Videos
കടുവയെ വാല്‍സല്യത്തോടെ തലോടുന്ന ഫ്രാൻസിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 17-06-2016 - Friday
വത്തിക്കാന്‍: സര്‍ക്കസ് കലാകാരന്‍മാരുമായി കൂടിക്കാഴ്ച്ച നടത്തിയ ഫ്രാൻസിസ് മാര്‍പാപ്പ, സദസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച കടുവയെ വാല്‍സല്യത്തോടെ തലോടി. ആയിരങ്ങളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പാപ്പ കടുവയെ തലോടിയത്. കുപ്പിയില്‍ പാല്‍ കുടിച്ചു കൊണ്ടിരുന്ന കടുവയെ മാര്‍പാപ്പ ഇരുന്ന കസേരയുടെ സമീപത്തേക്ക് പരിശീലകന്‍ കൊണ്ടു വന്നു. പിന്നീട് പാപ്പ അതിനെ സ്പര്‍ശിക്കുവാന്‍ മുന്നോട്ട് വന്നു. കസേരയില്‍ നിന്നും പാപ്പ എഴുന്നേറ്റപ്പോള്‍ തന്നെ സദസില്‍ നിന്നും വലിയ ആരവം ഉയര്‍ന്നു.
പാല്‍ കുടിച്ചു കൊണ്ടിരുന്ന കടുവയെ പാപ്പ പുറകില്‍ നിന്നും ആദ്യം ചെറുതായി ഒരുവട്ടം തലോടി. പാല്‍ കുടിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്ന കടുവ പാപ്പ തന്നെ തൊട്ടപ്പോള്‍ തെല്ലൊന്നു മുന്നോട്ട് ആഞ്ഞു. ചിരിയോടെ പാപ്പ വീണ്ടും വേദിയില്‍ ഒരു നിമഷം കാത്തു നിന്നു. പിന്നീട് വീണ്ടും കടുവയെ തലോടി. തന്നെ തലോടുന്ന പാപ്പയെ പാല്‍കുടിക്കുന്നതില്‍ നിന്നും ശ്രദ്ധ തിരിച്ച് കടുവ നോക്കി. പിന്നീട് വീണ്ടും കടുവ തന്റെ ജോലിയില്‍ മുഴുകി.
വിവിധ തരം കലാകാരന്‍മാര്‍ പങ്കെടുത്ത ചടങ്ങില്‍ മാര്‍പാപ്പ പ്രസംഗവും നടത്തി. "നിങ്ങള്‍ക്ക് ഒരു കടുവയെ വാല്‍സല്യത്തോടെ, സ്‌നേഹത്തോടെ പരിപാലിക്കുവാന്‍ കഴിയുമെങ്കില്‍ മാര്‍പാപ്പയെ പോലും നിങ്ങള്‍ക്ക് വിറപ്പിച്ചു നിര്‍ത്താം. നിങ്ങള്‍ ശക്തരായ മനുഷ്യരാണ്". കലാകാരന്മാരോടായി മാർപാപ്പ പറഞ്ഞ ഈ വാക്കുകള്‍ വലിയ ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്.