Seasonal Reflections - 2024

യൗസേപ്പിതാവിനോടു ശുദ്ധീകരണസ്ഥലത്തിലെ ഒരു ആത്മാവിനുവേണ്ടിയുള്ള പ്രാർത്ഥന

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 02-11-2021 - Tuesday

നവംബർ മാസം രണ്ടാം തീയതി കത്തോലിക്കാ സഭ സകല മരിച്ചവരുടെയും തിരുനാൾ ആഘോഷിക്കുന്നു. നൽമരണ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടു ശുദ്ധീകരണസ്ഥലത്തിലെ ഒരു ആത്മാവിനു വേണ്ടിയുള്ള പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. യൗസേപ്പിതാവിനോടുള്ള ഭക്തി ആധുനിക ലോകത്തിൽ പ്രചരിപ്പിക്കാൻ അക്ഷീണം പ്രയത്നിക്കുന്ന വൈദീകൻ ഫാ. ഡോണാൾഡ് കല്ലോവേയാണ് ഈ പ്രാർത്ഥനയുടെ രചിതാവ്.

ഈശോയോടും മറിയത്തോടുമൊപ്പം സ്വർഗ്ഗത്തിൽ ഭരണം നടത്തുന്ന വിശുദ്ധ യൗസേപ്പിതാവേ, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടി നീ മാദ്ധ്യസ്ഥം വഹിക്കണമേ. ഇന്നു പ്രത്യേകമായി ശുദ്ധീകരണസ്ഥലത്തിൽ ആരാരും പ്രാർത്ഥിക്കാനില്ലാത്ത ഒരു ആത്മാവിലേക്ക് നിൻ്റെ ദിവ്യ ദൃഷ്ടി പായിക്കണമേ. നല്ലവനായ പിതാവേ, ഈ ആത്മാവ് ദൈവത്തിൻ്റെ തിരുമുഖം ദർശിക്കാൻ അതിയായി ആഗ്രഹിക്കുന്നു. ഇന്നേ ദിവസം സ്വർഗ്ഗത്തിൻ്റെ മഹത്വത്തിലേക്ക് ഈ ആത്മാവിനെ എടുക്കുവാൻ നീ പരിശുദ്ധ ത്രിത്വത്തോട് പറയണമേ. വിശുദ്ധ യൗസേപ്പിതാവേ, എൻ്റെ മരണ നേരത്തു നീ എന്നെ ഓർമ്മിക്കണമേ. ശുദ്ധീകരണസ്ഥലത്തു നിന്നു കാലതാമസമില്ലാതെ എനിക്കു വിമോചനം തരണമേ എന്നു ഞാൻ യാചിക്കുന്നു, അതുവഴി നിന്നെയും ഈശോയെയും മറിയത്തെയും മുഖാഭിമുഖം കാണാൻ എനിക്കു സാധിക്കട്ടെ. ആമ്മേൻ


Related Articles »