News - 2025

ബെത്ലഹേമില്‍ ഗ്വാഡലൂപ്പ ചാപ്പല്‍ കൂദാശ ചെയ്തു

പ്രവാചകശബ്ദം 06-04-2025 - Sunday

ബെത്ലഹേം: പാലസ്തീനിലെ ബെത്ലഹേമില്‍ ഷെപ്പേർഡ്‌സ് ഫീൽഡിൽ ഗ്വാഡലൂപ്പിലെ ദൈവമാതാവിന്റെ കന്യകയ്ക്ക് സമർപ്പിച്ചിരിക്കുന്ന തുറന്ന ചാപ്പല്‍ കൂദാശ ചെയ്തു. ടോളിഡോ ആർച്ച് ബിഷപ്പും സ്പാനിഷ് സഭയുടെ അധ്യക്ഷനുമായ മോൺ. ഫ്രാൻസിസ്കോ സെറോ ചാവേസാണ് ചാപ്പല്‍ കൂദാശ ചെയ്തത്. ബിഷപ്പ് സെറോ ചാവേസിനെ കൂടാതെ വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ പാറ്റൺ ഉള്‍പ്പെടെയുള്ള വൈദികരും നിരവധി തീര്‍ത്ഥാടകരും ചടങ്ങില്‍ പങ്കെടുത്തു. ഗ്വാഡലൂപ്പിലെ കന്യകയുടെ സെറാമിക് ചുവർചിത്രം ചടങ്ങിനിടെ ആശീര്‍വദിച്ചു.

ടോളിഡോയിലെയും മെറിഡ-ബഡാജോസ്, കൊറിയ-കാസെറസ്, പ്ലാസെൻസിയ എന്നീ രൂപതകളിലെയും വിശ്വാസികളും സ്പെയിനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് സ്ഥാപനങ്ങളും ഇതിന്റെ നിർമ്മാണത്തിന് സംഭാവനകൾ നൽകിയിരിന്നു. ബെത്‌ലഹേമിലെ ബസിലിക്കയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ബെയ്റ്റ് സഹൂരിലെ ഇടയന്മാരുടെ വയൽ നിലനിന്നിരിന്ന സ്ഥലത്താണ് ചെറുചാപ്പല്‍. ഏപ്രിൽ 4 മുതൽ വിശുദ്ധ നാട്ടില്‍ ആരംഭിച്ച സ്പാനിഷ് തീര്‍ത്ഥാടകരുടെ തീര്‍ത്ഥാടനത്തിന്റെ ഭാഗമായാണ് ടോളിഡോ ആർച്ച് ബിഷപ്പും നേരിട്ടെത്തിയത്.



അഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരണാതീതവുമായ നിരവധി പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.




Related Articles »