Sunday Mirror - 2024
മദർ തെരേസയുടെ 'ഫ്ലൈയിംങ്ങ് നൊവേന'
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചക ശബ്ദം 26-02-2022 - Saturday
മദർ തെരേസായുടെ സുഹൃത്തും ആത്മീയ ഉപദേശകനുമായിരുന്ന മോൺസിഞ്ഞോർ ലിയോ മാസ്ബുർഗ് (Msgr. Leo Maasbug) Mother Teresa of Calcutta: A Personal Portrait എന്ന ഗ്രന്ഥത്തിൽ മദർ തെരേസയുടെ ദ്രുതഗതിയിലുള്ള ആത്മീയ ആയുധത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. എത്രയും ദയയുള്ള മാതാവേ എന്ന ജപമാണ് മദറിന്റെ പറക്കും നോവേന. 9 ദിവസം നീണ്ടു നിൽക്കുന്ന നോവേനകൾ മിഷനറീസ് ഓഫ് ചാരിറ്റി യിൽ സാധാരണമാണ്. എന്നാൽ മദർ തെരേസ എത്രയും ദയയുള്ള മാതാവേ എന്ന ജപം 10 തവണ ജപിക്കുമായിരുന്നു.
എന്തുകൊണ്ടാണ് അഗതികളുടെ അമ്മ ഈ പ്രാർത്ഥന പത്തു തവണ ചെല്ലുന്നതെന്ന് മോൺ. മാസ്ബുർഗ് പറയുന്നു "സ്വർഗ്ഗത്തിന്റെ സഹകരണം മദർ നിരന്തരം തേടിയിരുന്നു , പത്താമത്തെ എത്രയും ദയയുള്ള മാതാവേ കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദി സൂചകമായിരുന്നു." മദർ തെരേസയുടെ നാമകരണ നടപടിയുടെ പോസ്റ്റുലേറ്ററും MC വൈദീകനുമായ ഫാ: ബ്രയാൻ കോളോഡിജുക് മദറിന്റെ ഫ്ലൈയിംങ്ങ് നോവേനയുടെ ഫലപ്രാപ്തിയുടെ ഒരു ഉദാഹരണം വെളിപ്പെടുത്തുന്നു.
1984 ലെ ജൂബിലി വർഷം, പരിശുദ്ധ പിതാവിന്റെ വി. കുർബാന റോമിൽ തുറസ്സായ മൈതാനത്തു തുടങ്ങാൻ സമയമായി. കോരിച്ചോരിയുന്ന മഴ. മദർ തന്റെ സിസ്റ്റേഴ്സിനോട് തനിക്ക് പ്രിയപ്പെട്ട ഫ്ലൈയിംങ്ങ് നോവേന ചെല്ലാൻ ആവശ്യപ്പെട്ടു. രണ്ട് എണ്ണം ചെല്ലിയപ്പോൾ മഴ കൂടി, പക്ഷേ എട്ടാമത്തെ എത്രയും ദയയുള്ള മാതാവേ ചൊല്ലിയപ്പോഴേക്കും ജനങ്ങൾ കുട മടക്കുവാൻ തുടങ്ങി. ഒൻപതാമത്തെ പൂർത്തിയായപ്പോഴേക്കും എല്ലാ കുടകളും മടങ്ങി .
മറ്റൊരിക്കൽ മദർ തെരേസായും മറ്റൊരു സിസ്റ്ററും കൂടി ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രൈവറ്റ് ചാപ്പലിൽ പ്രഭാത കുർബാനയ്ക്കു പോയി. അതിരാവിലെ എത്തിയ അവർ വാതിൽ അടഞ്ഞുകിടക്കുന്നതു കണ്ടു കാറിൽ ഇരുന്നു കൊണ്ടു തന്നെ ജപമാലയും ഫ്ലൈയിംങ്ങ് നൊവേനയും ചൊല്ലി. പ്രാർത്ഥന കഴിഞ്ഞ ഉടനെ സിസ്സ് ഗാർഡ് കാറിൽ തട്ടി, മദറിനെയും സിസ്റ്ററിനെയും അകത്തേക്കു ക്ഷണിച്ചു. ഇതുപോലെ നൂറുകണക്കിനു ഉദാഹരണങ്ങൾ മദർ തെരേസയുടെയും ഉപവികളുടെ സഹോദരിമാരുടെയും ജീവിതത്തിൽ പരി. മറിയ ത്തിന്റെ മധ്യസ്ഥത്താല്‍ നടന്നട്ടുണ്ട്.
#Repost