Social Media

മരണം മുന്നില്‍ കണ്ടിട്ടും സഹ സന്യാസിനിയ്ക്കു വേണ്ടി വെല്ലുവിളി ഏറ്റെടുത്ത സിസ്റ്റർ ഗ്ലോറിയ

ഫാ. ഷീൻ പാലക്കുഴി 12-10-2021 - Tuesday

അപ്രതീക്ഷിതമായാണ് ആയുധധാരികളായ ഏതാനും തീവ്രവാദികൾ ആ സന്യാസിനീ ഭവനത്തിലേക്ക് ഇരച്ചുകയറിയത്. നാലു കന്യാസ്ത്രീകൾ മാത്രമാണ് അപ്പോൾ അവിടെയുണ്ടായിരുന്നത്. ആക്രോശങ്ങൾ മുഴക്കിയും ആയുധങ്ങൾ കാട്ടിയും അവർ ആ വീടിനുള്ളിൽ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കന്യാസ്ത്രീകൾ വല്ലാതെ ഭയന്നു പോയി. സ്വീകരണ മുറിയുടെ ഒരു മൂലയിൽ പേടിച്ചരണ്ട് അവർ പരസ്പരം കെട്ടിപ്പിടിച്ചിരുന്നു. ദൈവമല്ലാതെ മറ്റാരും കേൾക്കാനില്ലെന്ന് അറിയാമായിരുന്നിട്ടും അവർ ഉച്ചത്തിൽ വാവിട്ടു കരഞ്ഞു. തൊട്ടരികെ കാത്തുനിൽക്കുന്ന മരണത്തിന്റെ ഗാഢമായ തണുപ്പ് തങ്ങളിലേക്ക് അരിച്ചുകയറുന്നത് അവരറിഞ്ഞു.

"ഇവിടുത്തെ ആംബുലൻസിന്റെ ചാവി കൊണ്ടു വരൂ!" തോക്കുധാരികളിലൊരാൾ ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾ ചാവി കൈമാറി. "നിങ്ങളിലൊരാളെ ഞങ്ങൾ ബന്ദിയാക്കുകയാണ്." കൂട്ടത്തിൽ പ്രായം കുറഞ്ഞ കന്യാസ്ത്രീയ്ക്കു മേൽ ഭീകരരുടെ ദൃഷ്ടി പതിഞ്ഞു. അവർ ആലില പോലെ വിറച്ചു. രക്തമയം വാർന്നു മുഖം വിളറി വെളുത്തു. അപമാന ഭയവും മരണ ഭയവും കൊണ്ട് അവർ ബോധരഹിതയായി വീണുപോകുമെന്നായി.

അപ്പോഴാണ് സിസ്റ്റർ ഗ്ലോറിയാ സ്വമേധയാ മുന്നോട്ടു വന്നത്.

"കഴിയുമെങ്കിൽ അവൾക്കു പകരം എന്നെ കൊണ്ടു പൊയ്ക്കൊള്ളൂ." മറ്റു സന്യാസിനിമാർ വിശ്വാസം വരാതെ അവരെ മിഴിച്ചു നോക്കി. ദൈവമേ ഇവരിതെന്തു ഭാവിച്ചാണ്! തീവ്രവാദികൾക്കൊപ്പം പോവുകയെന്നാൽ അതു മരണത്തിലേക്കു തന്നെയുള്ള പോക്കാണ്! സിസ്റ്റർ ഗ്ലോറിയാ സ്വയം അതേറ്റെടുക്കുവാൻ സന്നദ്ധയായിരിക്കുന്നു. നാസി കോൺസൻട്രേഷൻ ക്യാമ്പിൽ സഹതടവുകാരിലൊരാളുടെ മോചനത്തിനായി മരണത്തിലേക്കു സ്വയം നടന്നു പോയ മാക്സിമില്യൻ കോൾബേ എന്ന പുരോഹിതനെ അവരോർത്തിട്ടുണ്ടാവും.

