Videos

മദ്ധ്യപൂർവ്വ ദേശത്തെ ക്രൈസ്തവ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പാശ്ചാത്യനാടുകളെ പ്രേരിപ്പിക്കുന്ന ഒരു വീഡിയോ

സ്വന്തം ലേഖകന്‍ 22-01-2016 - Friday

സിറിയ-ഇറാഖ് രാജ്യങ്ങളിലെ ക്രൈസ്തവ പീഢനങ്ങളെ പറ്റി മറ്റു രാജ്യങ്ങളിലെ ക്രിസ്ത്യാനികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കിയ വീഡിയോ അനേകര്‍ക്ക് പ്രചോദനമാകുന്നു. വത്തിക്കാൻ അംഗീകരിച്ചിട്ടുള്ള EUK Mamie Foundation എന്ന സംഘടനയാണ് 'Wake up' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഭീകരരുടെ പീഡനമേൽക്കേണ്ടി വന്ന ക്രൈസ്തവരുടെ സാക്ഷ്യങ്ങളാണ് വിഡിയോയിൽ ഉടനീളമുള്ളത്.

പാശ്ചാത്യ നാടുകളിൽ ശക്തമായ പ്രതികരണ ശേഷിയുള്ള ഒരു ക്രൈസ്തവ സമൂഹം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് നാടുകടത്തപ്പെട്ട ഇറാക്കി ബിഷപ്പ് വീഡീയോയില്‍ പറയുന്നു. 2006-ൽ ISIS ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാദർ ഡഗ്ലസ് ബാസ്സി എന്ന വൈദീകനാണ് മുസ്ലീം തീവ്രവാദികളുടെ പീഢന കഥകൾ വിവരിക്കുന്നത്. അദ്ദേഹം ഇപ്പോൾ എർബിൽ പട്ടണത്തിലെ എലയ്യ ഇടവകയിലെ റെക്ടറും തന്റെ ഇടവകയിലെ തന്നെ അഭയാർത്ഥി ക്യാമ്പിന്റെ ഡയറക്ടറുമായി സേവനം ചെയ്യുന്നു.

ഇറാഖിലെ മൊസൂൾ, തീവ്രവാദികളുടെ പിടിയിലായപ്പോൾ അവിടെ നിന്നും പലായനം ചെയ്ത പതിനായിരക്കണക്കിന് അഭയാർത്ഥികളെ സ്വീകരിച്ച സ്ഥലമാണ് എർബിൽ. "നിങ്ങൾ മൗനം പാലിച്ചാൽ അത് പീഡകർക്ക് പിന്തുണ നൽകുന്നതിന് തുല്യമാണ്. ഉണരുക, പ്രതിഷേധിക്കുക." വീഡിയോയിൽ ഫാദർ ബാസ്സി പറയുന്നു.

കഴിഞ്ഞ വർഷം വരെ മൊസൂളിലെ കൽദിയ ബിഷപ്പായിരുന്ന ആർച്ച് ബിഷപ്പ് അമേൽ ഷമോൺ, വീഡിയോയിൽ പ്രതികരിച്ചത് ഇങ്ങനെയാണ്. "പാശ്ചാത്യ ലോകം മുഴുവൻ അപകടത്തിലാണ്. ഇവിടെയെത്തിയിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വന്നിട്ടുള്ളത് യൂറോപ്പ്, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നാണ്. വെറുപ്പും വിദ്വേഷവും പ്രഖ്യാപിക്കുന്ന ഒരു മതമാണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രചരിപ്പിക്കുന്നത്; ഇറാഖിലെ ക്രൈസ്തവർ, ക്ഷമയുടെ അവിശ്വസനീയമായ ഉദ്ദാഹരണങ്ങളാണ്‌. ഐസിസിന്‍റെ തിന്മയ്ക്കെതിരെ നന്മ ചെയ്തു കൊണ്ട് ഞങ്ങള്‍ പ്രതികരിക്കുകയാണ്. പാപികൾക്കു വേണ്ടി ജീവൻ ത്യജിച്ച യേശു തന്നെയാണ് ഞങ്ങളുടെ പ്രചോദനം".

"പാശ്ചാത്യ ലോകം ഇവിടെ നടക്കുന്ന പീഢനങ്ങളും രക്ഷസാക്ഷിത്വവും കാണുന്നില്ല എന്ന് നടിക്കരുത്.പ്രതികരിക്കുന്ന ക്രൈസ്തവ സമൂഹങ്ങൾ ലോകമെമ്പാടും ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു." ആർച്ച് ബിഷപ്പ് നോന വീഡിയോയില്‍ വ്യക്തമാക്കുന്നു.

More Archives >>

Page 1 of 2