News

അൽക്വയ്ദ ഭീകരാക്രമണത്തിൽ തകര്‍ന്ന ന്യൂയോര്‍ക്കിലെ സെന്റ് നിക്കോളാസ് ദേവാലയം കൂദാശ ചെയ്തു

പ്രവാചകശബ്ദം 06-11-2021 - Saturday

ന്യൂയോർക്ക്: ഇസ്ലാമിക ഭീകരസംഘടനയായ അൽക്വയ്ദ നടത്തിയ ഭീകരാക്രമണത്തിൽ ‘വേൾഡ് ട്രേഡ് സെന്ററി’നൊപ്പം തകര്‍ന്നു വീണ സെന്റ് നിക്കോളാസ് ഗ്രീക്ക് ഓർത്തഡോക്‌സ് ദേവാലയം വീണ്ടും കൂദാശ ചെയ്തു. നിർമാണം പൂർത്തിയായിട്ടില്ലെങ്കിലും പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ യു.എസ് പര്യടനത്തിന് എത്തിയ സാഹചര്യത്തിൽ ദേവാലയ കൂദാശാകർമം ക്രമീകരിക്കുകയായിരുന്നു. ശേഷിക്കുന്ന പണികൾകൂടി പൂർത്തിയാക്കിയ ശേഷമാകും ദേവാലയത്തില്‍ ശുശ്രൂഷകള്‍ ആരംഭിക്കുക. വേൾഡ് ട്രേഡ് സെന്റർ മെമ്മോറിയൽ പ്ലാസയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ദേവാലയം ഇരുപതു വർഷത്തിന് ശേഷമാണ് നവീകരണത്തിന്റെ അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

ദേവാലയ കൂദാശ കര്‍മ്മത്തില്‍ ബർത്തലോമിയോ ഒന്നാമൻ സന്ദേശം നല്‍കി. വിശ്വാസത്താലും ഭക്തിയാലും അസാധാരണമായ അധ്വാനത്താലും ഉയിർത്തെഴുന്നേറ്റ വിശുദ്ധ ദേവാലയത്തിന് മുമ്പാകെയാണ് നാം ഇവിടെ നില്‍ക്കുന്നതെന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ രക്ഷാകരമായ സുവിശേഷമായ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും വെളിച്ചമായി സെന്റ് നിക്കോളാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയും ദേവാലയവും ഈ ന്യൂയോർക്ക് നഗരത്തിലും ലോകമെമ്പാടും ക്രിസ്തുവിന്റെ പ്രകാശം നിത്യമായി പ്രകാശിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പാത്രിയാർക്കീസിന്റെ നേതൃത്വത്തിൽ, കുരിശും തിരികളുമേന്തി വൈദികരും വിശ്വാസികളും അണിചേർന്ന പ്രദിക്ഷണത്തോടെയായിരുന്നു തിരുക്കർമ്മങ്ങള്‍ ആരംഭിച്ചത്. തീവ്രവാദ ആക്രമണത്തിൽ തകരാകാതെ നിലകൊണ്ട പരിശുദ്ധ മാതാവിന്റെ രൂപവും, ദേവാലയ മണിയും പാത്രിയാർക്കീസ് വെഞ്ചരിച്ച് പുതിയ ദേവാലയത്തിൽ പുനഃപ്രതിഷ്ഠിച്ചു. ചൊവ്വാഴ്ചത്തെ ചടങ്ങ് ബർത്തലോമിയോ ഒന്നാമൻ സിംഹാസനസ്ഥനായതിന്റെ 30-ാം വാർഷികം അടയാളപ്പെടുത്തുന്നതായിരിന്നു. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് പദവിയില്‍ ഇത് റെക്കോര്‍ഡ് കാലയളവാണ്. ചടങ്ങില്‍ ദുരന്തത്തില്‍ മരണപ്പെട്ടവരെയും പ്രത്യേകമായി അനുസ്മരിച്ചിരിന്നു.

2001 സെപ്റ്റംബർ പതിനൊന്നിനാണ് അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഇസ്ളാമിക ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു കളഞ്ഞത്. ആക്രമണത്തില്‍ വേൾഡ് ട്രേഡ് സെന്ററിന് സമീപം സ്ഥിതിചെയ്ത സെന്റ് നിക്കോളാസ് ദേവാലയവും നിലം പതിച്ചു. ‘ഗ്രൗണ്ട് സീറോ’ എന്ന പേരിൽ പിന്നീട് പ്രസിദ്ധമായ ആ ദുരന്തഭൂമി ലോകത്തിന് മൊത്തം നൊമ്പരമായി മാറിയിരിന്നു. ആക്രമണത്തിൽ 2977 പേരാണ് കൊല്ലപ്പെട്ടത്, ആറായിരത്തിൽപ്പരം പേർക്ക് പരിക്കേറ്റു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »