Life In Christ - 2024
ദുരിതങ്ങള്‍ക്കിടയിലും സന്തോഷത്തില്‍ ജീവിച്ച് സാക്ഷ്യം വഹിച്ചവരാണ് വിശുദ്ധര്‍: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 02-11-2021 - Tuesday
വത്തിക്കാന്‍ സിറ്റി: അനേകം കഷ്ടപ്പാടുകൾക്കിടയിലും ദുരിതങ്ങള്‍ക്കിടയിലും സന്തോഷത്തില്‍ ജീവിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്തവരാണ് വിശുദ്ധരെന്ന് ഫ്രാന്‍സിസ് പാപ്പ. സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമായ ഇന്നലെ മധ്യാഹ്ന പ്രാർത്ഥനാമധ്യേ നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ക്രൈസ്തവ വിശ്വാസിയുടെ സന്തോഷം ഒരു നൈമിഷീക ശുഭാപ്തി വിശ്വാസത്തിന്റെ വികാരമല്ലായെന്നും ദൈവത്തിന്റെ സ്നേഹപൂർവ്വകമായ നോട്ടത്തിൽ അവനിൽ നിന്നു ലഭിക്കുന്ന ധൈര്യത്തോടും ശക്തിയോടുംകൂടി എല്ലാം അഭിമുഖീകരിക്കാൻ കഴിയുമെന്ന ഉറപ്പാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
അനേകം കഷ്ടപ്പാടുകൾക്കിടയിലും ഈ സന്തോഷം ജീവിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്തവരാണ് വിശുദ്ധർ. സന്തോഷം കൂടാതെയുള്ള വിശ്വാസം അടിച്ചമർത്തലിന്റെ കഠിനമായ ഒരു വ്യായാമം മാത്രമായി തീർന്ന് ദു:ഖവും രോഗവും പിടിപെടുന്ന ഒന്നായി മാറും. നമ്മൾ സന്തോഷമുള്ളവരും സന്തോഷം പകരുന്നവരുമായ ക്രൈസ്തവരാണോ അതോ കെട്ടടങ്ങിയ, ദു:ഖം തളം കെട്ടിയവരാണോയെന്ന് ആത്മശോധന ചെയ്യണമെന്നും പാപ്പ പറഞ്ഞു.
സമ്പത്തും, ശക്തിയും, യുവത്വവും, പ്രശസ്തിയും വിജയവുമുണ്ടെങ്കിൽ മാത്രമേ യഥാർത്ഥത്തിൽ സന്തോഷമനുഭവിക്കാൻ കഴിയൂ എന്ന് ലോകം പറയുന്നു. ഇത് തകിടം മറിച്ചു കൊണ്ട് ജീവന്റെ നിറവ് അവനെ അനുഗമിക്കുന്നതിലും അവന്റെ വചനങ്ങൾ പരിശീലിക്കുന്നതിലുമാണെന്ന് ഈശോ ഓര്‍മ്മപ്പെടുത്തുകയാണ്. ഇതിന്റെ അർത്ഥം ദൈവത്തിന് നമ്മുടെയുളളിൽ ഇടമുണ്ടാക്കാനായി സ്വയം ശൂന്യമാക്കുകയും ഉള്ളിൽ ദരിദ്രരായിരിക്കുകയും ചെയ്യുക എന്നതാണ്. സ്വയം ധനവാനും, വിജയിയും, സുരക്ഷിതരുമെന്നു ചിന്തിക്കുന്നവർ എല്ലാം തന്നിൽതന്നെ അടിസ്ഥാനമാക്കുകയും ദൈവത്തിനും സഹോദരർക്കുനേരെയും വാതിലടക്കുകയും ചെയ്യുന്നു.
മറിച്ച് ദരിദ്രരാണെന്നും സ്വയം പര്യാപ്തരല്ല എന്നുമറിയുന്നവർ ദൈവത്തോടും സഹോദരരോടും തുറവുള്ളവരായി തീരുന്നു. സന്തോഷം കണ്ടെത്തുന്നു. അതിനാൽ സുവിശേഷ സൗഭാഗ്യങ്ങൾ പുതിയ ഒരു മാനവീകതയുടെ പ്രവചനമാണ്; ഒരു പുതിയ ജീവിതരീതിയാണ്: അത് സ്വയം ചെറുതായി ദൈവത്തിൽ വിശ്വാസമർപ്പിക്കുകയെന്നാണ്; സ്വയം അടിച്ചേൽപ്പിക്കാതെ സൗമ്യരാവുക എന്നാണ്; തന്നെക്കുറിച്ച് മാത്രം ചിന്തിക്കാതെ കരുണ പരിശീലിക്കുകയാണ്; അനീതിയും അസമത്വവും വർദ്ധിപ്പിക്കാൻ ശ്രമിക്കാതെ, അതുമായി ഒത്താശ ചെയ്യാതെ നീതിക്കും സമാധാനത്തിനുമായി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ഫ്രാൻസിസ് പാപ്പ വിശദീകരിച്ചു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക