News - 2024

കഞ്ചാവ് കൃഷി ചെയ്യുന്ന സ്ത്രീകളെ കത്തോലിക്ക സന്യാസിനികളാക്കി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

പ്രവാചകശബ്ദം 20-09-2021 - Monday

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ നര്‍ക്കോട്ടിക് ജിഹാദ് മുന്നറിയിപ്പിന് പിന്നാലേ കഞ്ചാവ് കൃഷി ചെയ്യുന്ന സ്ത്രീകളെ കത്തോലിക്ക സന്യാസിനികളാക്കി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ശിരോവസ്ത്രം അണിഞ്ഞ സ്ത്രീകൾ കഞ്ചാവ് കൃഷി ചെയ്യുന്ന ദൃശ്യങ്ങള്‍ സഹിതം ഇത് കന്യാസ്ത്രീകളാണെന്ന മുഖവുരയോടെയാണ് വീഡിയോ പങ്കുവെയ്ക്കപ്പെടുന്നത്. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്ന് ഡോട്ടേഴ്സ് ഓഫ് സെന്‍റ് ജോസഫ് സഭാംഗമായ സിസ്റ്റര്‍ സോണിയ തെരേസ് തെളിവ് സഹിതം ഫേസ്ബുക്കില്‍ കുറിച്ചു.

സന്യസ്തരേപ്പോലെ വേഷം ധരിച്ച ഇവർ അമേരിക്കയിലെ കാലിഫോർണിയയിലെ മെർസെഡ് ആസ്ഥാനമായുള്ള "Sisters of the Valley" എന്ന കൂട്ടായ്മയിലെ അംഗങ്ങളാണെന്നും ഇവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ലായെന്ന് ഇവർ തന്നെ സമ്മതിക്കുന്നുണ്ടെന്നും ഇത് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ വ്യക്തമാകുമെന്നും സിസ്റ്റര്‍ വ്യക്തമാക്കി. പ്രചരിക്കുന്ന വീഡിയോയില്‍ നൃത്തം ചെയ്യുന്ന സന്യാസിനികളുടെ വീഡിയോ എഡിറ്റ് ചെയ്തു ചേര്‍ത്തതാണെന്നും സിസ്റ്റര്‍ പറയുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ പെറു, ബൊളിവിയ എന്നി രാജ്യങ്ങളിൽ നടത്തിയ സന്യസ്ത സംഗമത്തിൽ യുവ സന്യാസീ - സന്യാസിനികൾ നൃത്തച്ചുവടുകൾ വയ്ക്കുന്ന രംഗമാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

സിസ്റ്റര്‍ സോണിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍

ഈ ദിവസങ്ങളിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നുണ്ട്. സമകാലിക സംഭവങ്ങൾ വച്ച് ക്രൈസ്തവ സന്യസ്തർക്കിട്ട് ഒന്ന് താങ്ങിയേക്കാം എന്ന് കരുതി ചില നിഗൂഢ ശക്തികൾ ചെയ്തതാണ് അത്. വാട്ട്സ് ആപ്പ് വഴി ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു വീഡിയോയിൽ ശിരോവസ്ത്രം അണിഞ്ഞ 5 സ്ത്രീകൾ കഞ്ചാവ് കൃഷി ചെയ്യുന്നതും അത് ഉപയോഗിക്കുന്നതും വിൽക്കാൻ തയ്യാറാക്കി വച്ചിരിക്കുന്നതുമാണ് കാണാൻ സാധിക്കുന്നത്. ഈ വീഡിയോയിൽ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത് ഒരു കൂട്ടം സന്യസ്തർ നൃത്തച്ചുവടുകൾ വയ്ക്കുന്ന ഒരു രംഗമാണ്. ലാറ്റിനമേരിക്കൻ രാജ്യമായ പെറു, ബൊളിവിയ എന്നി രാജ്യങ്ങളിൽ നടത്തിയ സന്യസ്ത സംഗമത്തിൽ യുവ സന്യാസീ - സന്യാസിനികൾ നൃത്തച്ചുവടുകൾ വയ്ക്കുന്നത് മേൽപ്പറഞ്ഞ വീഡിയോയുമായി കൂട്ടിയിണക്കി എഡിറ്റ് ചെയ്തിരിക്കുന്നത് സന്യസ്തർ ലഹരിക്കടിമകൾ ആണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ്.

ഈ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്. ഈ വീഡിയോയിൽ കാണുന്ന സന്യസ്തരേപ്പോലെ വേഷം ധരിച്ച ഇവർ അമേരിക്കയിലെ കാലിഫോർണിയയിലെ മെർസെഡ് ആസ്ഥാനമായുള്ള "Sisters of the Valley" എന്ന കൂട്ടായ്മയിലെ അംഗങ്ങൾ ആണ്. ഇവർ ഒരു സന്യാസസഭയിലെയും അംഗങ്ങളല്ല, പ്രത്യേകിച്ച് ഇവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന് ഇവർ തന്നെ സമ്മതിക്കുന്നുണ്ട്. സംശയം ഉള്ളവർക്ക് ഇന്റർനെറ്റിൽ 'സിസ്റ്റേഴ്സ് ഓഫ് ദി വാലി' എന്ന് സേർച്ച് ചെയ്യുകയോ ഫേസ്ബുക്കിൽ അതേ പേരിലുള്ള പേജിൽ നോക്കുകയോ ചെയ്താൽ സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കും. അതിന് തെളിവുകളായി ചില ലിങ്കുകൾ കൂടി ചുവടെ ചേർക്കുന്നു.

ലഹരി എടുത്താൽ മാത്രമല്ല നൃത്തച്ചുവടുകൾ വയ്ക്കുന്നത്... ദൈവത്തിൻ്റെ ദാനമായ ആനന്ദം ഉള്ളിൽ നിറഞ്ഞു കഴിയുമ്പോൾ ദാവീദിനെ പോലെ നൃത്തച്ചുവടുകൾ വയ്ക്കുന്നത് കണ്ട് ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല... ആസക്തിയോടെ മാത്രം സ്ത്രീ ശരീരത്തെ നോക്കുന്നവർക്ക് ബ്രഹ്മചര്യത്തിൻ്റെ മഹിമ മനസിലാക്കാൻ കഴിയില്ല എന്നതാണ് പച്ചയായ യാഥാർത്ഥ്യം.

☛The Guardian: https://www.theguardian.com/us-news/2016/jan/25/california-cannabis-medical-marijuana-nuns-sisters-of-the-valley

☛ Wikipedia: https://en.m.wikipedia.org/wiki/Sisters_of_the_Valley

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »