Christian Prayer
ഫ്രാന്‍സിസ് പാപ്പ നല്‍കിയ തിരുകുടുംബത്തോടുള്ള പ്രാര്‍ത്ഥന
പ്രവാചകശബ്ദം 06-10-2022 - Thursday
കാരുണ്യത്തിന്റെ അസാധാരണ ജൂബിലിവേളയിൽ, 2016 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പിന്റെ തിരുനാളിൽ, ഫ്രാന്‍സിസ് പാപ്പയുടെ പരമാചാര്യത്വത്തിന്റെ നാലാം വർഷം റോമിലെ സെന്റ് പീറ്റേഴ്സിൽവെച്ച് നൽകപ്പെട്ട തിരുകുടുംബത്തോടുള്ള പ്രാര്‍ത്ഥന
ഈശോ മറിയം യൗസേപ്പേ, യഥാർത്ഥ സ്നേഹത്തിന്റെ മഹത്വം നിങ്ങളിൽ ഞങ്ങൾ ധ്യാനിക്കുന്നു വിശ്വാസത്തോടെ ഞങ്ങൾ തിരുക്കുടുംബത്തിലേക്കു തിരിയുന്നു. നസ്രത്തിലെ തിരുക്കുടുംബമേ, ഞങ്ങളുടെ കുടുംബങ്ങളും കൂട്ടായ്മയുടെയും പ്രാർത്ഥനയുടെയും ഭവനങ്ങളും സുവിശേഷത്തിന്റെ യഥാർത്ഥ പാഠശാലകളും ചെറിയ ഗാർഹികസഭകളുമാക്കിത്തീർക്കുവാൻ കനിയണമേ.
നസ്രത്തിലെ തിരുക്കുടുംബമേ, കുടുംബങ്ങളിൽ ഇനിയൊരിക്കലും അക്രമവും അവഗണനയും വിഭാഗീയതയും അനുഭവപ്പെടാതിരിക്കട്ടെ. ഏതെങ്കിലും രീതിയിൽ മുറിവേൽക്കുകയോ അപകീർത്തിക്കു വിധേയരാവുകയോ ചെയ്ത എല്ലാവരും സൗഖ്യവും ആശ്വാസവും കണ്ടെത്തുവാൻ ഇടയാകട്ടെ!
നസ്രത്തിലെ തിരുക്കുടുംബമേ, ഞങ്ങളെ ഒരിക്കൽക്കൂടി ദൈവികപദ്ധതിയിൽ കുടുംബത്തിനുള്ള പവിത്രതയെയും അവിഭാജ്യതയെയും അതിന്റെ സൗന്ദര്യത്തെയും കുറിച്ച് ചിന്തയുള്ളവരാക്കേണമേ.
ഈശോ മറിയം യൗസേപ്പേ, കാരുണ്യപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ! ആമ്മേൻ.
(ഫ്രാന്‍സിസ് പാപ്പയുടെ 'സ്നേഹത്തിന്റെ ആനന്ദം' അപ്പസ്തോലിക പ്രബോധനത്തില്‍ നിന്ന്‍)