Faith And Reason
'അത്ഭുതങ്ങളുടെ കര്‍ത്താവ്' ന്യൂയോര്‍ക്ക് തെരുവില്‍; 'ദി ബിഗ് ആപ്പിള്‍' പ്രദിക്ഷിണത്തില്‍ വന്‍ ജനപങ്കാളിത്തം
പ്രവാചകശബ്ദം 20-10-2021 - Wednesday
ന്യൂയോര്‍ക്ക്: തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ഏറ്റവും അധികം ആദരിക്കപ്പെടുന്ന “അത്ഭുതങ്ങളുടെ കര്‍ത്താവ്” (സെനോര്‍ ഡെ ലോസ് മിലാഗ്രോസ്) ചിത്രത്തിന്റെ പകര്‍പ്പുമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന പ്രദിക്ഷിണത്തില്‍ വന്‍ജന പങ്കാളിത്തം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17-ന് ഫിഫ്ത് അവന്യൂവില്‍ സംഘടിപ്പിച്ച “ദി ബിഗ് ആപ്പിള്‍” പ്രദിക്ഷിണത്തില്‍ ന്യൂയോര്‍ക്കിലെ പെറു സ്വദേശികള്‍ക്ക് പുറമെ നിരവധി വിദേശികളും പങ്കെടുത്തു. അമേരിക്കയിലെ ഏറ്റവുമധികം ജനസാന്ദ്രതയേറിയ നഗരത്തിലൂടെ വിശ്വാസികള്‍ക്കൊപ്പം കാഴ്ചക്കാരുടേയും ഹൃദയങ്ങളെ ഇളക്കിമറിച്ചുകൊണ്ടായിരുന്നു പ്രദിക്ഷിണം നീങ്ങിയത്.
ന്യൂയോര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ തിമോത്തി ഡോളനും, ലിമായിലെ സഹായ മെത്രാനായ മോണ്‍. ഗ്വില്ലെര്‍മോ കോര്‍ണെജോയും സംയുക്തമായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷമായിരുന്നു പ്രദിക്ഷിണം. ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ ക്രിസ്തു വിശ്വാസത്തിന്റേയും, ഭക്തിയുടേയും ഉദാഹരണങ്ങളായി ന്യൂയോര്‍ക്കില്‍ നടന്ന പ്രദിക്ഷിണത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ചു കൊണ്ടിരിക്കുയാണ്. ന്യൂയോര്‍ക്കിലെ ‘ലോര്‍ഡ് ഓഫ് മിറക്കിള്‍സ്’ ബ്രദര്‍ഹുഡിലെ അംഗങ്ങളാണ് ഏതാണ്ട് 5 മണിക്കൂറോളം നീണ്ട പ്രദിക്ഷിണത്തിലുടനീളം അത്ഭുതങ്ങളുടെ കര്‍ത്താവിന്റെ ചിത്രത്തിന്റെ പകര്‍പ്പ് വഹിച്ചിരുന്നത്.
ഗായകരും, മെഴുക് തിരിയും, ധൂപക്കുറ്റികളും പിടിച്ച സ്ത്രീകള്‍ രൂപത്തിന് പിന്നിലായി അണിനിരന്നു. അത്ഭുതങ്ങളുടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുന്ന പരമ്പരാഗത പാട്ടുകള്‍ക്കൊപ്പം നൃത്തക്കാര്‍ ചുവടുവെക്കുകയും ചെയ്തു. പെറുവിലെ കത്തോലിക്കരുടെ അഭിമാനമാണ് 'സെനോര്‍ ഡെ ലോസ് മിലാഗ്രോസ്'. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പെഡ്രോ ഡാൽക്കൺ എന്ന ആഫ്രിക്കന്‍ അടിമയാണ് ഇരുണ്ട നിറമുള്ള ക്രിസ്തുവിന്റെ അത്ഭുതശക്തിയുള്ള ചിത്രം വരച്ചതെന്നാണ് അനുമാനിക്കപ്പെടുന്നത്. പലപ്പോഴായുണ്ടായ അതിശക്തമായ ഭൂകമ്പങ്ങളില്‍ ലിമാ നഗരം തകര്‍ന്ന്‍ തരിപ്പണമായപ്പോള്‍ ഈ അത്ഭുത ചിത്രം സ്ഥാപിച്ചിരുന്ന സ്ഥലം മാത്രമാണ് ഭൂകമ്പങ്ങളെ അതിജീവിച്ചതെന്നും ചരിത്രമുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക