News - 2025
ഐഎസ് തീവ്രവാദികള്‍ തകര്‍ത്ത മൊസൂളിലെ ആശ്രമദേവാലയം യുഎസ് സഹായത്തോടെ പുനരുദ്ധരിച്ചു: സമര്‍പ്പണം നവംബര്‍ അവസാനം
പ്രവാചകശബ്ദം 13-11-2021 - Saturday
മൊസൂള്‍: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്ത നാശനഷ്ടം വരുത്തിയ മാര്‍ കൊര്‍ക്കിസ് ആശ്രമത്തിലെ പ്രധാന ദേവാലയം അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെ പുനരുദ്ധരിച്ചു. നവംബര്‍ അവസാനമാണ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കല്‍ദായ വിശുദ്ധ സെന്റ് ഓര്‍മിസ്‌ദായുടെ സന്യാസ സമൂഹമാണ് മേല്‍നോട്ടം വഹിച്ചത്. പെന്നിസില്‍വാനിയ സര്‍വ്വകലാശാലയുടെ ഹെറിറ്റേജ് ആന്‍ഡ് സിവിലൈസേഷന്‍ വിഭാഗം വടക്കന്‍ ഇറാഖില്‍ നടത്തുന്ന ദേവാലയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ ദേവാലയത്തിന്റേയും പുനരുദ്ധാരണം നടത്തിയത്.
നഗര കേന്ദ്രത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മൊസൂള്‍-ദോഹുക് റോഡില്‍ ടൈഗ്രിസ് നദിയുടെ വലത് വശത്തായിട്ടാണ് മാര്‍ കൊര്‍ക്കിസ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ക്രിസ്തുവിന് ശേഷം പത്താം നൂറ്റാണ്ടിലാണ് ഈ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതെന്നാണ് ചരിത്ര രേഖകളില്‍ നിന്നും ലഭിക്കുന്ന വിവരം. 2015 മാര്‍ച്ചില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ദേവാലയത്തിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിരിന്നു. ദേവാലയത്തിന്റെ മുഖവാരത്തിനും, താഴികക്കുടത്തിനുമാണ് തീവ്രവാദികള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയിരിന്നത്. ദേവാലയത്തിന്റെ മകുടത്തിലും മേല്‍ക്കൂരയിലും ഉണ്ടായിരുന്ന കുരിശുകള്‍ 2014 ഡിസംബറില്‍ തീവ്രവാദികള്‍ വേരോടെ പിഴുത് കളഞ്ഞിരിന്നു.
ഇറാന്‍ - ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ട നിരവധി ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്ന ദേവാലയ സെമിത്തേരിയും തീവ്രവാദികള്‍ വെറുതെ വിട്ടില്ല. സെമിത്തേരി തകര്‍ക്കുന്ന ഫോട്ടോകളും ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരിന്നു. അധിനിവേശ കാലത്ത് മറ്റൊരു ആശ്രമമായിരുന്ന സെന്റ് ജോര്‍ജ്ജ് ആശ്രമം ഒരു തടവ് കേന്ദ്രമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. 2014 ഡിസംബറില്‍ തടവുകാരെ കൈകളും കണ്ണും കെട്ടിയ നിലയില്‍ ഇവിടേക്ക് മാറ്റുകയുണ്ടായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ എതിരാളികളായ സുന്നി ഗോത്ര മുഖ്യന്‍മാരും, ബാദുഷ് ജെയിലില്‍ തടവിലായിരുന്ന മുന്‍ സുരക്ഷാസേനാ അംഗങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിന്നു. എഞ്ചിനീയര്‍മാരേയും, ആര്‍ക്കിടെക്റ്റുകളേയും, പ്രാദേശിക തൊഴിലാളികളേയും പങ്കെടുപ്പിച്ചുകൊണ്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക