്യവുമല്ലാതെ താരതമ്യപ്പെടുത്താൻ മറ്റൊന്നില്ല..”

ഈ രണ്ടു വിശുദ്ധർക്കു പുറമേ വിശുദ്ധ അൽഫോൻസ് ലിഗോരിയും, വിശുദ്ധ ഡോൺ ബോസ്കോയും , വിശുദ്ധ പാദ്രെ പിയോയും ഈ പ്രാർത്ഥനാ രീതിയെ പ്രോത്സാഹിപ്പിച്ചട്ടുണ്ട്. വി. പിയോയുടെ അഭിപ്രായത്തിൽ ഈ പ്രാർത്ഥന വഴി മാത്രം ധാരാളം മാനസാന്തരങ്ങൾ സഭയിൽ ഉണ്ടായിട്ടുണ്ട്.

നമുക്കു പ്രാർത്ഥിക്കാം ‍

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, നിത്യ പിതാവു നിനക്കു നൽകിയ ശക്തിയാൽ മാരക പാപങ്ങളിൽ വീഴുന്നതിൽ നിന്നു എന്നെ രക്ഷിക്കണമേ.

നന്മ നിറഞ്ഞ മറിയമേ.!

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, നിന്റെ പുത്രൻ നിനക്കു നൽകിയ ജ്ഞാനത്താൽ മാരക പാപങ്ങളിൽ വീഴുന്നതിൽ നിന്നു എന്നെ രക്ഷിക്കണമേ.

നന്മ നിറഞ്ഞ മറിയമേ.!

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, പരിശുദ്ധാത്മാവു നിനക്കു നൽകിയ സ്നേഹത്താൽ മാരക പാപങ്ങളിൽ വീഴുന്നതിൽ നിന്നു എന്നെ രക്ഷിക്കണമേ.

നന്മ നിറഞ്ഞ മറിയമേ.!

പിതാവിനെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ...

അതിനു ശേഷം ഈ കൊച്ചു പ്രാർത്ഥന ചൊല്ലുക: "മറിയമേ, നിന്റെ അമലോത്ഭവ ജനനത്താൽ എന്റെ ശരിരത്തെയും ആത്മാവിനെയും വിശുദ്ധീകരിക്കണമേ "

#repost


Related Articles »