തീവ്രവാദികൾ മറുത്തൊന്നും പറഞ്ഞില്ല. ആംബുലൻസിൽ സിസ്റ്റർ ഗ്ലോറിയായെ കയറ്റി അവർ പാഞ്ഞു പോയി. പിറ്റേന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ മറ്റൊരിടത്ത് ആംബുലൻസ് കണ്ടെത്തി. ഭീകരരെക്കുറിച്ചോ സിസ്റ്റർ ഗ്ലോറിയായെക്കുറിച്ചോ പിന്നീടു കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

സഭയുടേയും സർക്കാരിന്റേയും നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ, സഹ സന്യാസിനിമാരുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾക്കൊടുവിൽ നാലു വർഷവും എട്ടു മാസവും കഴിഞ്ഞപ്പോൾ തീവ്രവാദികളുടെ പിടിയിൽ നിന്നും സിസ്റ്റർ ഗ്ലോറിയാ മോചിപ്പിക്കപ്പെട്ടു. നാലര വർഷം നീണ്ട ബന്ധനം അവരെ ശാരീരികമായും മാനസികമായും വല്ലാതെ ദുർബ്ബലയാക്കിക്കളഞ്ഞു!

ഇതൊരു സാങ്കൽപ്പിക കഥയല്ല! യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരണമാണ്.

ഫ്രാൻസിസ്കൻ സഭാംഗമായ കൊളംബിയൻ സന്യാസിനി, സിസ്റ്റർ ഗ്ലോറിയ സെസിലിയാ നർവായിസിനെ 2017 ഫെബ്രുവരിയിലാണ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. ആഫ്രിക്കൻ രാജ്യമായ മാലിയുടെ തലസ്ഥാനം ബാമക്കോയിൽ നിന്ന് 250 മൈൽ ദൂരെയുള്ള കൗട്ടിയാലയിൽ മിഷനറിയായിരുന്നു അവർ. സംഭവത്തിന് ഏതാനും നാളുകൾക്കു ശേഷം 2017 ൽ തന്നെ അൽഖ്വയിദ പുറത്തുവിട്ട ഒരു വീഡിയോയിൽ വിദേശികളായ മറ്റു ബന്ദികൾക്കൊപ്പം സിസ്റ്റർ ഗ്ലോറിയാ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് അവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. 2021 മാർച്ചിൽ സിസ്റ്റർ ഗ്ലോറിയായുടെ ഒരു കത്ത് സഹോദരനു ലഭിച്ചതോടെയാണ് സിസ്റ്റർ ജീവനോടെയുണ്ടെന്ന് ഉറപ്പിച്ചത്. വിമോചന ശ്രമങ്ങൾക്ക് അതു കൂടുതൽ ഊർജ്ജം പകർന്നു.

ഏതാനും ദിവസങ്ങൾക്കു മുമ്പ് 2021 ഒക്ടോബർ 9 നാണ് സിസ്റ്റർ ഗ്ലോറിയ മോചിതയായ വിവരം ഔദ്യോഗികമായി പുറത്തു വന്നത്! ഇക്കഴിഞ്ഞ ഒക്ടോബർ 10 ന് സിസ്റ്റർ ഗ്ലോറിയ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പായെ കണ്ട് സന്തോഷവും നന്ദിയുമറിയിച്ചു.

ദിവസവും കേൾക്കുന്ന അനേകം ദുരന്ത വർത്തമാനങ്ങൾക്കിടയിൽ നിന്ന് സിസ്റ്റർ ഗ്ലോറിയയെ ഓർത്തെടുക്കാൻ ഒരു കാരണമുണ്ട്. 'അവൾക്കു പകരം എന്നെ കൊണ്ടുപൊയ്ക്കൊള്ളൂ' എന്നൊരു നിലപാടെടുത്ത്, കൂട്ടത്തിലൊരു സഹോദരിക്കു വേണ്ടി ജീവൻ പോലും ബലികഴിക്കാൻ തയ്യാറായ ആ ധീരതയും ത്യാഗവും സ്നേഹവുമുണ്ടല്ലോ- അതത്ര ചെറിയൊരു കാര്യമായി തോന്നുന്നില്ല.

പ്രിയ സഹോദരീ, ക്രിസ്തുവിനു വേണ്ടിയോ സഹോദരർക്കു വേണ്ടിയോ മരിക്കാൻ പോയിട്ട്, കാലിലൊരു മുള്ളു കൊള്ളാൻ പോലും മനസ്സില്ലാത്തവരുടെ മധ്യത്തിൽ നിങ്ങളൊരപവാദമായതിൽ അഭിമാനമുണ്ട്!

ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു!

ആദരവോടെ കരങ്ങൾ കൂപ്പുന്നു!

More Archives >>

Page 1 of 29