News - 2024
സകല വിശുദ്ധരുടെയും തിരുനാൾ: ചില ചിന്തകൾ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 01-11-2024 - Friday
സകല വിശുദ്ധന്മാരുടെയും തിരുനാൾ ദിനമായ ഇന്നു എന്നെ സ്വാധീനിച്ച ഒരു ചിന്തയാണ് ഈ കുറിപ്പിന്റെ ആധാരം.
യേശുവിനു തന്റെ രാജ്യം സ്ഥാപിക്കാൻ സൂപ്പർ സ്റ്റാറുകളെ അല്ല ആവശ്യം മറിച്ചു സുവിശേഷം ജീവിക്കുന്ന അനുയായികളെയാണ്. സുവിശേഷത്തിനു ജീവിതം കൊണ്ടു നിറം പകർന്നവരാണ് കത്തോലിക്കാ സഭയിലെ വിശുദ്ധർ. ഓരോ വിശ്വസിയുടെയും ലക്ഷ്യവും യേശുവിന്റെ സുവിശേഷം ജീവിച്ചു വിശുദ്ധിയിലെത്തിച്ചേരുകയാണ്. സകല വിശുദ്ധരുടെയും തിരുനാൾ ദിനം പുണ്യവാന്മാരുടെ ഐക്യം ( The Communion of Saints) എന്ന സഭാ പ്രബോധനത്തിൽ അധിഷ്ഠിതമാണ്. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് സ്വർഗ്ഗത്തിലും ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുമുള്ള ദൈവത്തിന്റെ ജനങ്ങൾ ആത്മീയമായി ബന്ധപ്പെട്ടും ഐക്യപ്പെട്ടുമാണ് ജീവിക്കുന്നത്. കത്തോലിക്കാ സഭയുടെയും ഓർത്തഡോക്സ് സഭകളുടെയും വിശ്വാസത്തിൽ ദൈവത്തിന്റെ വിശുദ്ധർ ഭൂമിയിൽ ജീവിക്കുന്നവരെപ്പോലെ നമുക്കു വേണ്ടി ദൈവത്തിന്റെ പക്കൽ നിരന്തരം നമുക്കു വേണ്ടി മാധ്യസ്ഥം യാചിക്കുന്നു.
സ്വർഗ്ഗത്തിലെ വിശുദ്ധരുമായുള്ള നമ്മുടെ ബന്ധം ഗാഢമായ ഈ ഐക്യത്തിൽ അടിസ്ഥാനമിട്ടതാണ്. വിശുദ്ധർ ഒരിക്കലും ദൈവത്തെപ്പോലെ അതി പരിശുദ്ധരോ സർവ്വവ്യാപികളോ സർവ്വജ്ഞാനികളോ അല്ല. എന്നിരുന്നാലും ക്രിസ്തുവിലൂടെയും ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം വഴി നമ്മുടെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിലുള്ള വിശുദ്ധ സമൂഹമമായി ഒന്നിച്ചു ചേരുന്നു. ജറുസലേമിലെ വി. സിറിൽ ഇപ്രകാരമാണ് ഇതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നത് .: "മരണമടഞ്ഞവരെ നമ്മൾ ഇവിടെ ഓർക്കുന്നു: ആദ്യം പാത്രിയർക്കീസുമാരെയും പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും രക്തസാക്ഷികളെയും അവരുടെ പ്രാർത്ഥനകളാലും യാചനകളാലും ദൈവം നമ്മുടെ അപേക്ഷകൾ സ്വീകരിക്കും ...(മതബോധന പ്രബോധനം 23:9).
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിശ്വാസികളും വിശുദ്ധരും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. "സ്വർഗത്തിൽ ക്രിസ്തുവിനോടു കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് സഭയെ മുഴുവനും കൂടുതൽ ദൃഢമായി വിശുദ്ധിയിൽ ഉറപ്പിക്കുന്നു. ... ദൈവത്തിനും മനുഷ്യർക്കും ഇടയ്ക്കുള്ള ഏക മധ്യസ്ഥനായ യേശു ക്രിസ്തു വഴി അവർ നേടിയ യോഗ്യതകൾ പ്രദർശിപ്പിച്ചു കൊണ്ട് പിതാവിന്റെ പക്കൽ നമുക്കായി മാധ്യസ്ഥും വഹിക്കുന്നതിൽ നിന്ന് അവർ വിരമിക്കുന്നില്ല.( CCC 956)
വിശുദ്ധരുടെ ഐക്യത്തെകുറിച്ചു മതബോധന ഗ്രന്ഥം ഇങ്ങനെ പറയുന്നു:
"വിശുദ്ധരുമായുള്ള നമ്മുടെ സംസർഗം നമ്മെ ക്രിസ്തുവിനോടു ചേർക്കുന്നു. അവിടുന്നിൽ നിന്നാണ്, സ്രോതസ്സിൽ നിന്നും ശിരസ്സിൽ നിന്നും എന്ന പോലെ എല്ലാ കൃപാവരങ്ങളും ദൈവജനത്തിന്റെ ജീവൻ തന്നെയും പ്രവഹിക്കുന്നത്. ക്രിസ്തുവിനെ ദൈവത്തിന്റെ പുത്രൻ എന്ന നിലയിൽ നാം ആരാധിക്കുന്നു. കർത്താവിന്റെ ശിഷ്യന്മാരും ,അവിടുത്തെ അനുകരിക്കുന്നവരും എന്ന നിലയിൽ രക്തസാക്ഷികളെ അവർക്കു തങ്ങളുടെ രാജാവും നാഥനമായിരുന്നവനോട് ഉണ്ടായിരുന്ന അതുല്യമായ ഭക്തി മൂലം നാം സ്നേഹിക്കുന്നു. നമക്കും അവരുടെ കൂട്ടുകാരും സഹ ശിഷ്യന്മാരുമാകാം."(CCC957).
ആരാണ് വിശുദ്ധർ?
കത്തോലിക്കാ സഭയിൽ ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട ആയിരക്കണക്കിനു വിശുദ്ധരുണ്ട്. അവരെല്ലാം യേശുവിനെ അനുഗമിക്കുന്നതിനു സഭ നമുക്കു കാട്ടിത്തരുന്ന നല്ല മാതൃകളാണ്. വളരെ ദീർഘ കാലത്തെ പ്രാർത്ഥനയ്ക്കു പരിശോധനകൾക്കും ശേഷമാണ് സഭ അവരെ അനുകരിക്കാവുന്ന മാതൃകളും ശക്തരായ മാധ്യസ്ഥരുമായി വിശ്വസികൾക്കു നൽകിയിരിക്കുന്നത്.
ജീവിതത്തിന്റെ നാനാതുറകളിൽ പ്പെട്ടവരുടെ സംരക്ഷണത്തിനായി സഭ പ്രത്യേക വിശുദ്ധരെ സംരക്ഷകരും പരിപാലകരുമായി തന്നിരിക്കുന്നു. ഉദാഹരണത്തിനു വി. വീത്തൂസ് അമിത ഉറക്കം മൂലം ക്ലേശിക്കുന്നവരുടെയും വി. ജോസഫ് കുപർത്തീനോ വിമാനയാത്രക്കാരുടെയും മധ്യസ്ഥനാണ്. ഈ വിശുദ്ധർക്കെല്ലാം ആണ്ടു വട്ടത്തിൽ ഓരോ ദിനങ്ങൾ സഭ നിശ്ചയിച്ചട്ടുണ്ടെങ്കിലും നവംബർ ഒന്നിനു പുണ്യവാന്മാരുടെ ഐക്യം ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒന്നു ചേർന്നുള്ള ആഘോഷമായി സഭ കൊണ്ടാടുന്നു.
അല്പം ചരിത്രം
രണ്ടാം നൂറ്റാണ്ടു മുതൽ ക്രൈസ്തവർ വിശുദ്ധരെയും രക്തസാക്ഷികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നതായി തെളിവുകളുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എഴുതിയ പോളികാർപ്പിന്റെ രക്തസാക്ഷിത്വത്തിൽ ഈ വസ്തുത വ്യക്തമാണ്. പതിവുപോലെ, അതിനുശേഷം അവർ വലിയ മൂല്യമുള്ള സ്വർണ്ണത്തെക്കാൾ പരിശുദ്ധമായ അവന്റെ അസ്ഥികൾ ശേഖരിക്കുകയും ഏറ്റവും അനുയോജ്യമായ സ്ഥലത്തു സ്ഥാപിക്കുകയും ചെയ്തു അതുവഴി അവർ ഒന്നിച്ചു കൂടുമ്പോൾ അവന്റെ രക്തസാക്ഷിത്വം ഓർമ്മിക്കാനും അവനെ ഓർത്തു ആനന്ദിക്കുവാനും ശ്രദ്ധിച്ചിരുന്നു.
പൊതുവായി സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്നതിനെപ്പറ്റി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് വി. എപ്രേമാണ്. വി. ജോൺ ക്രിസോസ്തോം പൗര്യസ്ത സഭയിൽ പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ തുടങ്ങി , ആ പാരമ്പര്യം ഇന്നും പൗരസ്ത്യ സഭകളിൽ തുടരുന്നു.
ആരംഭത്തിൽ പാശ്ചാത്യ സഭയിലും സകല വിശുദ്ധരുടെ തിരുനാൾ പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച ആയിരുന്നു പിന്നീടു അതു മെയ് പതിമൂന്നിലേക്കു മാറ്റി. എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ പാപ്പയാണ് അതു നവംബർ ഒന്നായി നിശ്ചയിച്ചത്. ജർമ്മനിയിലാണ് നവംബർ ഒന്ന് സകല വിശുദ്ധരുടെയും തിരുനാളായി ആദ്യം ആഘോഷിച്ച പശ്ചാത്യ രാജ്യം.
സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷം വിഗ്രഹാരാധനയോ?
നിരവധി പ്രൊട്ടസ്റ്റന്റു പെന്തക്കോസ്തു സമൂഹങ്ങളും വിശുദ്ധരെ വണങ്ങുന്നതു വിഗ്രഹാരാധനയായി ചിത്രീകരിക്കുന്നു. അവർ പലപ്പോഴും സകല വിശുദ്ധരുടെയും തിരുനാൾ വിഗ്രഹാരാധന ദിനമായി വില കുറച്ചു കാണാറുണ്ട്. പാശ്ചാത്യ പൗരസ്ത്യ സഭകൾ ദൈവത്തിനു മാത്രം നൽകുന്ന ആരാധന ലാത്രിയും (latria), വിശുദ്ധർക്കു നൽകുന്ന വണക്കമായ ദൂളിയും (dulia) എപ്പോഴും വേർതിരിച്ചു പഠിപ്പിക്കുന്നുണ്ട്. സഭയിൽ ഏറ്റവും ശ്രേഷ്ഠമായ വണക്കം പരിശുദ്ധ കന്യകാമറിയത്തിനു നൽകുന്ന വണക്കമാണ് ഹൈപ്പർ ദൂളിയാ (hyperdulia) എന്നാണ് അത് അറിയപ്പെടുന്നത്. ദൈവത്തിനു കൊടുക്കേണ്ട ആരാധനയും സ്ഥാനവും വിശുദ്ധർക്കു നൽകിയാൽ അതു വിഗ്രഹാരാധനയാകും.
വിശുദ്ധർക്കു നമ്മുടെ ജീവിതങ്ങളിൽ സ്ഥാനമുണ്ടെന്നും അവർ നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കുമെന്നതും കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമാണ്. കാരണം നമ്മളെല്ലാവരും ക്രിസ്തുവുമായുള്ള ഐക്യത്തിൽ ഒന്നായിരിക്കുന്നു. ക്രിസ്തുവിനോടു അടുത്തിരിക്കുന്ന വിശുദ്ധർക്കു ഭൂമിയിൽ ജീവിക്കുന്ന നമുക്കു വേണ്ടി മധ്യസ്ഥത നടത്താൻ എളുപ്പം സാധിക്കും.വിശുദ്ധരെ ഓർമ്മിക്കുന്നതും അവരെ ബഹുമാനിക്കുന്നതും വിരോചിതമായ അവരുടെ വിശ്വാസത്തിന്റെ മാതൃക അനുകരിക്കുന്നതും വളരെ നല്ല കാര്യമാണ്.
2018 ഏപ്രിൽ ഒൻപതാം തീയതി ഫ്രാൻസീസ് പാപ്പ പ്രസദ്ധീകരിച്ച തന്റെ മൂന്നാമത്തെ അപ്പസ്തോലിക പ്രബോധനമായ Gaudete et exsultate ആനന്ദിച്ചാഹ്ലാദിക്കുവിൻ - (Rejoice and be Glad ) യിൽ വിശുദ്ധി സഭയുടെ ഏറ്റവും സുന്ദരമായ മുഖമാണന്നു പഠിപ്പിക്കുന്നു. ബാഹ്യ സൗന്ദര്യം മൂലമല്ല സഭ സുന്ദരിയാകുന്നത് മറിച്ചു സഭാംഗങ്ങളുടെ ആന്തരിക പരിശുദ്ധി മൂലമാണ്. ഈ വിശുദ്ധി സഭയിലുള്ള എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയും ചെയ്യുന്നു എന്നു പരിശുദ്ധ പിതാവു പഠിപ്പിക്കുന്നു. വിശുദ്ധിയിലേക്കു വളരാനും വിശുദ്ധരാകാനും ആഗ്രഹമുണ്ടായാൽ സകല വിശുദ്ധരുടെയും തിരുനാൾ ഓരോ വിശ്വാസിക്കും അർത്ഥവത്താകും.